'എസ് ദുർഗ' പിൻവലിച്ച കേന്ദ്ര സർക്കാരിനെതിരെ സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ

കൺഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ ഒരു സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് സനൽകുമാർ ശശിധരൻ സെക്സി ദുർഗയിലൂടെ പറയാൻ പറയാൻ ശ്രമിക്കുന്നത്.

എസ് ദുർഗ പിൻവലിച്ച കേന്ദ്ര സർക്കാരിനെതിരെ സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ

48ആമത് അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ (ഐഎഫ്എഫ്ഐ) നിന്ന് തന്റെ 'എസ് ദുർഗ' പിൻവലിച്ച നടപടിക്കെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഹൈക്കോടതിയിൽ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെയാണ് സനൽ കുമാർ ശശിധരൻ കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ചിത്രം പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ നടപടി നിയമവിരുദ്ധവും അനീതിയുമാണെന്ന് ഹരജിയിൽ പറയുന്നു.

ഫേസ്ബുക് പേജിലൂടെയാണ് കോടതിയിൽ ഹരജി നൽകിയ വിവരം സനൽകുമാർ അറിയിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ യു/എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പത്ത് രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രമുൾപ്പെടെ പത്തൊൻപതോളം പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

കൺഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് എസ് ദുർഗയിലൂടെ സനൽകുമാർ അവതരിപ്പിച്ചത്. കഥയോ തിരക്കഥയോ ഇല്ലാതെ രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്‌. 'സെക്‌സി ദുർഗ' എന്നു പേരിട്ടിരുന്ന ചിത്രം പിന്നീട് ഇന്ത്യയിൽ മാത്രം 'എസ് ദുർഗ' എന്ന പേരിൽ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ പേരു മാറ്റാതെ ഇന്ത്യയിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനാവില്ലെന്ന സെൻസർ ബോർഡ് നിലപാടിനെ തുടർന്നാണ് ചിത്രത്തിന്റെ ഇന്ത്യയിലെ പേര് എസ് ദുർഗ എന്ന് മാറ്റിയത്.

ഇന്ത്യൻ പനോരമ വിഭാഗത്തിൽ നിന്നും സനൽകുമാറിന്റെ എസ് ദുർഗ, ഗുജറാത്തി സംവിധായകൻ രവി ജാദവിന്റെ ന്യൂഡ് എന്നിവയാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിൻവലിച്ചത്. ചിത്രങ്ങൾ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജൂറി തലവൻ സുജോയ്‌ഘോഷ് നേരത്തെ രാജി വച്ചിരുന്നു.

Read More >>