ആ കമന്റ് പിന്‍വലിക്കില്ല' ദീപ നിശാന്ത് വ്യക്തമാക്കുന്നു; 31 ശതമാനത്തെ വെടിവച്ചു കൊല്ലണമെന്ന ദീപക് ശങ്കരനാരായണന്റെ പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം

ഹിന്ദു ഭീകരവാദത്തിന് വോട്ടു ചെയ്ത ആ 31 ശതമാനത്തിനെ വെടിവച്ചു കൊല്ലണം എന്ന ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് കോപ്പി ചെയ്ത് കമന്റായി ഇട്ടതിന്റെ പേരില്‍ ദീപ നിശാന്തിന് എതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം

ആ കമന്റ് പിന്‍വലിക്കില്ല ദീപ നിശാന്ത് വ്യക്തമാക്കുന്നു; 31 ശതമാനത്തെ വെടിവച്ചു കൊല്ലണമെന്ന ദീപക് ശങ്കരനാരായണന്റെ പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം

'നീതി നിര്‍വ്വഹണത്തിനു തടസ്സം നില്‍ക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടു ചെയ്ത ആ 31 ശതമാനത്തിനെ, വേള്‍ഡ് വാര്‍ ക്വാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ വെടിവച്ചു കൊല്ലണം' എന്ന പരാമര്‍ശമുള്ള പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിന് എതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചു. സിപിഐഎം അനുകൂല സാമൂഹ്യ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരായണന്റെ വിവാദമായ പോസ്റ്റാണ് തൃശൂര്‍ കേരള വര്‍മ കോളേജിലെ അധ്യാപികയായ ദീപ എഴുതിയതാണ് എന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നത്.

പോസ്റ്റ് ദീപക് എഴുതിയതാണെന്ന് ദീപയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തം. എന്നാലിത് ദീപയുടേത് എന്ന നിലയ്ക്ക് വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ഈ പോസ്റ്റിന്റെ പേരില്‍ ദീപക് ജോലി ചെയ്യുന്ന എച്ച്പി, ഐടി കമ്പനിയിലേയ്ക്ക് പരാതികള്‍ പ്രവഹിക്കുകയാണ്. കോളേജിലെ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചതിന്റെ പേരില്‍ മുന്‍പും ദീപയ്ക്ക് എതിരെ പ്രചാരണം നടന്നിരുന്നു. ദീപയ്ക്ക് എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നിരവധി തവണ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

സിപിഐഎം സൈബര്‍ സഹയാത്രികന്‍ ദീപക് ശങ്കരനാരായണന് എതിരെ സംഘപരിവാര്‍ തുടങ്ങിവച്ച പ്രചാരണം അവസാനിക്കണമെങ്കില്‍ കത്വ ബാലികയെ ബലാത്സംഗം ചെയ്തതിനെ ക്രൂരമായി ന്യായീകരിച്ച വിഷ്ണു നന്ദകുമാറിന് മേൽ കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കേണ്ടി വരും. ആര്‍എസ്എസിന്റെ രാജ്യത്തെ തന്നെ ശക്തനായ പ്രവര്‍ത്തകന്‍ കുരുക്ഷേത്രം നന്ദകുമാറിന്റെ മകനാണ് വിഷ്ണു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരനാണ് കുരുക്ഷേത്രം നന്ദകുമാർ. വിഷ്ണുവിന്റെ കൊട്ടക്ക് മഹീന്ദ്ര ബാങ്കിലെ ജോലിയും സൈബര്‍ പ്രചാരണത്തെ തുടര്‍ന്ന് തെറിച്ചിരുന്നു. ഇതിനു സമാനമായ രീതിയിലാണ് ദീപകിനെതിരെ സംഘപരിവാര്‍ ക്യാംപയിന്‍ നടത്തുന്നത്. ഐടി കമ്പനിയായ എച്ച്പിയിലാണ് ദീപക് ജോലി ചെയ്യുന്നത്. ദീപകിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടണം എന്ന പ്രചാരണമാണ് സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തിയത്. ദീപകിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക് അടക്കം പോസ്റ്റിട്ടിരുന്നു. സപ്പോര്‍ട്ട് ദീപക് ഹാഷ് ടാഗുകളില്‍ അനുകൂല പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ദീപക് നീക്കം ചെയ്തതിനെ തുടര്‍ന്നു ദീപയും നീക്കം ചെയ്തു എന്നാണ് സംഘപരിവാര്‍ പ്രചാരണം. എന്നാല്‍ തോമസ് ഐസക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദീപ അതിന് വിശദീകരണം നല്‍കിയത് ഇങ്ങനെ: '31 ശതമാനം ഹിന്ദുക്കളെ വെടിവച്ചു കൊല്ലാന്‍ ഞാന്‍ ആഹ്വാനം ചെയ്തത്രേ! ആ പോസ്റ്റ് പിന്‍വലിച്ചതാണത്രേ. ഞാനിട്ട കമന്റ് ഇപ്പോഴും ആ പോസ്റ്റില്‍ത്തന്നെയുണ്ട്. ദീപക് ശങ്കരനാരായണന്റെ കമന്റാണത്. ദീപക്കിന്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരല്‍ നമസ്‌കാരം. എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്? നിങ്ങളെനിക്കു വേണ്ടി ചെലവഴിക്കുന്ന സമയം, ഊര്‍ജം..... ഇതൊക്കെ ഇനിയും തുടരണം... 'വെടി'യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം...... പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ.. ട്രെയിനിലെ കുളിമുറിയില്‍ ഒരു ഞരമ്പുരോഗി വരച്ചുവയ്ക്കുന്ന വൈകൃതചിത്രങ്ങള്‍ക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാന്‍ പോകരുതെന്ന് ഞാന്‍ അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുള്ളതാണ്. ഞാനിട്ട കമന്റ് പോസ്റ്റിലിപ്പോഴുമുണ്ട്. പിന്‍വലിക്കാന്‍ ഒരുദ്ദേശവുമില്ല! എഴുത്തോ കഴുത്തോ എന്നു ചോദിച്ചാല്‍ എഴുത്തെന്നു തന്നെയാണുത്തരം!'- ദീപയുടെ പോസ്റ്റില്‍ ദീപകിന്റെ വാക്കുകള്‍ ദീപ കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടിരുന്നു. ആ കമന്റ് നീക്കം ചെയ്തിട്ടില്ല.

വിഷ്ണുവിന് എതിരെ എടുത്തിരിക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാതെ ദീപകിനെതിരായ പ്രചാരണം അവസാനിപ്പിക്കില്ല എന്നതാകും സംഘപരിവാര്‍ തന്ത്രം. അതോടൊപ്പം ദീപക് പോസ്റ്റ് പിന്‍വലിച്ചപ്പോഴും ദീപ അത് പിന്‍വലിച്ചെക്കില്ല എന്ന് പുതിയ പോസ്റ്റിലും വ്യക്തമാക്കുന്നു. 'തല്ലും കൊല്ലും പണി കളയും എന്നിത്യാദി ഭീഷണികളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഞാന്‍' എന്ന ക്യാപ്ഷനോടെ ദീപ സംഘപരിവാറിനെ ട്രോളുന്ന മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. ബീഫ് ഫെസ്റ്റിവല്‍ സമയത്തും ദീപയിട്ട ഒരു കമന്റാണ് വിവാദമായത്. ഇപ്പോഴും ദീപക് നീക്കം ചെയ്ത പോസ്റ്റ് കമന്റായി ദീപയിട്ടതാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്.

Read More >>