മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റിലെ പിജി പഠന ഫീസ് കുത്തനെ കൂട്ടി

ഫീസ് വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ടു സര്‍ക്കാര്‍ ഫീസ് വര്‍ദ്ധനയ്ക്കു നിര്‍ബന്ധിതമായിരിക്കുയാണെന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റിലെ പിജി പഠന ഫീസ് കുത്തനെ കൂട്ടി

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും സര്‍ക്കാര്‍ സീറ്റിലെ പിജി പഠന ഫീസ് കുത്തനെ കൂട്ടി. ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലേതിനു സമാനമായാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വാശ്രയകോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ മുമ്പ് ആറര ലക്ഷം രൂപയായിരുന്ന ഫീസ് ഇരട്ടിയിലേറെയായിട്ടണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഫീസ് വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ടു സര്‍ക്കാര്‍ ഫീസ് വര്‍ദ്ധനയ്ക്കു നിര്‍ബന്ധിതമായിരിക്കുയാണെന്നും അവര്‍ പറഞ്ഞു.

സ്വാശ്രയകോളേജുകളിലെല്ലാം പിജി ഫീസ് 14 ലക്ഷം രൂപയായിട്ടാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഫീസ് വര്‍ധനയെത്തുടര്‍ന്നു കഴിഞ്ഞ ദിവസം കെ കെ ശൈലജയെ വിദ്യാര്‍ത്ഥി സംഘടനകള്‍ കരിങ്കൊടി കാണിച്ചിരുന്നു.

പുതുക്കിയ ഫീസ് നിരക്ക് അനുസരിച്ചു പിജി ഡിപ്ലോമ ക്ലിനിക്കല്‍ കോഴ്സുകളില്‍ പുതിയ ഫീസ് 10.5 ലക്ഷം രൂപയാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലെ ഫീസ് 18.5 ലക്ഷവും എന്‍ആര്‍ഐ സീറ്റുകളില്‍ 35 ലക്ഷവും ആണു പുതിയ ഫീസ്.

കഴിഞ്ഞ ദിവസം ക്രിസ്തീയ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഫീസ് 14 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തീരുമാനത്തിനു പിന്നാലെ മറ്റു സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ പ്രതിഷേധവുമായി മുന്‍പോട്ടു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ കോളേജുകളിലും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

മെഡിക്കല്‍ പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജന്‍ ബാബു കമ്മീഷനാണ് ഫീസ് നിശ്ചയിച്ചത്. പിജി സീറ്റുകളുടെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിന് ആനുപാതികമായി എംബിബിഎസ് ഫീസും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനു സര്‍ക്കാര്‍ വഴങ്ങേണ്ടിവരുമെന്നാണു സൂചനകള്‍.