'കിതച്ചു കുതിച്ച്' സ്‌കൂൾ ബസ്സുകൾ; സർവീസ് നടത്തുന്നത് 30 വർഷം പഴക്കമുള്ള ബസ്സുകൾ വരെ

ഫിറ്റ്നസുള്ള വാഹനങ്ങൾക്കാണ് 20 വർഷത്തിനുശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളായി ഓടിക്കാനുള്ള പെർമിറ്റ് നൽകുന്നത്.

കിതച്ചു കുതിച്ച് സ്‌കൂൾ ബസ്സുകൾ; സർവീസ് നടത്തുന്നത് 30 വർഷം പഴക്കമുള്ള ബസ്സുകൾ വരെ

സ്കൂൾ ബസുകളായി ഓടുന്നവയിൽ പലതും പഴക്കമേറിയവ. 15 വർഷം കഴിയുന്നതോടെ ബസുകൾക്ക് റൂട്ടിൽ ഓടാൻ മോട്ടോർ വാഹനവകുപ്പ് പെർമിറ്റ് പുതുക്കി നൽകില്ല. ഇതോടെ ഇവ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി സ്കൂൾ ബസ് പെർമിറ്റ് (ഇഐബി) എടുക്കുകയാണ് ചെയ്യുന്നത്. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(ആർടിഎ) ഓരോ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനത്തിന് എത്രവർഷം വരെ ലൈസൻസ് പുതുക്കി നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

കോഴിക്കോട് ജില്ലയിൽ നേരത്തേ ഇത് 15 വർഷമായി നിജപ്പെടുത്തിയിരുന്നു. കണ്ണൂർ ജില്ലയിൽ ലൈസൻസ് പുതുക്കി നൽകുന്നതു സംബന്ധിച്ചു നിബന്ധനകൾ ഏർപ്പെടുത്താത്തതിനാൽ മുപ്പതുവർഷം പഴക്കമുള്ള ബസുകൾ വരെ അപൂർവം ചില സ്കൂളുകൾക്കുവേണ്ടി സർവീസ് നടത്തുന്നുണ്ട്. എല്ലാ മാസവും ചേരുന്ന ആർടിഎ യോഗത്തിൽ കാലപ്പഴക്കമുള്ള ബസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

15 വർഷംവരെ പഴക്കമുള്ള ബസുകൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിച്ചു ഫിറ്റ്നസ് നൽകുമ്പോൾ 20 വർഷത്തിലേറെ പഴക്കമുള്ള ബസുകൾ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ നേരിട്ടു പരിശോധിച്ചശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. ഫിറ്റ്നസുള്ള വാഹനങ്ങൾക്കാണ് 20 വർഷത്തിനുശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളായി ഓടിക്കാനുള്ള പെർമിറ്റ് നൽകുന്നത്. സ്റ്റേജ് കാരിയറുകളായി ഓടുമ്പോൾ ദിവസവും അഞ്ഞൂറും ആയിരവും കിലോമീറ്റർ ഓടേണ്ടിവരും. എന്നാൽ സ്കൂൾ ബസുകൾ പത്തോ മുപ്പതോ കിലോമീറ്റർ മാത്രമാണ് ഓരോ ദിവസവും ഓടുന്നത്. അതുകൊണ്ടുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാലപ്പഴക്കമുള്ള വാഹനങ്ങൾ സ്കൂൾ വാഹനങ്ങളായി ഓടിക്കുന്നതിൽ അപകടമില്ലെന്നാണ് സ്കൂളുകളുടെ വാദം.

Read More >>