ഭരണഘടന കത്തിക്കേണ്ട കാലം കഴിഞ്ഞെന്ന് സംഘപരിവാർ നേതാവ്; പ്രകോപന പ്രസംഗത്തിന്റെ വീഡിയോ

കോട്ടിട്ട കുറെ സായിപ്പന്മാരാണ് ഭരണഘടന ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. അങ്ങനെയുള്ള ഈ പണ്ടാരമാണ് നമ്മുടെ തലയിൽ അടിച്ചേൽപ്പിച്ചതെന്നും ഇത് ചുടേണ്ട കാലം കഴിഞ്ഞെന്നും ഇയാൾ പറയുന്നു.

ഭരണഘടന കത്തിക്കേണ്ട കാലം കഴിഞ്ഞെന്ന് സംഘപരിവാർ നേതാവ്; പ്രകോപന പ്രസംഗത്തിന്റെ വീഡിയോ

ഇന്ത്യൻ ഭരണഘടന കത്തിക്കേണ്ട കാലം കഴിഞ്ഞെന്ന് സംഘപരിവാർ നേതാവിന്റെ ആഹ്വാനം. ശബരിമല സ്ത്രീപ്രവേശന വിധിയിൽ സുപ്രീംകോടതിക്കെതിരെ നടന്ന സമരത്തിലാണ് സംഘപരിവാർ നേതാവിന്റെ പ്രകോപന പ്രസം​ഗം. ഒരു സംശയവും വേണ്ട, ഇത് ചുടുന്ന കാലം വരുമെന്നും ഇയാൾ പറയുന്നു. പത്തനംതിട്ട കോടതിയിലെ അഭിഭാഷകനും സംഘപരിവാർ നേതാവുമായ അഡ്വ. മുരളീധരൻ ഉണ്ണിത്താനാണ് ഭരണഘടന കത്തിക്കാൻ അണികളോട് ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

കോട്ടിട്ട കുറെ സായിപ്പന്മാരാണ് ഭരണഘടന ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. അങ്ങനെയുള്ള ഈ പണ്ടാരമാണ് നമ്മുടെ തലയിൽ അടിച്ചേൽപ്പിച്ചതെന്നും ഇത് ചുടേണ്ട കാലം കഴിഞ്ഞെന്നും ഇയാൾ പറയുന്നു. ഈ രാജ്യത്തെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത്‌ ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്‌കാരമാണ്‌ നമ്മെ നയിക്കുന്നതെന്നും ഇയാൾ അവകാശപ്പെടുന്നു. സ്ത്രീകളെ പൂജിക്കണമെന്ന സംസ്കാരമാണ് നമ്മുടേത്. സ്ത്രീകളെ എങ്ങനെ ആദരിക്കണമെന്ന് നമ്മളെ പഠിപ്പിക്കാൻ ഇവിടെ ഒരു ശക്തിക്കും സാധ്യമല്ലെന്നും മുരളീധരൻ ഉണ്ണിത്താൻ വീഡിയോയിൽ പറയുന്നു.

മുമ്പ് ബീഫ് വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച സംഘപരിവാർ നേതാവാണ് ഇയാൾ. അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുന്ന ആളാണ്‌ ഭരണഘടനയെയും ഇന്ത്യൻ ശിക്ഷാനിയമത്തേയും പരസ്യമായി തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭരണ​ഘടന അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനെതിരെ നാഷണൽ ഹോണർ ആക്ട്-1971 ലെ രണ്ടാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് നിയമവി​ദ​ഗ്ധർ ആവശ്യപ്പെടുന്നു. മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഭരണഘടനാ രൂപീകരണ കാലം മുതൽ ഹിന്ദുത്വ ശക്തികൾ അതിനെതിരെ തുടർന്നുപോരുന്ന എതിർപ്പ്‌ കുപ്രസിദ്ധമാണ്‌. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ സംഘപരിവാർ നേതാവിന്റെ പത്തനംതിട്ടയിലെ പ്രസംഗം.

വിധിയിൽ സുപ്രീംകോടതിക്കും സർക്കാരിനുമെതിരെ കേരളമൊട്ടാകെ തീവ്ര ഹിന്ദുത്വ സംഘടനകൾ വ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്. ബിജെപി, ഹിന്ദു മഹാസഭ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, അയ്യപ്പ ധർമസേന, എൻഎസ്എസ് തുടങ്ങിയ സംഘടനകളാണ് പ്രക്ഷോഭവുമായി മുന്നിലുള്ളത്. ഇന്നലെ പത്തനംതിട്ട ചെറുകോലിൽ നടന്ന വലതുപക്ഷ നായർ സമരത്തിനിടെ ഒരു സ്ത്രീ മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ച് അധിക്ഷേപിച്ചത് വിവാദമായതിനു പിന്നാലെയാണ് സംഘപരിവാർ നേതാവിന്റെ പ്രകോപന പ്രസം​ഗവും പുറത്തുവരുന്നത്.

പ്ര​ക്ഷോഭത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും സുപ്രീംകോടതിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്യുന്നത്. നേരത്തെ, ഒരു ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വർ ശബരിമല സ്ത്രീപ്രവേശന വിധി പറഞ്ഞ ബെഞ്ചം​ഗമായ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്നു വിളിച്ചതും വിവാദമായിരുന്നു.


Read More >>