സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ വധിക്കുമെന്ന് ഫെയ്‌സ്ബുക്കിൽ സംഘപരിവാർ ഭീഷണി; പിണറായി മരിച്ചാൽ വഴിപാട് നടത്തുമെന്നും പ്രഖ്യാപനം

ഒറ്റ നോട്ടത്തിൽ വ്യാജൻ എന്ന് തോന്നിപ്പിക്കുന്ന പ്രൊഫൈലിൽ സംഘപരിവാർ പേജുകളിലെ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നുള്ള നിരവധി സിപിഐഎം നേതാക്കൾക്കെതിരെ കടുത്ത പരാമർശങ്ങളും പോസ്റ്റുകളിലുണ്ട്.

സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ വധിക്കുമെന്ന് ഫെയ്‌സ്ബുക്കിൽ സംഘപരിവാർ ഭീഷണി; പിണറായി മരിച്ചാൽ വഴിപാട് നടത്തുമെന്നും പ്രഖ്യാപനം

സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി ഐ മധുസൂധനനെ വധിക്കുമെന്ന് ഫെയ്‌സ്ബുക്കിൽ സംഘപരിവാർ ഭീഷണി. തിരുവനന്തപുരം സ്വദേശിയെന്ന് അവകാശപ്പെടുന്ന വിജേഷ് ബാലൻ പൂങ്ങോട്ട് എന്ന പ്രൊഫൈലിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. വെട്ടിക്കൊല്ലണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിരിക്കുമെന്നും വെട്ടി പയ്യന്നൂർ ബസ്സ്റ്റാൻഡിൽ ഇടുമെന്നും തുടർ കമന്റുകളിൽ വിശദീകരണവുമുണ്ട്.കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മരിച്ചാൽ ശ്രീപദ്മനാഭന് എന്ത് വഴിപാട് വേണമെങ്കിലും ചെയ്യുമെന്ന പ്രഖ്യാപനവും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. സിപിഐഎം നേതാക്കളെ അവഹേളിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്ന നിരവധി ആഹ്വാനങ്ങളാണ് നിറയെ.ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ ഇരുപതാം പ്രതിയായിരുന്നു ടി ഐ മധുസൂദനൻ. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കഴിഞ്ഞാൽ പ്രതിപ്പട്ടികയിലെ ഉന്നത നേതാവ് ടി ഐ മധുസൂധനനാണ്. നേരത്തെ സംഘപരിവാറിൽ നിന്നും മധുസൂദനന് നേരെ ഭീഷണികൾ ഉയർന്നിട്ടുണ്ട്.

ഒറ്റ നോട്ടത്തിൽ വ്യാജൻ എന്നു തോന്നിപ്പിക്കുന്ന പ്രൊഫൈലിൽ സംഘപരിവാർ പേജുകളിലെ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. പിണറായി വിജയനെ കേരളത്തിനു പുറത്ത് സഞ്ചരിക്കാൻ അനുവയ്ക്കില്ലെന്നും ആഹ്വാനമുണ്ട്. സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ സി കൃഷ്ണൻ, ഡിവൈഎഫ്ഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി പി ദിവ്യ എന്നിവരെ അവഹേളിക്കുന്ന തരത്തിലും നിരവധി പരാമർശങ്ങൾ പോസ്റ്റിലുണ്ട്.