നാരദാ ന്യൂസിനെതിരെയുള്ള നീക്കം അപലപനീയം; ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

നാരദാന്യൂസ് സിഇഒ മാത്യു സാമുവേലിനും കുടുംബത്തിനും, നാരദയിലെ മാദ്ധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ സംശയിക്കപ്പെടുന്ന രീതിയിലുള്ള നീക്കം അപലപനീയമാണെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

നാരദാ ന്യൂസിനെതിരെയുള്ള നീക്കം അപലപനീയം; ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

തെഹല്‍ക്കയുടെ കാലം മുതല്‍ പലരും ഉന്നം വെക്കുന്ന വ്യക്തിയാണ് മാത്യു സാമുവലെന്ന് മുതിര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. മാത്യു സാമുവലിനും കുടുംബത്തിനും നാരദാസ്റ്റാഫിനും നേരെ സംശയിക്കപ്പെടുന്ന രീതിയിലുള്ള നീക്കങ്ങള്‍ അപലപനീയമാണ്. ആവശ്യമായ സംരക്ഷണം നല്‍കുന്നതിനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

അപ്രിയവും ഉന്നത സ്ഥാനീയര്‍ക്ക് അപകടരവുമായ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ മാത്യു സാമുവേലും അദ്ദേഹവും നടത്തുന്ന നാരദാന്യൂസും ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്. സുതാര്യവും ജനാധിപത്യപരവുമായ രീതിയില്‍ സമൂഹവും ഭരണസംവിധാനവും പ്രവര്‍ത്തിക്കുന്നതിന് അതാവശ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്.

ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More >>