ഒരു കൈ ഇല്ലാത്തയാളുടെ മറ്റേ കൈ വെട്ടിയ 'ഗാന്ധിഗുണ്ട'കളോട്:കയ്യില്‍ പേന കെട്ടിവെച്ച് സച്ചു പരീക്ഷ എഴുതുമോ?

കേരളത്തിലിതാ ഗാന്ധിപ്പാര്‍ട്ടിക്കാരുടെ ദാരുണമായ ഗുണ്ടാ അക്രമം. വനിതാദിനത്തിലെ പോസ്റ്ററിനെ ചൊല്ലിയുണ്ടായ സദാചാര ഗുണ്ടായിസം സച്ചിയെന്ന വിദ്യാര്‍ത്ഥിയുടെ കൈവെട്ടുന്നതിലേയ്ക്ക് നീണ്ടു. സച്ചുവിന് പരീക്ഷയാണ്. ഒരു കൈമാത്രമേ സച്ചുവിന് ഉണ്ടായിരുന്നുള്ളു- സച്ചുവിനെ അടുത്തറിയുക.

ഒരു കൈ ഇല്ലാത്തയാളുടെ മറ്റേ കൈ വെട്ടിയ ഗാന്ധിഗുണ്ടകളോട്:കയ്യില്‍ പേന കെട്ടിവെച്ച് സച്ചു പരീക്ഷ എഴുതുമോ?

ഒരു കൈയില്ലാത്തവന്റെ മറു കയ്യും വെട്ടിയെടുത്തിട്ട് നിങ്ങള്‍ എന്ത് അക്രമ രാഷ്ട്രീയത്തെയും അസഹിഷ്ണുതയേയും കുറിച്ചാണ് സംസാരിക്കുന്നത്- ചോദിക്കുന്നത് സച്ചു സദാനന്ദനാണ്. എംജി യൂണിവേഴ്‌സ്റ്റി ക്യാംപസില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍.

അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു സച്ചു. ജന്മനാ ഒരു കയ്യില്ലാത്ത സച്ചുവിന് വലതു കൈ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പത്തു സെന്റിമീറ്റര്‍ നീളത്തിലാണ് മുറിവ്. എല്ലു മുറിഞ്ഞതിനാല്‍ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരും. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു സച്ചുവിന് വാക്കുകള്‍ പലതും പുറത്തു വന്നില്ല- 'രണ്ടു കൈകള്‍ ഇല്ലാത്ത ഞാന്‍ എങ്ങനെ പരീക്ഷ എഴുതും'

വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് കെ എം അരുണിനെയും സച്ചുവിനെയും കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് സംഘം വെട്ടിയത്. നാലു പേരേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ' പൂറ് ഇനിയെങ്കിലും ഒരു തെറിയല്ല നമ്മെ പെറ്റ വഴിയാണ്. മുറിവുകളുടെയും വേദനകളുടെയും ഒടുങ്ങാത്ത ചരിത്രമുണ്ടതിന്' തുടങ്ങിയ പോസ്റ്ററുകള്‍ ഈ കഴിഞ്ഞ വനിതാ ദിനത്തില്‍ മാന്നാനം കെ. ഇ കോളേജില്‍ എഴുതി പ്രദര്‍ശിപ്പിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കം. പോസ്റ്ററുകള്‍ അശ്ലീലമാണെന്നും സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നതാണ് സംഘര്‍ഷങ്ങള്‍ക്കു വഴി വെച്ചത്. പോസ്റ്ററിന്റെ പേരിലുള്ള വാഗ്‌വാദം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

എന്തിനാണ് അവര്‍ എന്നെ ആക്രമിച്ചത് എന്നു പോലും എനിക്കറിയില്ല. ആയുധങ്ങളുമായി അവര്‍ മുന്‍പില്‍ വന്നപ്പോഴും ഭയന്നില്ല. ഓടിപോകാന്‍ ഞാന്‍ ഭീരുവല്ല. ഓടിപോകേണ്ട കാര്യവും ഇല്ലായിരുന്നു. ഇന്നേ വരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വളരെ കൃത്യമായി മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്ന ഞാന്‍ എന്തിന് ഓടണം എന്നായിരുന്നു എന്റെ ചിന്ത. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം അരുണിനെ ലക്ഷ്യമാക്കി വാളു വീശിയപ്പോഴാണ് ഞാന്‍ തടസ്സം പിടിക്കാന്‍ ചെന്നത്. എന്റെ തലയാണ് അവര്‍ ഉന്നം വെച്ചത്. ജന്മനാ ഒരു കൈയില്ലാതെയാണ് ജനിച്ചത്. കഷ്ടപ്പെട്ടാണ് പഠിച്ചത്. പട്ടിണിയും ദാരിദ്രവും കഷ്ടപ്പാടും സഹിച്ചാണ് വളര്‍ന്നത്. തകര്‍ക്കാനാകില്ല എന്റെ ആത്മവിശ്വാസം. പരീക്ഷ എഴുതാന്‍ കഴില്ലല്ലോയെന്ന ദുഖം മാത്രമാണ് ഉള്ളത്. എസ്എഫ്‌ഐ അക്രമം അഴിച്ചു വിടുന്നുവെന്ന വെണ്ടയ്ക്ക നിരത്തുന്നവര്‍ ഇതൊന്നും കാണുന്നില്ല. ഇന്നലെ ഇന്റേണല്‍ പരീക്ഷയുണ്ടായിരുന്നു. എഴുതാന്‍ സാധിച്ചില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും നഷ്ടമാകുന്ന സ്ഥിതിയാണ്-- സച്ചു പറയുന്നു.

മാവേലിക്കര കണ്ടിയൂര്‍ സച്ചുനിവാസില്‍ സദാനന്ദന്റെ മകന്‍ പ്രതിസന്ധികള്‍ ഒരുപാട് തരണം ചെയ്താണ് ഇവിടെ വരെയെത്തിയത്. എം ജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിജി കഴിഞ്ഞാണ് ഇപ്പോള്‍ അവിടെ ബിഎല്‍ഐസിക്ക് ചേര്‍ന്നത്. ചെറിയ പച്ചക്കറിക്കടയായിരുന്നു വരുമാന മാര്‍ഗ്ഗം. സച്ചുവിന് താങ്ങും തണലുമായി അമ്മ ശ്രീലത ഇപ്പോള്‍ കൂട്ടിനുണ്ട്.
'നന്നായി പഠിക്കുമായിരുന്നു എന്റെ മകന്‍. മിതമായി സംസാരിക്കുകയും നന്നായി പെരുമാറുകയും ചെയ്യുന്ന എന്റെ കുഞ്ഞിനോട് ഈ കൊടുംക്രൂരത ചെയ്യാന്‍ അവര്‍ക്കെങ്ങനെ മനസ്സു വന്നു'വെന്ന് അമ്മ ശ്രീലത കണ്ണീരോടെ പറയുന്നു.

മാന്നാനം കെ ഇ കോളജില്‍ പോസ്റ്റര്‍ പതിച്ചതിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കെഎസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി മാന്നാനം ജങ്ഷനില്‍ വച്ച് എസ് എഫ് ഐ പ്രത്തകര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സിനെയും യൂണിറ്റ് പ്രസിഡന്റ് ബെന്‍ വര്‍ഗീസിനെയും മര്‍ദ്ദിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം അരുണി (22)നും, എംജി സര്‍വകലാശാല യൂണിറ്റ് കമ്മിറ്റി അംഗം സച്ചു സദാനന്ദനെയും(22)യുത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ജിം അലക്‌സ് ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘമാണ് തങ്ങളുടെ പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ചതെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിബി ജോണ്‍ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടയാളും മുമ്പ് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. സിബിയെ കൂടാതെ അമ്മഞ്ചേരില്‍ വാളംപറമ്പില്‍ രോഹിന്‍ കുര്യന്‍ (24), അമ്മഞ്ചേരി വെട്ടുകുഴി ജയ് മോഹന്‍ (36), കരിപ്പൂത്തട്ട് വേളൂര്‍ എണ്‍പതില്‍ അനീഷ് (33) എന്നിവരെയാണ് ഏറ്റുമാനൂര്‍ സിഐ സി ജെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

എന്നാല്‍, ഗുണ്ടാ സംഘത്തലവന്‍ അരുണ്‍ ഗോപനെതിരേ ആക്രമണത്തിനിരയായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വൈശാഖ് ആരോപിക്കുന്നു. മറുകൈ കൊണ്ട് തടയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അവര്‍ സച്ചുവിനെ വെട്ടിയത്. ഇനി നീ പഠിയ്ക്കേണ്ടെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ സച്ചുവിന്റെ വലത് കൈയ്ക്ക് വെട്ടിയത്. ഇത് കെ എസ് യു വിന്റെ അക്രമ രാഷ്ട്രീയമല്ല ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയിലാണ് വരുത്തേണ്ടതെന്നും വൈശാഖ് പറഞ്ഞു. എസ് എഫ് ഐ അതിക്രമത്തെക്കുറിച്ചും മാത്രം ചര്‍ച്ചയുണ്ടായാല്‍ പോരാ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങളാണ്ചുട്ടു കരിക്കപ്പെട്ടത്. പൊതുസമൂഹം പ്രതികരിക്കുക തന്നെ വേണം. എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാലു പേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് എട്ട് എസ് എഫ് ഐക്കാര്‍ക്കെതിരേയും കേസുണ്ട്.


Read More >>