അന്ന് ജയ്ഹിന്ദിലും ഇന്നു മംഗളത്തിലും: ചുബനസമരത്തിലേയ്ക്ക് നയിച്ച എക്‌സ്‌ക്ലൂസീവും മന്ത്രിയുടെ സ്വകാര്യ സംഭാഷണവും അവതരിപ്പിച്ചത് ഒരേ അവതാരക

ചുംബനസമരത്തിലേയ്ക്ക് നയിച്ച ഡൗണ്‍ ടൗണ്‍ കഫേ അടിച്ചു തകര്‍ക്കലിന് ആഹ്വാനം നല്‍കിയത് ജയ്ഹിന്ദ് ചാനലിലെ ഒരു എക്സ്‌ക്ലൂസീവ്. ആ വാര്‍ത്ത അവതരിപ്പിച്ച അതേ അവതാരക തന്നെയാണ് സ്വകാര്യ സംഭാഷണ എക്‌സ്‌ക്ലൂസീവും അവതരിപ്പിച്ചത്.

അന്ന് ജയ്ഹിന്ദിലും ഇന്നു മംഗളത്തിലും: ചുബനസമരത്തിലേയ്ക്ക് നയിച്ച എക്‌സ്‌ക്ലൂസീവും മന്ത്രിയുടെ സ്വകാര്യ സംഭാഷണവും അവതരിപ്പിച്ചത് ഒരേ അവതാരക

പല എക്സ്‌ക്ലൂസീവുകളും പുറത്തുവിടേണ്ടി വന്ന അനേകം അവതാരകരുണ്ട്. ഓരോരുത്തരുടേയും മികവനുസരിച്ച് അത്തരം തിരഞ്ഞെടുപ്പ് എഡിറ്റോറിയല്‍ ബോര്‍ഡ് നടത്തും. പുറത്തുവിടാന്‍ പോകുന്ന വാര്‍ത്തയുടെ വിസ്‌ഫോടന സ്വഭാവം കണക്കിലെടുത്ത് രഹസ്യ സ്വഭാവവും അതിനുണ്ടാകും. വാര്‍ത്ത ഓടിത്തുടങ്ങുമ്പോള്‍ മാത്രമേ, വായിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ചിലപ്പോള്‍ അവതാരകര്‍ അത് അറിയണമെന്നു പോലുമുള്ളു. മൂന്ന് സ്ത്രീകളെ അതിഥികളായി വിളിച്ചിരുത്തി, അവരുടെ മുഖഭാവങ്ങളിലേയ്ക്ക് ക്യാമറ സൂം ചെയ്ത് മന്ത്രിയുടേതെന്നു പറയുന്ന സ്വകാര്യ സംഭാഷണം പുറത്തുവിട്ട അതേ അവതാരകയാണ് ചുംബന സമരത്തിലേയ്ക്ക് നയിച്ച ജയ്ഹിന്ദിലെ എക്‌സ്‌ക്ലൂസീവും അവതരിപ്പിച്ചത് എന്ന യാദൃച്ഛികതയും ചര്‍ച്ചയാകുന്നു.

സ്വകാര്യ ലൈംഗിക സംഭാഷണം പുറത്തു വിടുമ്പോള്‍ സ്‌ക്രീനില്‍ സ്ത്രീകളുടെ മുഖം തന്നെ ഉണ്ടാകണമെന്ന എഡിറ്റോറിയല്‍ തീരുമാനം വിമര്‍ശിക്കപ്പെടുകയാണ്. കുട്ടികളെ സ്‌ക്രീനില്‍ നിന്നു മാറ്റണം എന്ന് ആവശ്യപ്പെട്ട 'ചരിത്രത്തിലെ ആദ്യ' അവതാരകയുമായി ഈ വ്യക്തി. ഡൗണ്‍ടൗണ്‍ കഫേ അടിച്ചു തകര്‍ക്കലും തുടര്‍ന്നുണ്ടായ ചുംബന സമരവും സദാചാര ഗുണ്ടായസത്തിനെതിരായ ആശയരൂപീകരണം നടത്തി.

2014 ഒക്ടോബര്‍ 23ന് രാത്രി ഒന്‍പതിനാണ് ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവായി വാര്‍ത്ത പുറത്തു വിടുന്നത്. 'കോഴിക്കോട്ടെ ചില റെസ്റ്റോറന്റുകളും കഫേകളും അനാശാസ്യത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. രാവും പകലും ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ന്യൂ ജനറേഷന്‍ റെസ്റ്റോറന്റുകളില്‍ അനാശാസ്യം നടക്കുന്നത് നിയമപാലകരും പുറം ലോകവും അറിയുന്നില്ല'- എന്ന് വാര്‍ത്ത അവതരിപ്പിച്ചത് ഇതേ അവതാരികയായിരുന്നു.

വിഷ്വലില്‍ കാണിക്കുന്നത് ഡൗണ്‍ടൗണ്‍ കഫേയാണ്. വാര്‍ത്തയോട് ആദ്യം പ്രതികരിച്ച്, 'സമയപരിധിയില്ലാതെ രാവും പകലും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് അനാശാസ്യത്തിന്റെ കേന്ദ്രമായി മാറുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അരാജകത്വം നിറഞ്ഞ പുതുതലമുറയെ കാണേണ്ടി വരുമെന്ന' ക്യാമറാമാന്‍ വിനോദ് കുമാറിനോടൊപ്പം ധനിത് ലാല്‍ എസ് നമ്പ്യാര്‍ പറഞ്ഞത് ശരിവെച്ചതാവട്ടെ അന്നത്തെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയും. ജയ്ഹിന്ദിന്റേയും ബിന്ദുകൃഷ്ണയുടേയും ആഹ്വാനം ഏറ്റെടുത്ത് കഫേ തകര്‍ത്തത് യുവമോര്‍ച്ചയാണെന്നു മാത്രം.

ന്യൂസ് പോണോഗ്രഫി ചാനലില്‍ അവതരിപ്പിക്കാന്‍ സ്ത്രീ അവതാരികയെ തന്നെ തിരഞ്ഞെടുത്തതും അത് ഒരാള്‍ തന്നെയായതും തികച്ചും യാദൃശ്ചികത മാത്രമാകാം.

ജയ്ഹിന്ദിലെ അന്നത്തെ എക്‌സ്‌ക്ലൂസീവ് കാണാം