മായാവിക്ക് പുതിയ എതിരാളി; ബാലരമയ്ക്കെതിരെ സേവ് ലുട്ടാപ്പി ക്യാംപയിനുമായി സോഷ്യൽമീഡിയ

ലുട്ടാപ്പിയെ ഒഴിവാക്കി പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.

മായാവിക്ക് പുതിയ എതിരാളി; ബാലരമയ്ക്കെതിരെ സേവ് ലുട്ടാപ്പി ക്യാംപയിനുമായി സോഷ്യൽമീഡിയ

മലയാളികളുടെ പ്രിയപ്പെട്ട ബാല പ്രസിദ്ധീകരണമായ 'ബാലരമ'യിൽ മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സോഷ്യൽമീഡിയ. ലുട്ടാപ്പിയെ ഒഴിവാക്കി പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. 'സേവ് ലുട്ടാപ്പി' എന്ന ഹാഷ്ടാ​ഗിലാണ് പ്രതിഷേധം. മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫേസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് 'പ്രതിഷേധവും' ആരംഭിച്ചത്.
മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാൻ കാരണം ലുട്ടാപ്പിയാണെന്ന് പ്രായഭേദമന്യേ ആരാധകർ അടിവരയിടുന്നു. ഡിങ്കിനി എന്ന പെൺ ഭൂതത്തെയാണ് പുതുതായി ബാലരമ അവതരിപ്പിച്ചിരിക്കുന്നത്. ഡിങ്കിനിക്കൊപ്പം ഒരു കറുത്ത പൂച്ചയുമുണ്ട്. ലുട്ടാപ്പിയില്ലാതെയാണ് പുതിയ ലക്കം ബാലരമ ഇറങ്ങിയിരിക്കുന്നത്. ലുട്ടാപ്പിയുടെ സ്ഥാനത്ത് ഡിങ്കിനിയുടെ കുന്തത്തിലാണ് ഡാകിനിയുടേയും വിക്രമന്റേയും മുത്തുവിന്റേയും യാത്രയും. ഇതാദ്യമായാണ് ഇത്തരമൊരു രസകരമായ പ്രതിഷേധത്തിന് സോഷ്യൽമീഡിയ വേദിയാകുന്നത്.


ലുട്ടാപ്പിയെ അന്വേഷിച്ച് നിരവധി കോളുകളാണ് ബാലരമയുടെ ഓഫീസിലേക്കും എഡിറ്റർക്കും എത്തുന്നത്. എന്നാൽ ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കുന്തത്തില്‍ കയറി പറന്ന് മായാവിയുടെ വടി സ്വന്തമാക്കുന്ന ലുട്ടാപ്പിയാണ് വില്ലൻ കഥാപാത്രങ്ങളായ കുട്ടൂസന്റെയും ഡാകിനിയുടെയും പ്രധാന സഹായി. പതിറ്റാണ്ടുകളായി ‍‍തങ്ങൾക്കൊപ്പമുള്ള ലുട്ടാപ്പിയെ ഒഴിവാക്കിയാൽ അതിന്റെ ഭവിഷ്യത്ത് അറിയും എന്ന ഭീഷണിയും ആരാധകരിൽ നിന്നുണ്ട്. ലുട്ടാപ്പിയില്ലെങ്കിൽ മായാവി വേണ്ടെന്നും ബാലരമ തന്നെ ഒഴിവാക്കുമെന്നും ചിലര്‍ പറയുന്നു.''നെഞ്ചിനുള്ളിൽ കൊണ്ടു നടക്കുന്ന വില്ലനാണ് ഞങ്ങടെ ലുട്ട. ലുട്ടാപ്പിക്കു മോളിൽ ഒരാൾ വന്നിട്ടില്ല. ഇനി ഒട്ടു വരുവേം ഇല്ല. വരാനൊട്ടു സമ്മതിക്കേം ഇല്ല''- എന്നാണ് ഒരു ആരാധകന്റെ പോസ്റ്റ്. ''ലുട്ടാപ്പിയേക്കാള്‍ വലിയ പോരാളി വേറെയില്ല ഞങ്ങള്‍ക്ക്, ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ഇടിച്ചു റൊട്ടി ആക്കി കളയും" എന്ന് പുതിയ ബാലരമയിലെ മായാവി ചിത്രകഥയുടെ ചിത്രത്തോടൊപ്പം മറ്റൊരാൾ പറയുന്നു. പേരുകേട്ട ട്രോൾ ​ഗ്രൂപ്പായ ഐസിയുവിലടക്കം വൻ പ്രതിഷേധ ട്രോളുകളാണ് സേവ് ലുട്ടാപ്പി വിഷയത്തിൽ ഇറങ്ങിയിരിക്കുന്നത്.