ആലപ്പുഴയിലെ അക്രമം; മഹല്ല് കമ്മിറ്റിയെ കുറ്റവാളികളാക്കി രക്ഷപ്പെടാൻ എസ്ഡിപിഐ ശ്രമം: വധശ്രമത്തിനടക്കം കേസെടുത്തത് മറച്ചുവയ്ക്കാൻ വ്യാജപ്രചാരണവും

യുവതിയെ നിർബന്ധിച്ച് മതംമാറ്റാൻ മഹല്ല് കമ്മിറ്റി നിർദേശമുണ്ടായിരുന്നുവെന്നും അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് എസ്ഡിപിഐ പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നതിൻ്റെ തെളിവുകള്‍ പുറത്തുവന്നു. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിരവധി എസ്ഡിപിഎെ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

ആലപ്പുഴയിലെ അക്രമം; മഹല്ല് കമ്മിറ്റിയെ കുറ്റവാളികളാക്കി രക്ഷപ്പെടാൻ എസ്ഡിപിഐ ശ്രമം: വധശ്രമത്തിനടക്കം കേസെടുത്തത് മറച്ചുവയ്ക്കാൻ വ്യാജപ്രചാരണവും

അമ്പലപ്പുഴ പുറക്കാട് സംഘർഷം നടന്നതിന്റെ ഉത്തരവാദിത്തം മഹല്ല് കമ്മിറ്റിയുടെ മേല്‍ കെട്ടിവയ്ക്കാൻ എസ്ഡിപിഐ ശ്രമം. മതരഹിത വിവാഹം നടത്താൻ കൂട്ടുനിന്നവരെ ക്രൂരമായി ആക്രമിച്ച എസ്ഡിപിഐ, സംഭവം ചർച്ചയായതോടെ മഹല്ല് കമ്മിറ്റിയെക്കൂടി കേസിലുള്‍പ്പെടുത്താൻ ശ്രമിക്കുകയാണെന്നതിൻ്റെ തെളിവുകളാണ് പുറത്തുവരുന്നത്. മതരഹിതമായ വിവാഹം നടത്തിയ അൻസിലിൻ്റെ വിവാഹസല്‍ക്കാരം ബഹിഷ്കരിക്കാൻ പള്ളിക്കമ്മിറ്റി നേതൃത്വം നല്‍കിയെന്നാണ് എസ്ഡിപിഐ പ്രചാരണം നടത്തിയിരുന്നത്. ഇതില്‍ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടായിരുന്നുവെന്നും അവരുടെകൂടി അറിവോടെയാണ് വിവാഹത്തെ എതിർക്കാൻ രംഗത്തെത്തിയതെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇതിന് തെളിവായി മഹല്ല് കമ്മിറ്റി അംഗമായ ഡിവൈഎഫ്ഐ പ്രവർത്തകൻ ഒപ്പിട്ട മഹല്ല് കമ്മിറ്റിയിലെ രജിസ്റ്ററിൻ്റെ ചിത്രവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചില ഓണ്‍ലൈൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ മഹല്ല് കമ്മിറ്റിയില്‍ വിവാഹം തടയാനോ അക്രമം നടത്താനോ ആഹ്വാനമുണ്ടായിരുന്നില്ലെന്ന് മഹല്ല് കമ്മിറ്റിയിലെ ഉന്നതസ്ഥാനമലങ്കരിക്കുന്നവർ നാരദാന്യൂസിനോട് വ്യക്തമാക്കി.

അൻസലിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്നതിനടക്കമുള്ള ആവശ്യം ഉന്നയിച്ചത് മനാഫാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മതാചാര പ്രകാരമല്ലെന്നത് കൊണ്ട് പരാതി വന്നതിനെ തുടർന്നാണ് നടപടി. പുറത്താക്കിയെങ്കിലും വിവാഹ സൽക്കാരത്തിനൊപ്പം സഹകരിച്ചെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

മതം മാറ്റാൻ ശ്രമിക്കുകയും തുടർന്ന് നടന്ന സംഘർഷങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് എസ്ഡിപിഐയുടെ മറ്റൊരു വാദം. എന്നാല്‍ ക്രൂരമായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം എസ്ഡിപിഐ പ്രവർത്തകരാണ്. കൊലപാതകശ്രമത്തിനുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നിരവധി എസ്ഡിപിഐ പ്രവർത്തകരെ പ്രതികളാക്കി നാലു കേസുകളും രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇവർക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസും വ്യക്തമാക്കുമ്പോഴാണ് കള്ളങ്ങള്‍ നിരത്തി ന്യായീകരിക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നത്.

പെൺകുട്ടിയെ മതം മാറ്റാൻ സമ്മതിക്കാതെയിരുന്ന കുടുംബത്തിനെതിരെ ബഹിഷ്കരണമെന്ന ആഹ്വാനം എസ്ഡിപിഎെയാണ് നടത്തിയതെന്നതിന് നാട്ടുകാരുടെ വാക്കുകളും തെളിവാണ്. എസ്ഡിപിഎെ ഭാരവാഹിയായ ഫെെസലാണ് ഒരോ മുസ്ലീം വീടുകളിൽ പോയി മതരഹിത വിവാഹം നടത്തിയവരുടെ വിരുന്ന് സൽക്കാരത്തിന് പോവരുതെന്ന് ആവശ്യപ്പെട്ടത്. പള്ളികമ്മിറ്റി പുറത്താക്കിയവരുടെ കല്യാണത്തിന്റെ സൽക്കാരത്തിന് പങ്കെടുക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.

Read More >>