'മത തീവ്ര ഫത്‌വകൾക്കെതിരേ' എസ്എഫ്ഐ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു

ഡാൻസ് നടത്തിയ പെൺകുട്ടികൾക്കെതിരെ ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ളവർ ആക്ഷേപ കമന്റുകളുമായി രംഗത്തു വന്നിരുന്നല്ലോ എന്ന് സൂചിപ്പിച്ചപ്പോൾ എല്ലാത്തരം സദാചാരത്തെയും തങ്ങൾ എതിർക്കുന്നുവെന്നായിരുന്നു ജെയ്ക്കിന്റെ മറുപടി.

മത തീവ്ര ഫത്‌വകൾക്കെതിരേ എസ്എഫ്ഐ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു

മലപ്പുറം ടൗണിൽ മുസ്ലിം പെൺകുട്ടികൾ ഫ്ലാഷ് മോബ് നടത്തിയത് വിവാദമായ പശ്ചാത്തലത്തിൽ എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു. 'മത തീവ്ര ഫത്‌വകൾക്കു മറുപടി മാനവികതയാണ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്.

മലപ്പുറത്ത് ഹിജാബ് ധരിച്ച പെൺകുട്ടികൾ ഫ്ലാഷ് മോബ് നടത്തിയ അതേസ്ഥലത്തു തന്നെയായിരിക്കും ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയെന്നും ബാക്കി ഉള്ള സ്ഥലങ്ങളിൽ അതാതു ജില്ലാ കേന്ദ്രങ്ങളിലായിരിക്കും പരിപാടിയെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നാരദാ ന്യൂസിനോട് പറഞ്ഞു.

ഡാൻസ് നടത്തിയ പെൺകുട്ടികൾക്കെതിരെ ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെയുള്ളവർ ആക്ഷേപ കമന്റുകളുമായി രംഗത്തു വന്നിരുന്നല്ലോ എന്ന് സൂചിപ്പിച്ചപ്പോൾ എല്ലാത്തരം സദാചാരത്തെയും തങ്ങൾ എതിർക്കുന്നുവെന്നായിരുന്നു ജെയ്ക്കിന്റെ മറുപടി. മതത്തിന്റെ തീവ്രമായ, മൗലികമായ ഘടകങ്ങളെ അസ്വസ്ഥമാക്കിയിരിക്കുന്നത് തട്ടം ഇട്ട കുട്ടികൾ ഡാൻസ് കളിച്ചത് കൊണ്ടാണെന്നാണ് തനിക്കു തോന്നുന്നതെന്നും അതിനാൽ തട്ടമിട്ട കുട്ടികളും അല്ലാത്തവരും തങ്ങളുടെ ഫ്‌ളാഷ് മോബിൽ ഉണ്ടാകുമെന്നും ജെയ്ക് പറഞ്ഞു.

അതേസമയം, മുൻകൂട്ടി തീയതിയും സമയവും അറിയിച്ച് ഫ്ലാഷ് മോബ് നടത്തുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ എസ്എഫ്ഐക്കെതിരേ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. ഡോ. ഹാദിയയെ തടങ്കലിൽ ഇട്ടപ്പോഴും തൃപ്പൂണിത്തുറയിലെ ഘർവാപ്പസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവന്നപ്പോഴുമൊന്നും പരസ്യപ്രതികരണത്തിനോ പ്രതിഷേധത്തിനോ തയ്യാറാകാതിരുന്ന എസ്എഫ്ഐ, ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നതിനെതിരേയും വിമർശനം ഉയർന്നിട്ടുണ്ട്. ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികൾക്കെതിരേ മുസ്ലിം മതപണ്ഡിതന്മാരൊന്നും ഫത്‌വ ഇറക്കാത്ത പശ്ചാത്തലത്തിൽ ഫത്വ എന്ന് ആരോപിച്ച് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നതിനും വിമർശനം ഉയർന്നിട്ടുണ്ട്.

Read More >>