ഉരുളയ്ക്കുപ്പേരി പോലെ ഇരുപക്ഷത്തിന്റേയും വാദപ്രതിവാദങ്ങൾ; ഒടുവിൽ വിജയം സെൻകുമാറിന്റെ കോർട്ടിൽ

സെൻകുമാറിന്റെ ഹരജിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നടത്തിയ വാദങ്ങളെല്ലാം തൃണവിലയോടെയാണ് കോടതി തള്ളിയത്. ഉരുളയ്ക്കുപ്പേരി കണക്കുള്ള വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിജയം സെൻകുമാറിന്റെ കോർട്ടിൽ വീണത്. നിരവധി വാദമുഖങ്ങൾക്കാണ് ഈ കേസിൽ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. കൂടാതെ, സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയ സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഒടുവിൽ സർക്കാർ വാദ​ങ്ങളെയെല്ലാം ചവറ്റുകൊട്ടയിൽ തള്ളി സുപ്രീംകോടതി സെൻകുമാറിനു പച്ചക്കൊടി കാണിക്കുകയായിരുന്നു. കോടതി, ട്രൈബ്യൂണൽ, ഡിപ്പാർട്ട്മെന്റൽ ഏജൻസി എന്നിവകൾക്കു മുന്നിൽ സെൻകുമാറിനെതിരായി കേസുകളില്ല. ഇതും സെൻകുമാറിന് അനുകൂലവിധിയുണ്ടാവാൻ കാരണമായി.

ഉരുളയ്ക്കുപ്പേരി പോലെ ഇരുപക്ഷത്തിന്റേയും വാദപ്രതിവാദങ്ങൾ; ഒടുവിൽ വിജയം സെൻകുമാറിന്റെ കോർട്ടിൽ

ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയത് ചോദ്യം ചെയ്ത് ടി പി സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിന്മേലുള്ള വിധി പിണറായി സർക്കാരിനെ ക്രൂശിച്ചുകൊണ്ടുള്ളതായിരുന്നു. സെൻകുമാറിന്റെ ഹരജിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നടത്തിയ വാദങ്ങളെല്ലാം തൃണവിലയോടെയാണ് കോടതി തള്ളിയത്. ഉരുളയ്ക്കുപ്പേരി കണക്കുള്ള വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിജയം സെൻകുമാറിന്റെ കോർട്ടിൽ വീണത്.

അഭിഭാഷകരായ ദുഷ്യന്ത് ദാവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമായിരുന്നു സെൻകുമാറിനു വേണ്ടി ​ഗോദയിലിറങ്ങിയവർ. ഹരീഷ് സാൽവെയും ജി പ്രകാശുമായിരുന്നു സർക്കാരിന്റെ നാവുകൾ.

സെൻകുമാറിനെ മാറ്റിയ നടപടി നിലവിലുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാർ പക്ഷത്തിന്റെ പ്രധാന വാദം. കൂടാതെ, കേരളാ പൊലീസ് ആക്ടിലെ 97 (2) (e) ഏകപക്ഷീയവും സ്വേച്ഛാപരവും, വിവേചനപരവും ആണെന്നും ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഈ വകുപ്പ് റദ്ദാക്കണം എന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചു. സുപ്രീം കോടതി Prakash Singh V Union of India (2006) കേസിൽ പുറപ്പെടുവിച്ച മാർ​ഗനിർദേശങ്ങളുടെ അന്തഃസത്തക്കു യോജിക്കുന്നതല്ല കേരള പൊലീസ് ആക്ടിലെ 97 (2) (e) വകുപ്പ് എന്നും സെൻകുമാറിനു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

ഈ വകുപ്പിന്റെ ഭരണഘടനാ സാധുത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹരജിയിൽ സെൻകുമാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസ് വാദിച്ചപ്പോൾ ഇക്കാര്യം ഉന്നയിച്ചില്ല എന്ന വാദമുയർത്തിയാണ് സെൻകുമാർ പക്ഷത്തെ സർക്കാർ നേരിട്ടത്. ഹൈക്കോടതിയിലും ഈ വാദം സെൻകുമാർ ഉന്നയിച്ചില്ലെന്നും സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സെൻകുമാറിന് ഈ ആക്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്.

കേരള പോലീസ് ആക്ടിലെ 97 (2)(e) യിലെ ഏതെങ്കിലും ഭാഗം മാത്രം അടർത്തിയെടുത്ത് റദ്ദാക്കുന്നത് ശരിയല്ലെന്നു സർക്കാർ വാദിച്ചപ്പോൾ കേരള പോലീസ് ആക്ടിലെ 118 (d) അനുച്ഛേദം ഭരണഘടനാ വിരുദ്ധം ആണെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു സെൻകുമാറിന്റെ അഭിഭാഷകൻ പ്രതിരോധിച്ചത്.

2006 ലെ Prakash Singh V Union of India (2006) കേസിലെ സുപ്രീംകോടതി ഉത്തരവ് പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സേനയിലെ ബാഹ്യ ഇടപെടൽ അവസാനിപ്പിക്കാനുമായി ക്രമസമാധാനം ഉൾപ്പെടെ ഉള്ള സുപ്രധാന പദവികളിൽ രണ്ടു വർഷത്തെ നിശ്ചിത സേവന കാലാവധി നൽകണം എന്നാണ്. ഇതുപ്രകാരം 2011 ൽ കേരള നിയമസഭാ നിയമം പാസാക്കി. ചുരുങ്ങിയത് രണ്ടു വർഷത്തെ സേവന കാലാവധി സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിക്കണമെന്നാണ് ആ നിയമത്തിലെ 97 (1) വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ വിരമിക്കുക, സ്ഥാനക്കയറ്റം ലഭിക്കുക, അവധിയിൽ പ്രവേശിക്കുക, സസ്‌പെൻഷൻ നേരിടുക തുടങ്ങിയവ നേരിടുന്നവർക്ക് രണ്ടു വർഷത്തെ നിശ്ചിത സേവന കാലാവധിക്ക് അർഹത ഉണ്ടാകില്ല. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലാത്തതിനാൽ രണ്ടു വർഷം ഡിജിപി പദവിയിൽ തുടരാൻ അർഹത ഉണ്ടെന്നായിരുന്നു സെൻകുമാറിന്റെ വാദം.

എന്നാൽ 1974 ലെ E P Royappa V State of Tamil Nadu and Others കേസിൽ സുപ്രീം കോടതിയുടെ അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയോട് യോജിച്ചു പോകുന്നതല്ല പ്രകാശ് സിങ് കേസിലെ വിധി എന്നായിരുന്നു സർക്കാരിന്റെ എതിർ അമ്പ്. എന്നാൽ, പ്രകാശ് സിങ് കേസ് വിധി റോയപ്പ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയോട് യോജിച്ചു പോകുന്നതല്ല എങ്കിൽ അക്കാര്യം 2011 ൽ നിയമം പാസ്സാക്കുമ്പോൾ സർക്കാർ പരിഗണിക്കണമെന്നായിരുന്നു സെൻകുമാറിന്റെ മറുപടി. ഇതോടെ, ഇരുപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ കനത്തു.

റോയപ്പ കേസിലെ വിധി ഐഎഎസ്, ഐപിഎസ് തുടങ്ങി എല്ലാ സർവീസുകളിലെയും ഉന്നത ബ്യുറോക്രാറ്റുകളെ ബാധിക്കുന്നതാണ് എന്ന് സെൻകുമാറിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ പ്രകാശ് സിങ് കേസിലെ വിധി പൊലീസ് സേനയ്ക്കു മാത്രം ബാധകം ആണ്. അതിനാൽ പ്രകാശ് സിങ് കേസിലെ ഉത്തരവ് ആകണം ഈ ഹരജി തീർപ്പാക്കാൻ കോടതി പരിഗണിക്കേണ്ടതെന്നും സെൻകുമാർ പക്ഷം വാദിച്ചു.

ഈ സമയം അടുത്ത വാദവുമായി സർക്കാർ അഭിഭാഷകൻ രം​ഗത്തെത്തിയിരുന്നു. ഐപിഎസ് കേഡർ റൂൾസ്സ് 2014ൽ ഒരു വിജ്ഞാപനത്തിലൂടെ സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതു പ്രകാരം സംസ്ഥാന പൊലീസ് മേധാവികൾക്ക് ഒരു പദവിയിൽ രണ്ടു വർഷത്തെ നിശ്ചിത കാലാവധി ഉണ്ടാകണം. എന്നാൽ ഈ ഭേദഗതി നിലവിൽ സ്റ്റേ ചെയ്തിരിക്കുന്നതിനാൽ സെൻകുമാറിന് അത് ബാധകമല്ലെന്ന് സർക്കാർ മറുവാദം ഉന്നയിച്ചു. ജൂൺ 30നാണ് സെൻകുമാർ സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. സ്ഥാനമാറ്റം സുപ്രീം കോടതി റദ്ദാക്കിയാൽ ഡിജിപി പദവിയിൽ നഷ്ടപ്പെട്ട കാലാവധി സർവ്വീസിൽ നീട്ടി നൽകണമെന്നും ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

മാത്രമല്ല, ജിഷ, പുറ്റിങ്ങൽ വെട്ടിക്കെട്ട് ദുരന്തം ‌കേസുകളിൽ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനാലാണ് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ നീക്കിയതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഈ കേസുകൾ മാത്രം പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസുകളിൽ പൊലീസ് സേനയിലെ കീഴുദ്യോ​ഗസ്ഥർക്കു സംഭവിച്ച വീഴ്ചക്ക് പാെലീസ് മേധാവി എന്ന നിലയിൽ സെൻകുമാർ നേരിട്ട് ഉത്തരവാദിയാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരത്തിൽ നിരവധി വാദമുഖങ്ങൾക്കാണ് ഈ കേസിൽ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. കൂടാതെ, സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയ സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഒടുവിൽ സർക്കാർ വാദ​ങ്ങളെയെല്ലാം ചവറ്റുകൊട്ടയിൽ തള്ളി സുപ്രീംകോടതി സെൻകുമാറിനു പച്ചക്കൊടി കാണിക്കുകയായിരുന്നു. കോടതി, ട്രൈബ്യൂണൽ, ഡിപ്പാർട്ട്മെന്റൽ ഏജൻസി എന്നിവകൾക്കു മുന്നിൽ സെൻകുമാറിനെതിരായി കേസുകളില്ല. ഇതും സെൻകുമാറിന് അനുകൂലവിധിയുണ്ടാവാൻ കാരണമായി.

Read More >>