രക്ഷകനായി ആദില്‍; സ്‌കൂള്‍ വാഹനത്തെ അപകടത്തില്‍നിന്നു കരകയറ്റിയ ഏഴാംക്ലാസുകാരന്‍

കുട്ടികളുടെ കൂട്ടക്കരച്ചിലും നിലവിളിയും കേട്ട് തിരിഞ്ഞുനോക്കിയ നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരുന്നു. നിറയെ വിദ്യാര്‍ത്ഥികളുമായി ഡ്രൈവറില്ലാത്ത ഒരു സ്‌കൂള്‍ ബസ് അതിവേഗം പിന്നിലേക്ക് നീങ്ങുന്നതാണ് അവര്‍ കണ്ടത്. ആത്മധൈര്യം കൈവിടാതെ ആദില്‍ നടത്തിയ ഇടപെടലാണ് ഏവര്‍ക്കും തുണയായത്.

രക്ഷകനായി ആദില്‍; സ്‌കൂള്‍ വാഹനത്തെ അപകടത്തില്‍നിന്നു കരകയറ്റിയ ഏഴാംക്ലാസുകാരന്‍

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് അപായമുണ്ടാകുന്നതുമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുമായിപ്പോയ സ്‌കൂള്‍ബസ് അപകടത്തിലേക്ക് നീങ്ങിയപ്പോള്‍ സധൈര്യം ഇടപെട്ട് രക്ഷയേകിയ ഒരു കൊച്ചുമിടുക്കനുണ്ട് കണ്ണൂരില്‍. പെരിങ്ങത്തൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരന്‍ ആദിലാണ് ആ മിടുക്കന്‍.

കടവത്തൂര്‍ വെസ്റ്റ് യുപി സ്‌കൂളിലെ പത്തൊമ്പത് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞദിവസം അപകടത്തെ മുഖാമുഖം കണ്ടത്. കുട്ടികളുടെ കൂട്ടക്കരച്ചിലും നിലവിളിയും കേട്ട് തിരിഞ്ഞുനോക്കിയ നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരുന്നു. നിറയെ വിദ്യാര്‍ത്ഥികളുമായി ഡ്രൈവറില്ലാത്ത ഒരു സ്‌കൂള്‍ ബസ് അതിവേഗം പിന്നിലേക്ക് നീങ്ങുന്നതാണ് അവര്‍ കണ്ടത്. അപകമുണ്ടാകുമെന്ന് ഏവരും ഭയന്ന നിമിഷത്തിലായിരുന്നു ആദിലിന്റെ ഇടപെടൽ.


വിദ്യാര്‍ത്ഥികളുമായി വരുംവഴി കരിയാട് ടൗണിലെത്തിയപ്പോള്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ സമീപത്തെ കടയിലേക്ക് പോയി. ഈ സമയത്ത് ബസ് അതിവേഗം പിന്നോട്ട് നീങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓടിയടുത്തെങ്കിലും ഒന്നും ചെയ്യാനായില്ല. അപകടമുണ്ടാകുമെന്ന് ഏവരുമുറപ്പിച്ച ഘട്ടത്തിലാണ് പിന്നിലെ സീറ്റിലിരുന്ന ആദില്‍ മുന്നിലേക്ക് കുതിച്ചെത്തി ബ്രേക്കില്‍ കാലമര്‍ത്തിയത്. വാഹനം നിന്നതോടെ ഡ്രൈവര്‍ എത്തി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു.

സംഭവത്തിനുശേഷം സ്‌കൂളിലെത്തിയ ആദിലിന് കൂട്ടുകാര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ആദിലിന് കൈകൊടുത്തും എടുത്തുയര്‍ത്തിയും സഹപാഠികള്‍ അഭിനന്ദനമര്‍പ്പിച്ചു. സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ ഈ കൊച്ചുമിടുക്കനെ അനുമോദിക്കുകയും ചെയ്തു. വിവിധകോണുകളില്‍ നിന്നായി ആദിലിനുള്ള അഭിനന്ദനപ്രവാഹം തുടരുകയാണ്. പെരിങ്ങത്തൂര്‍ അണിയാരത്ത് കല്ലുങ്കല്‍ റഷീദിന്റെയും റബീബയുടെയും മകനാണ് ആദില്‍.

Read More >>