ഭവ്യയെ ജീവിതസഖിയാക്കി സച്ചിൻ പറഞ്ഞു; 'ഒരു ക്യാൻസറിനും വിട്ടുതരില്ല ഇവളെ'...

പരീക്ഷണങ്ങളുടെ ഏതു വേലിക്കെട്ടുകളേയും പൊളിക്കാൻ തങ്ങളുടെ പ്രണയത്തിനാവുമെന്ന് ഉറച്ച നിശ്ചയദാർഢ്യത്തോടെ സച്ചിൻ ഈ ലോകത്തോട് ഉറക്കെപ്പറയുകയായിരുന്നു ആ മിന്നുകെട്ടിലൂടെ. ശരീരം തുളയുന്ന വേദനയ്ക്കിടയിലും ആശ്വാസക്കുളിരായി വേറെന്തുവേണം ഭവ്യയ്ക്ക്?

ഭവ്യയെ ജീവിതസഖിയാക്കി സച്ചിൻ പറഞ്ഞു; ഒരു ക്യാൻസറിനും വിട്ടുതരില്ല ഇവളെ...

ഒരു രോ​ഗത്തിനും തങ്ങളുടെ പ്രണയത്തെ തോൽപ്പിക്കാനാവില്ലെന്ന് തെളിയിച്ച് സച്ചിനും ഭവ്യയും. ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ സച്ചിൻ ജീവിതസഖിയാക്കി. മലപ്പുറം പൂളപ്പാടം സ്വദേശി സച്ചിന്റേയും കരുളായി സ്വദേശി ഭവ്യയുടേയും വിവാഹമാണ് മറ്റൊരു ഇതിഹാസമായത്. പഠിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. പിന്നീടാണ് വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുന്നത്. അങ്ങനെ ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ഭവ്യയെ തേടി ക്യാൻസറെത്തിയത്. എന്നാൽ എല്ലാം തകർന്നുവെന്ന് തോന്നിയ ആ ഭീകര നിമിഷത്തിലും സച്ചിൻ തളർന്നില്ല. ഭവ്യയ്ക്ക് കൂടുതൽ ആത്മവിശ്വാസവും സ്നേ​ഹവും കരുതലും നൽകി അവളെ ചേർത്തുപിടിച്ചു. അങ്ങനെ ഇന്നലെ പുതിയൊരു ചരിത്രവും പിറന്നു. കഴുത്തിൽ മിന്നുകെട്ടി ഭവ്യയുടെ കൈ പിടിച്ച് സച്ചിൻ നടക്കുമ്പോൾ കണ്ടുനിന്നവരുടെ നയനങ്ങൾ അതിരില്ലാത്ത സന്തോഷത്താൽ ഈറനണിഞ്ഞു.ഭവ്യയുടേയും സച്ചിന്റേയും ജീവിത കഥ അറിയുമ്പോൾ ആരുടേയും നെഞ്ചൊന്ന് പിടയും. ഒടുവിൽ എന്തു പേരു വിളിച്ച് ഇവരുടെ പ്രണയത്തെ വിശേഷിപ്പിക്കും ചെയ്യും എന്ന കാര്യത്തിൽ നമ്മൾ കുഴയും. കഴിഞ്ഞവർഷമാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചായിരുന്നു സൗഹൃദം പൂവണിയുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഏതാനും നാളുകൾക്കു ശേഷം നിലമ്പൂർ ചന്തക്കുന്നിലെ ഒരു ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. ഈ സമയം തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള ഒരുക്കത്തിലായിരുന്നു സച്ചിൻ. ഇങ്ങനെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കൽ ഭവ്യയ്ക്ക് അസഹ്യമായ പുറംവേദന തുടങ്ങുന്നത്. പലയിടത്തും കൊണ്ടുപോയി പരിശോധിച്ചു. ഒടുവിൽ വിശദമായ പരിശോധനയ്ക്കു ശേഷമാണ് ക്യാൻസറാണെന്ന് അറിയുന്നത്. എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയ്ക്ക്. ഇതോടെ ഭവ്യ മാനസികമായി തളർന്നെങ്കിലും അവളെ ഒറ്റയ്ക്കാക്കാൻ സച്ചിൻ തയ്യാറായില്ല.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ- ഭാനുമതി ദമ്പതികളുടെ മകനാണ് സച്ചിൻ. ഭവ്യ കരുളായി സ്വദേശി ഗിരീഷ്- മഞ്ചു ദമ്പതികളുടെ മകളാണ്. കൂലിപ്പണിക്കാരനായ ഭവ്യയുടെ അച്ഛന് മകളുടെ ചികിത്സാ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ ഭവ്യയുടെ ചികിത്സയ്ക്കായി സച്ചിൻ തന്റെ തുടർപഠനവും ജോലിക്കുള്ള അലച്ചിലുമെല്ലാം ഉപേക്ഷിച്ചു. ഇതിനിടെ പണത്തിന് ബുദ്ധിമുട്ട് കൂടിയപ്പോൾ മറുത്തൊന്നും ആലോചിക്കാതെ കൂലിപ്പണിക്കിറങ്ങി. ഭവ്യയുടെ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ട് വീട്ടിലെ ചെലവുകൾ പോലും കഷ്ടിച്ചാണ് നടന്നിരുന്നത്. ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ അച്ഛനാവാതെ വന്നതോടെയാണ് തന്റെ മോഹങ്ങളെല്ലാം പണയംവച്ച് പ്രണയിനിയുടെ ചികിത്സയ്ക്കായി സച്ചിൻ മാർബിൾ പണിക്കിറങ്ങിയത്. തന്റേയും ഭവ്യയുടേയും കുടുംബത്തെ നോക്കുന്നത് സച്ചിനാണ്. ആദ്യ കീമോ കഴിഞ്ഞപ്പോഴായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അതിലൂടെ, താൻ എന്നും കൂടെയുണ്ടെന്ന് ഭവ്യയെ സച്ചിൻ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി.ഇതുവരെ ഏഴു കീമോയാണ് കഴിഞ്ഞത്. ഈ മാസം 12നാണ് എട്ടാമത്തെ കീമോ. അതിനു മുമ്പ് വീട്ടുകാരുടേയും നാട്ടുകാരുടേയും അനു​ഗ്രഹത്തോടെയും സമ്മതത്തോടെയും ലളിതമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ എന്തു വലിയ പ്രതിസന്ധികളും പരീക്ഷണങ്ങളും ഉണ്ടായാലും നിന്നെവിട്ട് ഞാൻ പോവില്ലെന്ന് സച്ചിൻ ഭവ്യയെ ഒന്നുകൂടി ബോധ്യപ്പെടുത്തി. പരീക്ഷണങ്ങളുടെ ഏതു വേലിക്കെട്ടുകളേയും പൊളിക്കാൻ തങ്ങളുടെ പ്രണയത്തിനാവുമെന്ന് ഉറച്ച നിശ്ചയദാർഢ്യത്തോടെ സച്ചിൻ ഈ ലോകത്തോട് ഉറക്കെപ്പറയുകയായിരുന്നു ആ മിന്നുകെട്ടിലൂടെ. ശരീരം തുളയുന്ന വേദനയ്ക്കിടയിലും ആശ്വാസക്കുളിരായി വേറെന്തുവേണം ഭവ്യയ്ക്ക്?ജീവിതത്തിൽ ഒന്നായെങ്കിലും ഭവ്യയുടെ തുടർചികിത്സയ്ക്കുള്ള ചെലവിനായി സച്ചിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനം മാത്രം പോരാ. എറണാകുളത്താണ് ഭവ്യയ്ക്കു ചികിത്സ. മാസത്തിൽ രണ്ടു തവണ ആശുപത്രിയിൽ എത്തണം. ഓരോ യാത്രയിലും 30000 രൂപയാണ് ചികിത്സാ ചെലവ്. രോ​ഗത്തിന് വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്ത തന്റെ പ്രിയതമയെ പൂർണമായും അതിൽനിന്നു മോചിതയാക്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് സച്ചിൻ. തുടർ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. സച്ചിനേയും ഭവ്യയേയും സ്നേഹിക്കുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ചികിത്സാ സഹായം നൽകുക എന്നതാണ്. അതിനായി സുമനസ്സുകളായ ഓരോരുത്തരും കഴിയുന്ന രീതിയിൽ സഹായം ചെയ്യേണ്ടതുണ്ട്. എങ്കിൽ ഭവ്യയെ പഴയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.

സഹായത്തിനായി കേരളാ ​ഗ്രാമീൺ ബാങ്കിന്റെ കരുളായി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

BHAVYA P

Acc.number: 40160101056769.

IFSC : KLGB0040160.

KERALA GRAMIN BANK,

KARULAI BRANCH.

Read More >>