ഗൗരി ലങ്കേഷിനെക്കുറിച്ച് കേട്ടതു തന്നെ അവരുടെ മരണശേഷം; വിവാദത്തിനു പിന്നില്‍ വി ഡി സതീശന്‍: കെപി ശശികല നാരദാന്യൂസിനോട്

തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ വിഡി സതീശനും ഏഷ്യാനെറ്റുമാണെന്ന ആരോപണമാണ് കെപി ശശികല ഉന്നയിക്കുന്നത്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. എഴുത്തുകാരുടെ കൈവെട്ടുന്നതല്ല ഭാരതസംസ്‌കാരമെന്നും ഗൗരി ലങ്കേഷ് ആരാണെന്നുപോലും തനിക്കറിയില്ലെന്നും ശശികല വ്യക്തമാക്കി.

ഗൗരി ലങ്കേഷിനെക്കുറിച്ച് കേട്ടതു തന്നെ അവരുടെ മരണശേഷം; വിവാദത്തിനു പിന്നില്‍ വി ഡി സതീശന്‍: കെപി ശശികല നാരദാന്യൂസിനോട്

മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍ എന്ന തന്റെ പ്രസ്താവന വിവാദമാക്കിയതിന് പിന്നില്‍ വിഡി സതീശനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല നാരദാന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഒന്നരദിവസത്തിനുശേഷമാണ് സതീശന് ബോധം വന്നത്. ശനിയാഴ്ച ആറ്റിങ്ങലിലും ഇക്കാര്യം പ്രസംഗിച്ചിരുന്നു. അപ്പോഴൊന്നും ആരും അതില്‍ വിവാദം കണ്ടില്ലെന്നും ശശികല തുറന്നടിച്ചു. മുജാഹിദ് ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണയോഗമായിരുന്നു അത്. ലഘുലേഖ വിഷയത്തില്‍ പറവൂര്‍ എംഎല്‍എ മൗനം പാലിച്ച് വിട്ടുനിന്നതിന് ഹിന്ദു ഐക്യവേദി, എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനെതിരെ സതീശന്‍ നടത്തിയ വിശദീകരണ യോഗത്തില്‍ വെറും 200 ല്‍ താഴെ പേരാണ് വന്നത്. അതില്‍ വി ഡി സതീശന് ഉണ്ടായ വെപ്രാളമാണ് വിവാദത്തിന് പിന്നിലെന്നും ശശികല പറഞ്ഞു. ഏഷ്യാനെറ്റിനും സതീശനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പോകുകയാണെന്നും ശശികല പറഞ്ഞു.


സത്യം പറഞ്ഞാല്‍ ആരാണ് ഈ ഗൗരി ലങ്കേഷ് എന്നതുപോലും എനിക്കറിയില്ല. അവര്‍ എഴുതിയത് ഒന്നും വായിച്ചിട്ടുമില്ല. വായനാശീലമുണ്ടെങ്കിലും ദേശീയ, അന്തര്‍ദേശീയ വായനകളൊന്നും ഇല്ല. അവരുടെ ഒരു ലേഖനംപോലും വായിച്ചിട്ടില്ല. മരണശേഷമാണ് ആ പേര് കേള്‍ക്കുന്നത് തന്നെ. അത് അവര്‍ പ്രശസ്തയല്ലാത്തത് കൊണ്ടല്ല, അത്രയും വിശാലമായ വായന ഇല്ലാത്തതു കൊണ്ടാണ്. അവര്‍ എഴുതുന്നതിനെതിരെ ചിലര്‍ ശബ്ദിച്ചു കാണും. അത് എന്തിന് ചെയ്തതാണെന്ന് അവരോടുതന്നെ ചോദിക്കണം. ആരായാലും കൊല്ലപ്പെടേണ്ടതല്ല, എഴുത്തുകാരന്റെ കൈവെട്ടുന്നതല്ല ഭാരത സംസ്‌കാരം.

നേരത്തേയും തനിക്കെതിരെ പ്രസംഗത്തിന് കേസുകള്‍ എടുത്തിരുന്നു. അത് എന്തായി എന്നൊന്നും അറിയില്ല. ഒരിക്കല്‍ ഒരു പ്രസംഗത്തിനെതിരെ സമന്‍സ് വന്നു. അതില്‍ നടന്ന സംഭവം നടന്ന സ്ഥലം, തീയതി, ഏത് പൊലീസ് സ്റ്റേഷന്‍ എന്നൊന്നും ഇല്ല. ആ ഭാഗത്തൊക്കെ ഒരു വര മാത്രം. ആ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഹര്‍ജി കൊടുത്തു. അതില്‍ സര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ ഹൈക്കോടതി നോട്ടീസ് കൊടുത്തു. പക്ഷെ മാസങ്ങള്‍ കുറെ കഴിഞ്ഞിട്ടും അതില്‍ ഒരു മറുപടി സര്‍ക്കാര്‍ കൊടുത്തിട്ടില്ല- ശശികല പറയുന്നു. നിലവില്‍ നാലു മുഖ്യമന്ത്രിമാരുടെ കീഴില്‍ സംസ്ഥാനത്ത് താൻ പ്രസംഗിച്ചു നടന്നിട്ടുണ്ട്. ഇപ്പോഴും പ്രസംഗിക്കുന്നുണ്ട്. ഇവര്‍ ആരും എന്റെ ബന്ധുക്കളല്ല, കേസെടുക്കാന്‍ വല്ലതുമുണ്ടോയെന്ന് നോക്കി നടക്കുകയാണ്. എല്ലാ പ്രസംഗവും റെക്കോര്‍ഡ് ചെയ്യാന്‍ പൊലീസ് വന്നു നില്‍ക്കുന്നുണ്ടാവും. നിയമവിരുദ്ധമായി വല്ലതും പറഞ്ഞാല്‍ ഇവര്‍ എല്ലാം കൂടി പത്ത് വര്‍ഷം എന്നെ പിടിച്ച് അകത്തിട്ടേനെയെന്നും അവർ വ്യക്തമാക്കി.


ശശികല പറവൂരില്‍ നടത്തിയ പ്രസംഗത്തിൻ്റെ പ്രധാനഭാഗം-


'എന്തൊക്കെ സംഭവങ്ങള്‍ കൃത്രിമമായി എഴുതൂ, ഹിന്ദുത്വത്തെ എതിര്‍ക്കാന്‍.ആദ്യം സംഘപരിവാറിനെതിരെ എഴുതണം, അവരാണല്ലോ രക്ഷപ്പെടുത്തുന്നത്. അവസാനം കേട്ടില്ലെ നിങ്ങള്‍, കര്‍ണാടകയില്‍ നിന്ന്, ഒരു ഗോള്‍ കൂടി വീണു. എന്താണ് ഗൗരി ലങ്കേഷ് അല്ലെ..? അത്യാവശ്യം വായിക്കുന്നവര്‍ക്കെല്ലാം അറിയാം ആള്‍ ആരാണെന്ന്, പക്ഷെ വായിക്കുന്നവരും വായിക്കാത്തവരും ഒക്കെ ഉണ്ടല്ലോ, ചത്തത് കീചകനെങ്കില്‍ കൊന്നത് ആര്‍ എസ് എസ്. പ്രതിയെ പിടിച്ചില്ലാ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.പറഞ്ഞ കാര്യം എന്തായാലും അവര്‍ ആര്‍ എസ് എസിനെ എതിര്‍ക്കുന്നു. ആര്‍ എസ് എസുകാരനെ എതിര്‍ത്താലെ എഴുത്തുകാരനായി അംഗീകരിക്കപ്പെടു.അതുകൊണ്ട് ആര്‍ എസ് എസിനെ എതിര്‍ക്കാത്ത എഴുത്തുകാരുടെ പേരൊന്ന് പറയാമോ.? ആര്‍ എസ് എസിനെ പറ്റി പറയാത്തവര്‍ ഹിന്ദുത്വത്തിനെതിരെ ലേഖനം എഴുതാത്തവര്‍ ആരാണുള്ളത് ? എന്നാലെ കാശു കിട്ടു, അംഗീകാരം കിട്ടു, അവാര്‍ഡ് കിട്ടു, നൂറ്റുക്ക് 90 ഉം ആര്‍ എസ് എസിനെതിരെയല്ലേ....

അങ്ങിനെ കൊന്നൊടുക്കിയാല്‍ പിന്നെ എഴുത്തുകാര്‍ എന്ന വര്‍ഗം കാണില്ല. ആര്‍ എസ് എസിനെതിരെ എഴുതുന്നവരെ എല്ലാം കൊന്നാല്‍ അങ്ങിനെയൊരു വര്‍ഗം ഉണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ എഴുതുമ്പോള്‍ ആര്‍ എസ് എ്സ് വളരുകയാണ് എന്ന തിരിച്ചറിവും ആര്‍ എസ് എസിനും സംഘപരിവാറിനും ഉണ്ട്. നിങ്ങള്‍ നാടുനീളെ നടന്ന് ഗര്‍ഭിണി, ത്രിശൂലം, ഭ്രൂണം എന്നൊക്കെ പറഞ്ഞപ്പോള്‍ എന്തെ ഉണ്ടായത്.? ലോകത്തിന് ഒരു നല്ല പ്രധാന മന്ത്രിയെ കിട്ടി.നിങ്ങളുടെ എകിര്‍പ്പ് കാരണം ലോകത്തിന് നല്ലൊരു നേതാവിനെ കിട്ടി. എതിര്‍പ്പിലൂടെ സംഘടന വളര്‍ന്നു. വല്ലാതെ എതിര്‍ക്കുമ്പോള്‍ വിവരമുള്ള മനുഷ്യര്‍ അതിന്റെ സത്യം ആലോചിക്കും.

അതുകൊണ്ട് എതിര്‍ത്ത് എഴുതുന്നവര്‍ക്് വല്ലതും കൊടുക്കണമോ എന്നാണ് ചിന്തിക്കേണ്ടത്. അതു കൊണ്ട് എതിര്‍ക്കുന്നത് കൊണ്ട് ആര്‍ എസ് എസിന് ഒരാളെ കൊല്ലേണ്ട ഗതികേടില്ല. പക്ഷെ അവിടെ ഒരു കൊല ആവശ്യമാണ്. അവിടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. കോണ്‍ഗ്രസ് പാര്‍ട്ടി ഇലക്ഷനില്‍ നിലപറ്റും എന്ന നിലയില്‍ ഈ കൊല ആവശ്യമാണ്. എനിക്ക് ഇവിടത്തെ മതേതരതരവാദികളോട് ഒന്നെ പറയാനുള്ളു. മക്കളേ ആയുസ്സിനായി ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം കഴിച്ചോളു,എപ്പോഴാ, ഇവരൊക്കെ വോട്ടാക്കാന്‍ ചെയ്യുക എന്ന് ഒരു പിടുത്തവുമില്ല. അല്ലെങ്കില്‍ ഗൗരിയുടെ ഗതി നിങ്ങള്‍ക്കും വന്നേക്കാം.
Read More >>