സുശീല്‍കുമാര്‍ വധശ്രമക്കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപിക്ക് തിരിച്ചടി; പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍

മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിനു പിന്നില്‍ സിപിഐഎമ്മല്ലെന്ന് വ്യക്തമായത്. എസ് ഡി പി ഐ നടത്തിയ അക്രമം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവെക്കാനുള്ള ഹീനമായ നീക്കമാണ് ബിജെപി നേതൃത്വം നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

സുശീല്‍കുമാര്‍ വധശ്രമക്കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപിക്ക് തിരിച്ചടി; പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍

കണ്ണൂരില്‍ സിപിഐഎമ്മിന്റെ പേരില്‍ ബിജെപി ആരോപിച്ചിരുന്ന വധശ്രമക്കേസിനു പിന്നില്‍ എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞു. തളാപ്പിലെ ബി ജെ പി നേതാവ് സുശീല്‍ കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിനു പിന്നില്‍ സിപിഐഎമ്മല്ലെന്ന് വ്യക്തമായത്. പയ്യാമ്പലം പഞ്ഞിക്കലിലെ എന്‍ വി മുഹമ്മദ് ജന്‍ഫര്‍,കെ പി ഫിറാസ്,മുണ്ടേരി കച്ചേരിപ്പറമ്പിലെ മെഹറൂഫ് എന്നിവരെയാണ് ഇന്നുച്ചയോടെ പോലീസ് പിടികൂടിയത്.

സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ക്രമസമാധാനം തകര്‍ക്കാനുള്ള സിപിഐഎമ്മിന്റെ ആസൂത്രിത ശ്രമമാണിതെന്ന് ആരോപിച്ച ബിജെപി നേതൃത്വം മാര്‍ച്ച് 23 ന് കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ബിജെപി നടത്തിയ പ്രതിഷേധ യോഗത്തില്‍ കെ സുരേന്ദ്രനുള്‍പ്പെടെയുള്ള പ്രസംഗിച്ചത് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഈ അക്രമം ആസൂത്രണം ചെയ്തത് എന്നാണ്. എന്നാല്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയതോടെ ബിജെപിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് സിപിഐഎം നേതൃത്വം.

എസ്ഡിപിഐക്കാര്‍ നടത്തിയ അക്രമം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവെക്കാനുള്ള ഹീനമായ നീക്കമാണ് ബിജെപി നേതൃത്വം നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ നടത്തിയ തലശേരി ഫസലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ കെട്ടിവച്ചതുപോലെ സുശീല്‍കുമാര്‍ സംഭവത്തിലും പാര്‍ട്ടിയുടെ മേല്‍ ഉത്തരവാദിത്വം ചാര്‍ത്താനാണ് ബോധപൂര്‍വ്വം സംഘപരിവാര്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുവെന്നും പി ജയരാജന്‍ പറഞ്ഞു. സിപിഐ എമ്മിന്റെ മേല്‍ അനാവശ്യമായ കുറ്റപ്പെടുത്തല്‍ നടത്തിയ ബിജെപി നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സുശീല്‍കുമാറിന്റെ വസതിയില്‍ പി ജയരാജന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.