'മറുപടിയുണ്ടോ?'; അഭിമന്യുവിനെ കൊന്നത് സിപിഐഎം എന്നു പ്രചരിപ്പിച്ച് എസ്ഡിപിഐ

പ്രതിസ്ഥാനത്തുള്ള എസ്‍ഡിപിഐ വിവിധ ചോദ്യങ്ങളുമായി രം​ഗത്തുവരുമ്പോൾ സിപിഐഎമ്മിന് മറുപടി പറയേണ്ടി വരും. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ സിപിഐഎം വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

മറുപടിയുണ്ടോ?; അഭിമന്യുവിനെ കൊന്നത് സിപിഐഎം എന്നു പ്രചരിപ്പിച്ച് എസ്ഡിപിഐ

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്നത് സിപിഐഎം ആണെന്ന് പ്രചരിപ്പിച്ച് പ്രതിസ്ഥാനത്തുള്ള എസ്ഡ‍ിപിഐ. 'അഭിമന്യു വധം- ദുരൂഹത തുടരുന്നു' എന്ന തലക്കെട്ടിലുള്ള ഫ്ലക്സ് സ്ഥാപിച്ചാണ് എസ്‍ഡിപിഐ വിവിധ ചോദ്യങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. അവർ നിന്നെ പത്മവ്യൂഹത്തിൽ അകപ്പെടുത്തും എന്ന സൈമൺ ബ്രിട്ടോയുടെ വാക്കുകളും എസ്‍ഡിപിഐ തമ്മനം ബ്രാഞ്ച് സ്ഥാപിച്ച ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പത്മവ്യൂഹം ഒരുക്കിയത് സിപിഐഎമ്മോ എന്നാണ് ചോദ്യം.

പ്രധാനമായും മൂന്നു ചോദ്യങ്ങളും രണ്ട് ആവശ്യങ്ങളുമാണ് എസ്‍ഡിപിഐ ഉന്നയിക്കുന്നത്. സിസി ടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?, അഭിമന്യുവിനെ സംഭവസ്ഥലത്തേക്കു വിളിച്ചുവരുത്തിയത് ആര്?, അർധരാത്രി 12 മണിക്ക് മാരകായുധങ്ങളുമായി എസ്എഫ്ഐക്കാർ എന്തിന് തെരുവിലിറങ്ങി?, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ എസ്എഫ്ഐക്കാരെയും ചോദ്യം ചെയ്യുക, മഹാരാജാസിലെ അക്രമ സംഭവങ്ങളിൽ സ്ഥിരം സാന്നിധ്യമുള്ള സിഐടിയുക്കാരുടെ പങ്ക് അന്വേഷിക്കുക എന്നീ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്.

എറണാകുളം ജില്ലയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ കാരായിമാരുടെ പങ്ക് അന്വേഷിക്കുക എന്ന ആവശ്യവും എസ്‍ഡിപിഐ മുന്നോട്ടുവയ്ക്കുന്നുണ്ട്. രക്തസാക്ഷികളെ സ്വയം സൃഷ്ടിക്കുന്ന സിപിഐഎമ്മിന്റ പുതിയ ഇരയോ അഭിമന്യു എന്നാണ് ബോർഡിലെ മറ്റൊരു ചോദ്യം. കൊലപാതകത്തിന്റെ ആദ്യദിവസങ്ങൾ മുതൽ തന്നെ എസ്‍ഡിപിഐയും ക്യാംപസ് ഫ്രണ്ടും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് സിസി ടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നത്. അഭിമന്യുവിനെ കുത്തിയ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല എന്നതും കൊലപാതകത്തിൽ സിപിഐഎമ്മിന്റെ പങ്കിന് തെളിവാണെന്ന് ഇവർ ആരോപിക്കുന്നു.

പ്രതിസ്ഥാനത്തുള്ള എസ്‍ഡിപിഐ വിവിധ ചോദ്യങ്ങളുമായി രം​ഗത്തുവരുമ്പോൾ സിപിഐഎമ്മിന് മറുപടി പറയേണ്ടി വരും. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ സിപിഐഎം വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. കൊലയാളിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, ഈ സംശയങ്ങളൊക്കെ കൊലപാതകത്തിന്റെ ആദ്യം മുതൽ തന്നെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നവയാണെന്നും അത് ക്രോഡീകരിക്കുകയാണ് എസ്‍ഡിപിഐ ചെയ്തതെന്നും ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് നാരദാ ന്യൂസിനോടു പറഞ്ഞു.

പി ടി തോമസ് എംഎൽഎ അടക്കമുള്ളവർ ഇതേ ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. സത്യത്തിൽ ഈ കൊലപാതകത്തിന്റെ ​ഗുണഭോക്താവ് സിപിഐഎം ആണ്. ഒരു ദളിത് രക്തസാക്ഷിയെ ഉണ്ടാക്കി സഹതാപ തരം​ഗം നേടി കൂടുതൽ വോട്ട് കീശയിലാക്കുക എന്ന തന്ത്രമാണ് ഇവിടെ എസ്എഫ്ഐ പയറ്റിയത്. ആ തന്ത്രം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എസ്എഫ്ഐയുടെ സവർണ താൽപര്യമാണ് കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്. അല്ലാതെ അഭിമന്യുവുമായി എസ്ഡിപിഐയ്ക്ക് എന്താണ് പ്രശ്നം. സ്വയം കൊന്നിട്ട് അതിനെ മറ്റു രീതിയിൽ ഉപയോ​ഗിക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും ഷൗക്കത്ത് ആരോപിച്ചു.

അഭിമന്യുവിനെ കുത്തിയതാര്, പിടിച്ചുകൊടുത്തതാര് എന്നീ ചോദ്യങ്ങളാണ് പ്രധാനമായി ഇനിയും അവശേഷിക്കുന്നത്. അഭിമന്യുവിനൊപ്പം എസ്എഫ്ഐ നേതാക്കളായ അർജുൻ കൃഷ്ണയും വിനീത് കുമാറും ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിന്റെ പ്രധാന സാക്ഷികളായ ഇരുവരും ഇതുവരെ ഒരു മാധ്യമത്തേയും അഭിമുഖീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതൊഴികെ പൊതുസമൂഹത്തിനു സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഇവർ തയ്യാറായിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലായ അർജുൻ ഡിസ്ചാർജ് ആവുമ്പോൾ മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ സിപിഐമ്മിനെതിരെ ആരോപണവുമായി രം​ഗത്തെത്തുന്നതോടെ ജനങ്ങളിൽ മറ്റു സംശയങ്ങൾ ഉയരുക സ്വാഭാവികം.

കൊലപാതകത്തിൽ ഇതുവരെ പിടികൂടിയവർ എല്ലാം ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരാണ്. മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ആവാത്തത് വിവാദമായിട്ടുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത എട്ടുപേരെയാണ് ഇനി പിടികൂടാനുള്ളതെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു നിലവിൽ പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂർത്തിയാവുമ്പോൾ ഏതാനും പേർ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും. അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്നു നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാംപസ് ഫ്രണ്ട് മത്സരിച്ചിരുന്നില്ല. കഴിഞ്ഞതവണ ഇവർ മത്സര രം​ഗത്തു സജീവമായിരുന്നു. അഭിമന്യുവിന്റെ കോളേജും സഹപാഠികളും മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാത്തതിൽ അസ്വസ്ഥരാണ്. നിലവിൽ അഭിമന്യു വധത്തിൽ എസ്ഡിപിഐ ഉയർത്തിയിരിക്കുന്ന പ്രചരണം സംസ്ഥാനമൊട്ടാകെ വ്യാപിക്കുമ്പോൾ സിപിഐഎമ്മിനൊപ്പം സർക്കാരും മറുപടി പറയേണ്ടിവരും.