ചിത്രലേഖ ലോകത്തിന്റെ സ്‌ക്രീനിലേയ്ക്ക്; ഫ്രാസര്‍ സ്കോട്ടിന്റെ തിരക്കഥയില്‍ ദളിത് ഓട്ടോ ജീവിതം സിനിമയാകും

സിപിഐഎമ്മിനോട് നിരന്തരം പോരാടുന്ന ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നു. കണ്ണൂരിലെത്തി തിരക്കഥാകൃത്ത് ഫ്രാസര്‍ സ്‌കോട്ട് ചിത്രലേഖയെ നേരില്‍ കണ്ടു.

ചിത്രലേഖ ലോകത്തിന്റെ സ്‌ക്രീനിലേയ്ക്ക്; ഫ്രാസര്‍ സ്കോട്ടിന്റെ തിരക്കഥയില്‍ ദളിത് ഓട്ടോ ജീവിതം സിനിമയാകും

ചിത്രലേഖയെന്ന ദളിത് ഓട്ടോറിക്ഷാ ഡ്രൈവറെ കേരളം അറിയുന്നത് അവര്‍ നടത്തുന്ന അതിജീവന സമരങ്ങളിലൂടെയാണ്. സൈബര്‍ റേപ്പിന്റെ ഇര കൂടിയാണ് ഈ സ്ത്രീ. എന്നാല്‍ ചിത്രലേഖയുടെ ജീവിതം മാറി മറിയാന്‍ പോകുന്നു. ബ്രിട്ടീഷുകാരനായ ഫ്രാസര്‍ സ്‌കോട്ടാണ് ചിത്രലേഖയുടെ ജീവിതത്തെ തിരക്കഥയിലാക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ശേഖര്‍ കപൂര്‍ ചിത്രലേഖയുടെ ഫോട്ടോയും വിവരങ്ങളും ലോകത്തോട് പങ്ക് വച്ചിരിക്കുന്നത്. എലിസബത്ത്, മദര്‍ ഇന്‍ഡ്യ, ബാന്‍ഡിറ്റ് ക്വീന്‍ എന്നീ ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ ശേഖര്‍ കപൂറിന്റേതാണ്.
അസാധ്യ ധൈര്യത്തോടെ പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ പോരാടുന്ന, കേരളത്തിലെ ഏക ദളിത ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നാണ് ശേഖര്‍ കപൂര്‍ ചിത്രലേഖയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ''ജീവിതം എപ്പോഴാണ് മാറുന്നതെന്ന് പറയാന്‍ സാധിക്കില്ലല്ലോ? എങ്ങനെയാണ് അവര്‍ എന്നെക്കുറിച്ച് അറിഞ്ഞതെന്ന് കൃത്യമായി അറിയില്ല. ഫേസ്ബുക്കില്‍ നിന്നാണെന്ന് തോന്നുന്നു. എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടാണ് അവര്‍ വന്നത്. തിരക്കഥാകൃത്ത് ഫ്രസര്‍ സ്‌കോട്ട് എന്നയാളാണ്. അവരോട് സംസാരിക്കാനുളള ഭാഷാ സഹായങ്ങള്‍ നല്‍കിയത് രൂപേഷേട്ടനാണ്. വന്നു കണ്ടതേയുള്ളൂ. ബാക്കി കാര്യങ്ങള്‍ ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. എന്റെ സമരത്തെ അവരൊക്കെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഇത്. ഞാന്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍. കാരണം അവരെന്നെ ആക്ഷേപിച്ചത് എന്റെ കറുപ്പു നിറത്തെ എടുത്തു പറഞ്ഞാണ്. ആ പ്രയോഗത്തോടുള്ള വെല്ലുവിളിയായിട്ടാണ് ഞാന്‍ ഈ സംഭവത്തെ കാണുന്നത്. നമ്മള്‍ വിചാരിക്കുന്ന പോലെയൊന്നുമല്ലല്ലോ കാര്യങ്ങള്‍ സംഭവിക്കുന്നത്?'' ചിത്രലേഖ നാരദാ ന്യൂസിനോട് പ്രതികരിച്ചതിങ്ങനെയാണ്.

സൈബറിടങ്ങളില്‍ നിറത്തിന്റേ പേരിലും സ്വത്വത്തിന്റെ പേരിലും അവഹേളിക്കപ്പെട്ട ഒരു ദളിത് സ്ത്രീയുടെ ജീവിതം തേടിയാണ് ഫ്രാസര്‍ സ്‌കോട്ട് എത്തിയത്. 'കേരളത്തിലെ ആദ്യ ദളിത് ഓട്ടോറിക്ഷാ ഡ്രൈവറായ ചന്ദ്രലേഖയുടെ ജീവിതമാണ് തന്റെ അടുത്ത തിരക്കഥയ്ക്ക് ആധാരം' എന്നാണ് ഫ്രാസര്‍ സ്‌കോട്ട് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഫൂലന്‍ദേവിയെപ്പോലെ ധൈര്യവതിയായ സ്ത്രീ എന്നാണ് ശേഖര്‍ കപൂര്‍ ചന്ദ്രലേഖയെ വിശേഷിപ്പിച്ചതെന്നും സ്‌കോട്ട് തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകനും സുഹൃത്തുമായ മലയാളി രൂപേഷ് കുമാറിന് ഫ്രാസര്‍ സ്‌കോട്ട് നന്ദി പറയുകയും ചെയ്യുന്നുണ്ട്.
''ഞാന്‍ ഓട്ടോയുമായി വന്നപ്പോള്‍ മുതല്‍ 'പുലച്ചി ഓട്ടോയും കൊണ്ട് വന്നല്ലോ' എന്ന വിളി ഞാന്‍ കേള്‍ക്കുന്നതാണ്. അവിടെത്തന്നെ ഒരു ദളിത് എങ്ങനെയാണ് ഒറ്റപ്പെടുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയതാണ്. 2004 ല്‍ ആദ്യമായി വണ്ടി ഓടിച്ചപ്പോഴേ അവര്‍ക്കു പ്രശ്‌നം ഉണ്ട്. ദളിത് ആണുങ്ങള്‍ക്ക് പോലും വണ്ടി ഓടിക്കുവാനായുള്ള അവകാശം സിപിഐഎം കൊടുത്തില്ല. അവിടെയാണ് ഞാന്‍ വണ്ടിയുമായി ചെല്ലുന്നത്. അന്ന് മുതലേ പ്രശ്‌നമുണ്ട്. 2005 ഒക്ടോബര്‍ 11ന് സിഐടിയുവിന്റെ ഓട്ടോ സ്റ്റാന്‍ഡില്‍ നവമി പൂജ നടത്തുകയും തുടര്‍ന്ന് അന്ന് എന്റെ ഓട്ടോ നശിപ്പിക്കുകയും ചെയ്തു'' - ചിത്രലേഖ പറയുന്നു. ഫുലന്‍ദേവി ജീവിച്ചിരിക്കെയാണ് ശേഖര്‍ ബന്‍ഡിറ്റ് ക്വീന്‍ സംവിധാനം ചെയ്തത്. ജീവിതത്തിന്റെ ആ നേര്‍സാക്ഷ്യം രാഷ്ട്രീയ പ്രവേശനത്തിലേയ്ക്കും എംപി സ്ഥാനത്തേയ്ക്കും ഫുലന്‍ ദേവിയെ എത്തിച്ചു. ചിത്രലേഖ സിനിമയാകുമ്പോഴും കണ്ണൂരിലെ ഓട്ടോ സ്റ്റാന്റില്‍ ചിത്രലേഖയുണ്ടാകും.

Read More >>