'ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, മാധ്യമപ്രവര്‍ത്തകയാണോ വിളിച്ചതെന്ന് അന്വേഷണത്തില്‍ തെളിയട്ടെ'; ഫോണ്‍ വിവാദത്തില്‍ നിരപരാധിയെന്ന് എ കെ ശശീന്ദ്രന്‍

സംഭാഷണത്തിലെ ആദ്യഭാഗം മാത്രമാണ് തൻറേത്. ബാക്കിയുള്ളതെല്ലാം ദുരൂഹമാണെന്നും ശശീന്ദ്രൻ. അഗ്നിശുദ്ധി വരുത്തിയാല്‍ ശശീന്ദ്രനെ മന്ത്രിയാക്കി തിരികെയെത്തിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ഉഴവൂര്‍ വിജയന്‍.

ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല, മാധ്യമപ്രവര്‍ത്തകയാണോ വിളിച്ചതെന്ന് അന്വേഷണത്തില്‍ തെളിയട്ടെ; ഫോണ്‍ വിവാദത്തില്‍ നിരപരാധിയെന്ന് എ കെ ശശീന്ദ്രന്‍

ഫോണ്‍ വിവാദത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ വ്യൂ പോയന്റ് എന്ന പരിപാടിയിലാണ് എ കെ ശശീന്ദ്രന്‍ മനസുതുറന്നത്. എന്നെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ച ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ല, ചാനല്‍ പുറത്തുവിട്ട ശബ്ദം ആകെത്തന്നെ അവ്യക്തമാണ്. ആരുടെ ശബ്ദമാണെന്ന് പോലും അറിയാന്‍ കഴിയുന്നില്ല. പക്ഷെ അതില്‍ ആദ്യത്തെ ഒരുഭാഗം എന്റേതാകാന്‍ ഇടയുണ്ട്. ഞാന്‍ ഗോവയിലാണുള്ളത് എന്ന ഭാഗമാണത്. ഗോവയിലുള്ള സമയത്ത് തന്നെ വിളിച്ച പലരോടും ആ വാക്കുകള്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ബാക്കിയുള്ള ഫോണ്‍സംഭാഷണങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ട്. മാധ്യമപ്രവര്‍ത്തകയാണോ വിളിച്ചതെന്ന കാര്യം അന്വേഷണത്തില്‍ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ വാര്‍ത്ത നിഷേധിക്കുന്നു എന്നു താന്‍ പറയാത്തത് പലരിലും സംശയമുണ്ടാക്കി. പക്ഷെ വാര്‍ത്ത അവിശ്വസനീയമാണ് എന്നു പറഞ്ഞത് നിഷേധാത്മക അര്‍ത്ഥത്തില്‍ തന്നെയായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. സമാനമായ നിലപാടാണ് എ കെ ശശീന്ദ്രന്‍ പാര്‍ട്ടിയോഗത്തില്‍ സ്വീകരിച്ചതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ കമ്മീഷനെയും വിശ്വാസമാണ്. അന്വേഷണം നടക്കുമ്പോള്‍ ബാക്കി കാര്യം തെളിയട്ടെയെന്നും അഗ്നിശുദ്ധി വരുത്തിയാല്‍ അദ്ദേഹത്തെ മന്ത്രിയാക്കി തിരികെയെത്തിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

അതേസമയം താന്‍ കുറ്റക്കാരനല്ലെന്ന് പറയാന്‍ എ കെ ശശീന്ദ്രന്‍ എന്തിന് ഇത്ര സമയമെടുത്തു എന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. ശശീന്ദ്രന്‍ തന്നെയാണ് തെറ്റുകാരനെന്ന് തോന്നുംവിധമായിരുന്നു ഈ കേസില്‍ അദ്ദേഹം ദുരൂഹത നിലനിര്‍ത്തിയത്. യഥാര്‍ത്ഥ വസ്തുതകളെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും അതുവരെ നിലപാടില്‍ മാറ്റമില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.