സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍; കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കോളേജുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപനം

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് നാളെ കോളേജുകള്‍ അടച്ചിടാനുള്ള സ്വാശ്രയ മാനേജ്‌മെന്റുകളുടെ തീരുമാനം. അതേസമയം കൃഷ്ണദാസിനെ അറസ്റ്റ് ചെയത നടപടികളില്‍ ഹൈക്കോടതി ഇന്നും അതൃപ്തി പ്രകടിപ്പിച്ചു.

സര്‍ക്കാരിനെ വെല്ലുവിളിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍; കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കോളേജുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപനം

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെയുള്ള പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ അടച്ചിടാന്‍ തീരുമാനം. സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളാണ് സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴും കോളേജുകള്‍ അടച്ചിട്ട് മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു.

ലക്കിടി നെഹ്‌റു ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി കൃഷ്ണദാസടക്കം അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. നിയമോപദേശക സുചിത്ര, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പിആര്‍ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റ് നടപടികളില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമായിരുന്നു പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചു.

ഇന്നലെയും കൃഷ്ണദാസിന്റെ അറസ്റ്റിനെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബെഞ്ച് വിമര്‍ശിച്ചത്. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും വിഡ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമെന്നും വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ലെന്നുമുളള നിരീക്ഷണങ്ങളും കോടതിയില്‍ നിന്നുമുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നും പൊലീസിനോടുളള അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചത്.

Read More >>