ഇടപാടുകാരുടെ പണം പിഴിയാന്‍ എസ്ബിഐയുടെ പുതിയ തന്ത്രം; പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങൾ ഒഴികെ എല്ലാം അര്‍ധനഗരം

ഗ്രാമീണ മേഖലയായി പ്രഖ്യാപിച്ചാല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനാവാത്തതു കൊണ്ടാണ് എസ്ബിഐയുടെ കണക്കില്‍ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാ മേഖലകളും നഗരപ്രദേശങ്ങളായി മാറുന്നത്.

ഇടപാടുകാരുടെ പണം പിഴിയാന്‍ എസ്ബിഐയുടെ പുതിയ തന്ത്രം; പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങൾ ഒഴികെ എല്ലാം അര്‍ധനഗരം

എസ്ബിഐയുടെ കണക്കില്‍ പാലക്കാട് ജില്ലയില്‍ ഗ്രാമീണ പ്രദേശങ്ങള്‍ ഇനി മൂന്നെണ്ണം മാത്രം. മൂന്നിടത്ത് ഒഴികെ ജില്ലയില്‍ ബാക്കിയുള്ളതെല്ലാം അര്‍ധ നഗരപ്രദേശങ്ങള്‍. ഗ്രാമീണ മേഖലയായി പ്രഖ്യാപിച്ചാല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനാവാത്തതു കൊണ്ടാണ് എസ്ബിഐയുടെ കണക്കില്‍ എല്ലാം നഗരപ്രദേശങ്ങളായി മാറുന്നത്.

ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയും ഇനി മുതല്‍ എസ്ബിഐക്ക് അര്‍ധനഗര പ്രദേശമാണ്. ചിറ്റൂര്‍ താലൂക്കില്‍പ്പെടുന്ന മീനാക്ഷിപ്പുരം, ഒഴലപ്പതി, മണ്ണാര്‍ക്കാട് താലൂക്കില്‍ വരുന്ന എടത്തനാട്ടുകര എന്നിവ മാത്രമാണ് ജില്ലയില്‍ ഗ്രാമീണ പ്രദേശങ്ങളായി കണക്കാക്കിയിട്ടുള്ളു. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍പേര്‍ ജോലി ചെയ്യുന്ന ചെറിയൊരു ടൗണ്‍ കൂടിയായ എടത്തനാട്ടുകര ഗ്രാമീണ മേഖലയായി എസ്ബിഐ കണ്ടെത്തിയപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അട്ടപ്പാടി അര്‍ധ നഗരമാക്കി മാറ്റുകയും ചെയ്തു.

ഗ്രാമീണ മേഖലയായി കണക്കാക്കിയിട്ടുള്ള മൂന്നു പ്രദേശങ്ങള്‍ ഒഴിച്ച് ബാക്കി ജില്ലയിലെ മറ്റെല്ലാ ബ്രാഞ്ചിലും മിനിമം 2000 രൂപ അക്കൗണ്ടില്‍ ഉണ്ടാവണമെന്ന നിബന്ധന നടപ്പിലാകും. ഇതില്‍ തുക കുറഞ്ഞാല്‍ ബാങ്ക് ആനുപാതികമായി പിഴ ഈടാക്കും. ഏപ്രില്‍ 24ന് ഡാറ്റ മെര്‍ജര്‍ നടപടി പൂര്‍ത്തിയായാല്‍ എസ്ബിഐയില്‍ ലയിക്കപ്പെട്ട പഴയ എസ്ബിടി ബ്രാഞ്ചുകളിലും എസ്ബിഐയുടെ മിനിമം ബാലന്‍സ് നിലവില്‍ വരും. ഇത് അനുസരിച്ച് തയ്യാറാക്കപ്പെട്ട നഗര, ഗ്രാമീണ പ്രദേശങ്ങളുടെ തരം തിരിവിലാണ് ജില്ലയില്‍ ഗ്രാമീണ പ്രദേശങ്ങള്‍ മൂന്നു മാത്രമേയുള്ളുവെന്ന കണക്കില്‍ എസ്ബിഐ കണ്ടെത്തിയത്.

ഗ്രാമീണ മേഖലയിലുള്ള പഞ്ചായത്തുകള്‍ എല്ലാം അര്‍ധ നഗര പ്രദേശങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്തു താമസിക്കുന്നവരില്‍ 70 ശതമാനം പേര്‍ക്കും അക്കൗണ്ടില്‍ മിനിമം 2000 രൂപ സൂക്ഷിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. അട്ടപ്പാടി പ്രദേശത്താണെങ്കില്‍ 90 ശതമാനം പേരും മുഴുവനും തുകയും ബാങ്കില്‍ നിന്നെടുക്കുന്നവരാണ്. ഇവര്‍ക്കൊക്കെ സ്വന്തം ആവശ്യം കഴിഞ്ഞ് എല്ലായ്‌പ്പോഴും ബാങ്കില്‍ 2000 സൂക്ഷിക്കുക ബുദ്ധിമുട്ടാണ്.

മിനിമം ബാലന്‍സ് ഇല്ലാതെ സീറോ ബാലന്‍സ് അക്കൗണ്ടായി ഗ്യാസ് സബ്‌സിഡിയും മറ്റും കിട്ടാനായി അക്കൗണ്ട് എടുത്തവരുമുണ്ട്. ഗ്യാസ് സബ്‌സിഡിയായി ഇവരുടെ അക്കൗണ്ടിലേക്കു വരുന്ന 300 ല്‍ താഴെയുള്ള രൂപയില്‍ നിന്നു കൂടി മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 100 രൂപ പോകുന്ന അവസ്ഥയാണുള്ളത്.

ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഗുണഭോക്താക്കള്‍ക്ക് പ്രദേശമനുസരിച്ച് അക്കൗണ്ടില്‍ നിശ്ചിത തുക വെയ്ക്കണമെന്നുണ്ട്. മെട്രോകളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും അര്‍ധ നഗര പ്രദേശങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടുകളില്‍ വേണം. ഇത് അനുസരിച്ച് പാലക്കാട് നഗരത്തില്‍ 3000 രൂപയും ജില്ലയില്‍ മൂന്നിടങ്ങളില്‍ ഒഴിച്ച് ബാക്കിയെല്ലായിടത്തും 2000 രൂപയും അക്കൗണ്ടില്‍ നിര്‍ബന്ധമാണ്.