കാസർഗോട്ടെ ഗുണ്ടാനേതാവിന്റെ കൊലയ്ക്കു പിന്നിൽ മണൽ മാഫിയകളുടെ കുടിപ്പക; കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു

സിദ്ധിഖിന്റെ ഒരു മണല്‍വണ്ടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മണൽ കടത്തുന്ന വിവരം പൊലീസിന് ഒറ്റിക്കൊടുത്തത് അബ്ദുൾ സലാമാണെന്നു കരുതി സിദ്ധിഖ് ഇവർക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പ്രതികാരമായാണ് സലാമും കൂട്ടരും സിദ്ധിഖിനെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇതിനുള്ള മറുപടിയായി നടന്ന കൊലയാണിത് എന്ന സംശയത്തിലാണ് പൊലീസ്.

കാസർഗോട്ടെ ഗുണ്ടാനേതാവിന്റെ കൊലയ്ക്കു പിന്നിൽ മണൽ മാഫിയകളുടെ കുടിപ്പക; കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു

കാസർഗോട്ടെ ഗുണ്ടാ നേതാവ് അബ്ദുൾ സലാമിനെ തലവെട്ടിയെടുത്തു കൊലപ്പെടുത്തിയതിനു പിന്നിൽ മണൽ മാഫിയയുടെ കുടിപ്പക. കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ബിജെപി പ്രവർത്തകനായ ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മണൽ മാഫിയയിലെ പ്രധാനിയുമായ സിദ്ധിക്കിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സിദ്ധിഖും കൂട്ടാളികളും ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്.

അബ്ദുല്‍ സലാം ഉള്‍പ്പെടെയുള്ള നാല് പേരെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഒരു ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉച്ചയോടെ ഇവരെ വിട്ടയച്ചിരുന്നു. തുടർന്നാണ് സലാമിനെ കൊല്ലപ്പെട്ട നിലയിലും കൂട്ടാളി നൗഷാദിനെ കുത്തേറ്റ നിലയിലും കണ്ടെത്തുന്നത്.

ഞായറാഴ്ച പുലർച്ചെ സിദ്ധിഖിന്റെ വീട്ടിൽ ചെന്ന് അബ്ദുൾ സലാമും കൂട്ടരും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മടങ്ങവേയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധിഖിന്റെ ഒരു മണല്‍വണ്ടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മണൽ കടത്തുന്ന വിവരം പൊലീസിന് ഒറ്റിക്കൊടുത്തത് അബ്ദുൾ സലാമാണെന്നു കരുതി സിദ്ധിഖ് ഇവർക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പ്രതികാരമായാണ് സലാമും കൂട്ടരും സിദ്ധിഖിനെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇതിനുള്ള മറുപടിയായി നടന്ന കൊലയാണിത് എന്ന സംശയത്തിലാണ് പൊലീസ്.

കൊലനടന്ന സ്ഥലത്തുനിന്നും മദ്യകുപ്പികളും മറ്റും കണ്ടെടുത്തതിനാൽ, അബ്ദുൾ സലാമും കൂട്ടാളികളും മദ്യപിക്കുന്നതിനിടെ കൊലയാളിസംഘം മിന്നലാക്രമണം നടത്തത്തിയതായാണ് സംശയിക്കുന്നത്. നാലുപേരിൽ കൂടുതലുള്ള സംഘമാണ് കൊലപാതകം നടത്തിയത് എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ദേഹമാസകലം കുത്തേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട, സലാമിന്റെ കൂട്ടാളി നൗഷാദിന്റെ നില മെച്ചപ്പെട്ടു. ശസ്ത്രക്രിയക്ക് വിധേയനായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നൗഷാദിൽ നിന്നും അടുത്ത ദിവസം തന്നെ മൊഴിയെടുക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ മണൽ കടത്തലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സലാം. കാസർഗോഡ് ഗുണ്ടാസംഘങ്ങൾ സജീവമാകുന്നതിന്റെ സൂചനയാണ് സലാമിന്റെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്.

Read More >>