വാക്കുകള്‍ക്കൊണ്ട് മനസ്സിലും ആയുധം കൊണ്ട് ശരീരമാസകലവും മുറിവേറ്റ 730 കനൽ ദിനങ്ങൾ; മണൽക്കാട്ടിലെ അടിമജീവിതം ഇന്നും ജുമൈലയെ പൊള്ളിക്കുന്നു

'ഒരിക്കല്‍ ഞാന്‍ ആ വീട്ടില്‍ നിന്നു രക്ഷപെടാന്‍ ശ്രമം നടത്തി. അപ്പോള്‍ അയാളെന്റെ കഴുത്തില്‍ തോക്കിന്‍കുഴല്‍ വച്ചു പറഞ്ഞു- 'കൊന്നുകളയും'. അയാള്‍ അതു പറഞ്ഞപ്പോള്‍ എനിക്കറിയാമായിരുന്നു അത് സംഭവിക്കുമെന്ന്. പറഞ്ഞാല്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നയാളായിരുന്നു വീട്ടുടമ. പിന്നീട് ശമ്പളം ഞാന്‍ ചോദിച്ചുമില്ല. എനിക്കു ശമ്പളമല്ല, ജീവനായിരുന്നു വേണ്ടത്. രോഗങ്ങളും പരാധീനതകളും മാത്രമായിരുന്നു കൂട്ട്. അങ്ങനെ രണ്ടു വര്‍ഷം ജീവഭയത്തോടെ അവിടെ നരകിച്ചു- ജുമൈലാ ബീവി പറയുന്നു.

വാക്കുകള്‍ക്കൊണ്ട് മനസ്സിലും ആയുധം കൊണ്ട് ശരീരമാസകലവും മുറിവേറ്റ 730 കനൽ ദിനങ്ങൾ; മണൽക്കാട്ടിലെ അടിമജീവിതം ഇന്നും ജുമൈലയെ പൊള്ളിക്കുന്നു

'പകല്‍വെളിച്ചം പോലും കാണാനാവാത്ത നാളുകളായിരുന്നു അത്. സ്റ്റോര്‍ റൂമിലെ ചവറുകള്‍ക്കു മുകളിലായിരുന്നു അന്തിയുറക്കം. ആ നാളുകളില്‍ ഏറ്റവും കൂടുതല്‍ ഉറങ്ങിയത് ഒരൊറ്റ ദിനം മാത്രമായിരുന്നു- അതും വെറും നാലുമണിക്കൂര്‍. പീഡനം മൂലം അവിടെ വച്ചുതന്നെ മരിച്ചുപോവുമെന്നാണ് കരുതിയത്. പക്ഷെ ആയുസ്സുണ്ടായിരുന്നതു കൊണ്ട് രക്ഷപെട്ടു'. ഇത് പറയുമ്പോള്‍ ജുമൈലാ ബീവി ഓലപ്പുരയില്‍ കൈ ചാരി നിന്നു. ദേഹമാസകലം വേദനയാണ്. ശബ്ദം പുറത്തുവരാനാവാത്ത വിധം അവര്‍ നന്നേ ക്ഷീണിതയാണ്. ജീവിതത്തില്‍ രണ്ടാമത്തെ വില്ലനായി തൊണ്ടയിലെ അര്‍ബുദം വേട്ടയാടുകയാണെങ്കിലും ജുമൈലയ്ക്കു ചിലകാര്യങ്ങള്‍ പറയാതിരിക്കാനാവില്ല. കാരണം, മണല്‍കാറ്റില്‍ ആളുന്ന തീജ്വാലകള്‍ ജുമൈലയുടെ ഓര്‍മകളെ അത്രമേല്‍ പൊള്ളിക്കുന്നുണ്ട്.


ദാരിദ്ര്യമായിരുന്നു ജുമൈലയെ എന്നും ചുട്ടുപൊള്ളിച്ചിരുന്നത്. പാവപ്പെട്ട എല്ലാ ഉമ്മമാരേയും പോലെ ദാരിദ്ര്യത്തിന്റെ അതിര്‍ത്തി കടത്തി ഏക മകളെ നല്ലൊരാളെ ഏല്‍പ്പിക്കുക എന്നത് ജുമൈലാ ബീവിയുടേയും സ്വപ്നമായിരുന്നു. അങ്ങനെ പലയിടത്തു നിന്നും കടംവാങ്ങി അവര്‍ മകളുടെ നിക്കാഹ് നടത്തി. നിക്കാഹ് നടത്തിക്കഴിഞ്ഞപ്പോള്‍ ജൂമൈല മൂന്നു ലക്ഷം രൂപയുടെ കടക്കാരിയായി. ആ കടം വീട്ടാനാണ് ജുമൈലാ ബീവി കടല്‍ കടന്നു മണലാരണ്യത്തിലേക്കു പോകാന്‍ തീരുമാനിച്ചത്. വിധവയായ ജുമൈല ബീവിക്കു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമുണ്ടായിരുന്നില്ല.

ജുമൈലാ ബീവി തന്റെ ഓലപ്പുരയ്ക്കു മുന്നിൽ

20,000 രൂപ പ്രതിമാസ ശമ്പളത്തില്‍ സൗദിയിലെ റിയാദില്‍ ഗദ്ദാമയായി (വീട്ടു വേലക്കാരി) ജോലി നോക്കാന്‍ തയ്യാറുണ്ടോയെന്ന ഒരു ഏജന്റിന്റെ ചോദ്യത്തിനു മുന്നില്‍ മറുത്തൊന്നും പറയാന്‍ ജുമൈലാ ബീവിക്ക് കഴിഞ്ഞില്ല. അഥവാ, ഗതികേടുകള്‍ ജുമൈലാ ബീവിയെക്കൊണ്ട് സമ്മതം മൂളിച്ചു. അങ്ങനെ, സ്വന്തം അങ്ങനെ, സ്വന്തം സ്ഥലമായ തിരുവനന്തപുരം നെടുമങ്ങാട് പത്താൻകല്ലിലെ ഇട്ടാവട്ടം വിട്ട് മറ്റൊരിടത്തും പോയിട്ടില്ലാത്ത ജുമൈലാ ബീവി ആദ്യമായി വിദേശത്തു പോവാനൊരുങ്ങി. 2015 ജനുവരി ഒമ്പതിന് തിരുവനന്തപുരത്തു നിന്ന് ട്രെയിന്‍ മാര്‍ഗം പൂനെയിലെത്തി. അവിടെനിന്ന് വ്യാജ ഏജന്റുമാര്‍ ജുമൈലയെ മുംബൈയിലേക്ക് എത്തിച്ചു. തുടര്‍ന്ന് വിദേശത്തേക്ക്.


ആറു മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താനാവുമെന്ന് വീട്ടിനുടുത്തുള്ള ഹാജിയാർ പറഞ്ഞുകേട്ടുള്ള അറിവ് വച്ച് വിമാനത്തില്‍ കയറിയ ജുമൈലാ ബീവിക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ 336 മണിക്കൂര്‍ വേണ്ടി വന്നു! മുംബൈയില്‍ നിന്ന് ഷാര്‍ജയിലേക്കാണ് വിമാനം പോയത്. തുടര്‍ന്ന് ബെഹ്‌റൈനിലേക്കു എത്തിപ്പെടുന്നു. അവിടെ നിന്ന് ജനുവരി 23ന് രാത്രി വ്യാജ ഏജന്റുമാര്‍ മദീനയിലെത്തിച്ചു. ഇവിടെയെല്ലാം കഴിഞ്ഞത് ഒറ്റയ്ക്ക്. അവിടെ നിന്നാണ് ജുമൈലയെ റിയാദില്‍ എത്തിക്കുന്നത്. അപ്പോഴേക്കും 14 ദിനരാത്രങ്ങള്‍ പിന്നിട്ടിരുന്നു. തന്നെ നോക്കിയുള്ള അവരുടെ രഹസ്യ സംഭാഷണങ്ങള്‍ ജുമൈലയിൽ സംശയമുണ്ടാക്കി. ഏജന്റ് ചതിച്ചുവെന്ന് വൈകിയാണ് മനസ്സിലാക്കിയത്. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. നിസ്‌കരിക്കുമ്പോഴും കുളിക്കുമ്പോഴും പോലും ആളുകൾ കാവലുണ്ടാകും. എല്ലാം അവരുടെ നിയന്ത്രണത്തില്‍. ഇതിനിടെ വേശ്യാലയത്തില്‍ പോലും പാര്‍ക്കേണ്ടിവന്നു.

ജുമൈലാ ബീവിയുടെ യുഎഇ ടൂറിസ്റ്റ് വിസ

ഏജന്റ് നിര്‍ദ്ദേശിച്ചതു പ്രകാരം മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു. വീട്ടുവേലക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ ഒടുവില്‍ മരുപ്പച്ച കണ്ട ആശ്വാസമായി. പക്ഷെ വീട്ടുടമ തന്നെ മനുഷ്യനായി പോലും പരിഗണിച്ചില്ലെന്നു ജുമൈല പറയുന്നു. 'റിയാദിലെ പൊലീസിലായിരുന്നു യജമാനനു ജോലി. ആ കണ്ണില്‍ തീയായിരുന്നു. കുറ്റവാളിയായി എന്നെ കരുതി. അടിമയോടെന്ന പോലെ പെരുമാറി. ഇഷ്ടമല്ലാത്ത പലതും ചെയ്യേണ്ടി വന്നു.'ജുമൈല കണ്ണുനീരൊപ്പി. 'ആറു മാസം കഴിഞ്ഞ് പിന്നെ ശമ്പളം നല്‍കിയില്ല. ചോദിച്ചപ്പോള്‍ നിന്നെ നാടുകാണിക്കില്ലെന്ന ഭീഷണിയായിരുന്നു. 18 മാസത്തെ ശമ്പളം നഷ്ടപ്പെട്ടു. വിശ്രമമില്ലാതെ പണിയും നിരന്തരം പീഡനവും. അടിമജീവിതം എന്തെന്ന് എനിക്ക് അക്കാലത്ത് ബോധ്യപ്പെട്ടു. യജമാനന്റെ എല്ലാ ക്രൂരവിനോദങ്ങള്‍ക്കും ഞാന്‍ ഇരയായി. അക്ഷരാര്‍ത്ഥത്തില്‍ അയാളെന്നെ വേട്ടയാടി. വാക്കുകള്‍ക്കൊണ്ട് മനസ്സിലും ആയുധം കൊണ്ട് ശരീരമാസകലവും പരിക്കേല്‍പ്പിച്ചു.'


'ഒരിക്കല്‍ ഞാന്‍ ആ വീട്ടില്‍ നിന്നു രക്ഷപെടാന്‍ ശ്രമം നടത്തി. അപ്പോള്‍ അയാളെന്റെ കഴുത്തില്‍ തോക്കിന്‍കുഴല്‍ വച്ചു പറഞ്ഞു- 'കൊന്നുകളയും*. അയാള്‍ അതു പറഞ്ഞപ്പോള്‍ എനിക്കറിയാമായിരുന്നു അത് സംഭവിക്കുമെന്ന്. പറഞ്ഞാല്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്നയാളായിരുന്നു വീട്ടുടമ. പിന്നീട് ശമ്പളം ഞാന്‍ ചോദിച്ചുമില്ല. എനിക്കു ശമ്പളമല്ല, ജീവനായിരുന്നു വേണ്ടത്. രോഗങ്ങളും പരാധീനതകളും മാത്രമായിരുന്നു കൂട്ട്. അങ്ങനെ രണ്ടു വര്‍ഷം ജീവഭയത്തോടെ അവിടെ നരകിച്ചു. പാദങ്ങളില്‍ അലര്‍ജി ബാധിച്ച് നീരു വന്നു. നടക്കാന്‍ പോലും വയ്യ. തൊണ്ടയില്‍ അണുബാധയുമുണ്ടായിരുന്നു. ഒരു ചികിത്സയും ലഭ്യമായിരുന്നില്ല. കടുത്ത തൊണ്ടവേദന. ആ വേദന എങ്ങനെ വിവരിക്കണമെന്നു തന്നെയെനിക്കറിയില്ല. ഒന്നും ആരോടും പറയാനില്ല. പറഞ്ഞിട്ട് പ്രയോജനവുമില്ല. ഒരിടയ്ക്ക് അയാള്‍ ആക്രോശിച്ചു- തടവറ, അല്ലെങ്കില്‍ മരണം- ഏതെങ്കിലുമൊന്ന് നിനക്ക് തെരഞ്ഞെടുക്കാമെന്ന്. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യൂ എന്നു ഞാന്‍ പറഞ്ഞു.'

Image Title

ജുമൈല ബീവിയ്ക്ക് ഒരു ആഗ്രഹം ബാക്കിയുണ്ട്. 'മനുഷ്യക്കടത്തിലൂടെ പീഡിപ്പിക്കപ്പെടുന്നവരുടെ എല്ലാ ദുരവസ്ഥയും തനിക്കുണ്ടായി. മറ്റൊരാള്‍ക്കും ഇനി അതുണ്ടാകരുത്. അള്ളാഹു തുണച്ചതിനാലാണ് താന്‍ റിയാദില്‍ നിന്ന് രക്ഷപെട്ട് സ്വന്തം നാട്ടിലെത്തിയതെന്നു ജുമൈല വിശ്വസിക്കുന്നു. 'യജമാനനും കുടുംബവും വീടുവിട്ടു പുറത്തുപോയ സമയമായിരുന്നു അത്. ഉടമയുടെ ഫോണെടുത്താണ് ഞാന്‍ വീടു വിട്ടത്. ഇറങ്ങി ഓടുമ്പോള്‍ എങ്ങോട്ടേക്കെന്നു നിശ്ചയമില്ലായിരുന്നു. പീഡനം മൂലം അവിടെ വച്ചു തന്നെ മരിച്ചുപോവുമെന്നാണ് അപ്പോള്‍ കരുതിയത്. എന്നിട്ടും ഓടി. ഒടുവില്‍ എത്തിയത് യജമാനന്‍ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനിലാണ്. ആളെ പറയാതെ മറ്റു പൊലീസുകാരോട് സഹായം തേടി... റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്കു കൊണ്ടുവിടാന്‍ അറബിയില്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ ഫോണ്‍ ചെയ്ത് സാമൂഹിക പ്രവര്‍ത്തകരെ വിളിച്ചുവരുത്തി. അവരാണ് എന്നെ എംബസിയിലെത്തിക്കുന്നത്.'


സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ജുമൈല ബീവി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. കെണിയില്‍പ്പെടുത്തിയവര്‍ക്കും തന്നെ കടത്തിയവര്‍ക്കുമെതിരെ അവര്‍ കേസ് ഫയല്‍ ചെയ്തു. പക്ഷേ നാലു മാസത്തിനു ശേഷം കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായി. സ്റ്റേഷനു പുറത്ത് ഒത്തുതീര്‍പ്പ് നടത്താനായിരുന്നു പൊലീസ് നിര്‍ബന്ധിച്ചത്. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു 'ഉപദേശം'. 'എന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും സാമ്പത്തിക പരാധീനത രൂക്ഷമായതിനാലും ഞാന്‍ നിവൃത്തിയില്ലാതെ വഴങ്ങി. പക്ഷേ അവിടെയും ചതിക്കപ്പെട്ടു. വെറും 50,000 രൂപ തന്ന് എന്നെയും കേസിനേയും ഒതുക്കി'. ഇത് വിവരിക്കുമ്പോള്‍ ജുമൈല നിര്‍വികാരയായിരുന്നു.


നിറയെ സ്വപ്നങ്ങളുമായി സൗദിയില്‍ പോയി, വെറുംകൈയോടെ മടങ്ങിയെത്തി. വിദേശത്തും നാട്ടിലും കബളിപ്പിക്കപ്പെട്ടു. ഇതൊന്നുമായിരുന്നില്ല യാഥാര്‍ത്ഥത്തില്‍ ജുമൈലയെ അലട്ടിയിരുന്നത്. ഓലമേഞ്ഞതാണെങ്കിലും ഒരു കുടില്‍ ഉണ്ടായിരുന്നു. ആരോ​ഗ്യവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവ രണ്ടും നഷ്ടമായി. തൊണ്ടയില്‍ അണുബാധ എന്ന് കരുതിയത് ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. പക്ഷേ ചികിത്സിക്കാന്‍ പൈസയുമില്ല. വായ്പ തിരിച്ചടക്കാനാവാത്തതിന്റെ അപമാനം വേറെയും.

സ്വന്തം കുടിൽ നഷ്ടപ്പെട്ട ജുമൈല ബീവി വൃദ്ധരായ മാതാപിതാക്കളോടൊപ്പം ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. വല്ലപ്പോഴും പ്രസവ ശുശ്രൂഷയ്ക്കു പോവാറുള്ള ജമീലയ്ക്ക് അതിലൂടെ കിട്ടുന്ന തുച്ഛമായ തുകയാണ് ഏക വരുമാന മാർ​ഗം. അതുകൊണ്ട് ചെലവുകളുടെ ഒരു ഭാ​ഗം പോലും കഴിഞ്ഞുപോകുന്നുമില്ല. കാരണം, മരുന്നിന് വലിയ തുകയാണ് ചെലവ് വരുന്നത്. എന്തു ചെയ്യണമെന്നറിയില്ല. എന്നിട്ടും അവരുടെ കണ്ണുകളില്‍ തെളിച്ചം കുറഞ്ഞിട്ടില്ല. ചുവടുകള്‍ പതറുന്നില്ല. വാക്കുകള്‍ക്ക് ഇടര്‍ച്ചയുമില്ല.

'ഒരിക്കല്‍ ആയുസുണ്ടായിരുന്നതു കൊണ്ടു മാത്രം രക്ഷപെട്ടു. ഇനിയും അതുണ്ടാകും'- ആത്മവിശ്വാസത്തിന്റെ നിശ്വാസം ജുമൈലയുടെ തൊണ്ടക്കുഴിയിലെ അര്‍ബുദപ്രദേശങ്ങള്‍ കടന്നു പോകുന്നു...


കടപ്പാട്: റജിമോൻ കുട്ടപ്പൻ

മൈ​ഗ്രന്റ് ഫോറം ഇൻ ഏഷ്യ

Read More >>