ഇന്നലെ സംഘപരിവാര്‍ കല്ലെറിഞ്ഞു തകര്‍ത്തത് 79 കെഎസ്ആര്‍ടിസി ബസ്സുകള്‍; പരിക്കേറ്റത് 31 പൊലീസുകാര്‍ക്കെന്ന് മുഖ്യമന്ത്രി

ഇന്നത്തെ സംഭവങ്ങളും നിരവധിയാണ്. അത് മുഴുവന്‍ ആവാത്തതുകൊണ്ട് പറയുന്നില്ല. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അക്രമികളെ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ സംഘപരിവാര്‍ കല്ലെറിഞ്ഞു തകര്‍ത്തത് 79 കെഎസ്ആര്‍ടിസി ബസ്സുകള്‍; പരിക്കേറ്റത് 31 പൊലീസുകാര്‍ക്കെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി. 79 കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്നലെ മാത്രം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മാധ്യമപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. ഇതില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. മീഡിയ വണ്‍, കൈരളി, ഡെക്കാണ്‍ ക്രോണിക്കിള്‍, മാതൃഭൂമി തുടങ്ങി നിരവധി മാധ്യമങ്ങളുടെ ക്യാമറാമാന്‍മാരെ ആക്രമിച്ചു. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ നിരവധി കടകളും വീടുകളുമാണ് സംഘപരിവാര്‍ തകര്‍ത്തത്.

സിപിഐഎമ്മിന്റേയും സിപിഐയുടേയും ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ചില ഓഫീസുകള്‍ കത്തിച്ചു. വനിതാ മതിലില്‍ പങ്കെടുത്തതിന് മാവേലിക്കരയില്‍ ബേക്കറി നടത്തുന്ന സ്ത്രീയുടെ കട അടിച്ചുതകര്‍ത്തു. കരുനാഗപ്പള്ളിയില്‍ കടകള്‍ അടിച്ചുതകര്‍ത്തു. ഇവിടെ നാലു പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. നെയ്യാറ്റിന്‍കര ആലുമ്മൂട്ടില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൗണ്ടര്‍ അടച്ചുപൂട്ടിക്കുന്ന തരത്തില്‍ ആക്രമണം ഉണ്ടായി. വെള്ളനാട് സിപിഐഎം പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തു. സംഘപരിവാര്‍ അക്രമികള്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ സ്ഥിതി വടക്കേ ഇന്ത്യയില്‍ മാത്രമല്ല കാണുന്നത്. യുപിയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറിനെ കൊന്ന സംഭവം അറിയാമല്ലോയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ബിജെപി ആക്രമണത്തില്‍ ഗുരുവായൂര്‍ സിഐയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വടക്കേക്കര അണ്ടിപ്പള്ളിക്കാവ് പെട്രോള്‍ പമ്പിനു സമീപം വനിതാ പൊലീസിനെ ആക്രമിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശാസ്താംകോട്ടയില്‍ നാല് കെഎസ്ആര്‍ടിസി ബസ്സുകളും ഒരു സ്വകാര്യ ബസും തകര്‍ത്തു. പെരിന്തല്‍മണ്ണ, പത്തനംതിട്ട, പ്രാവച്ചമ്പലം, അങ്ങാടിപ്പുറം, പാലക്കാട് വാളയാര്‍ ചുള്ളിമല, കണ്ണൂര്‍ ടൗണ്‍, വടകര എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഒഫീഷ്യല്‍ വീഡിയോ കാമറ ബിജിപി പ്രവര്‍ത്തകര്‍ കൈക്കലാക്കിവച്ചിരിക്കുകയാണ്. പത്തനംതിട്ട ആറന്മുളയില്‍ സിപിഐഎം ഓഫീസിനു കല്ലെറിഞ്ഞു. കൊടിമരം നശിപ്പിച്ചു. തൊടുപുഴയില്‍ ചെത്തുതൊഴിലാളി ഓഫീസ് ആക്രമിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വിഎം സോമനെ ആക്രമിക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ നോര്‍ക്ക ഓഫീസിനു നേരെ വരെ ആക്രണം ഉണ്ടായി. ഇത് ഇന്നലത്തെ ആക്രമണങ്ങള്‍ മാത്രമാണ്. ഇന്നത്തെ സംഭവങ്ങളും നിരവധിയാണ്. അത് മുഴുവന്‍ ആവാത്തതുകൊണ്ട് പറയുന്നില്ല. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അക്രമികളെ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ പത്തിലേറെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുകയെന്നാണ് ഡിജിപി പറഞ്ഞത്.