അയിത്താചരണം നടത്തിയ തന്ത്രിയെ പ്രൊസിക്യൂട്ട് ചെയ്യണം: ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി

സ്ത്രീകളുടെ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി വന്നതുമുതല്‍ ഭരണഘടന അട്ടിമറിക്കാന്‍ മതവര്‍ഗീയ വാദികളും എന്‍എസ്എസ് തുടങ്ങിയ സാമുദായിക ശക്തികളും തന്ത്രിയെന്ന ബ്രാഹ്മണ്യ പദവിയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

അയിത്താചരണം നടത്തിയ തന്ത്രിയെ പ്രൊസിക്യൂട്ട് ചെയ്യണം: ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി

അഡ്വ. ബിന്ദു, കനദുര്‍ഗ എന്നീ യുവതികൾ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശമെന്ന അയിത്താചരണം നടത്തിയ തന്ത്രിയുടെ നടപടി കുറ്റകൃത്യമാണെന്ന് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി. ക്രിമിനല്‍കുറ്റം ചെയ്യുകയും സുപ്രീംകോടതി വിധി ലംഘിക്കുകയും ചെയ്ത ശബരിമല തന്ത്രിക്കെതിരെ കേസെടുത്ത് പ്രൊസിക്യട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു.

പ്രാകൃത അനാചാരങ്ങള്‍ ഉല്‍ഘോഷിക്കുന്ന തന്ത്രസമുച്ചയം മാത്രം അംഗീകരിക്കുന്ന തന്ത്രി സുപ്രീംകോടതി വിധിയോ ഭരണഘടനയെയോ അംഗീകരിക്കുന്നില്ല. നിയമവാഴ്ചയെ അംഗീകരിക്കുന്നതിനു പകരം, സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനുമാണ്. സ്ത്രീകളെ തെരുവില്‍ വേട്ടയാടുകയും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെ വര്‍​ഗീയ ശക്തികളെ അണിനിരത്തുകയും ചെയ്യുന്നത് തന്ത്രികളും തന്ത്രിയെ സംരക്ഷിക്കുന്ന സാമുദായിക ശക്തികളുമാണ്.

സ്ത്രീകളുടെ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി വന്നതുമുതല്‍ ഭരണഘടന അട്ടിമറിക്കാന്‍ മതവര്‍ഗീയ വാദികളും എന്‍എസ്എസ് തുടങ്ങിയ സാമുദായിക ശക്തികളും തന്ത്രിയെന്ന ബ്രാഹ്മണ്യ പദവിയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭരണഘടനയും സാമൂഹികനീതിയും അട്ടിമറിച്ച് ജാതി മേധാവിത്തം ശക്തിപ്പെടുത്താനുള്ള എന്‍എസ്എസ്സിന്റെ താൽപര്യമാണ് ആര്‍ത്തവലഹളയ്ക്കും സാമുദായിക സംഘര്‍ഷത്തിനും കാരണം. ആദിവാസികളുടെ ആരാധനാലയം തട്ടിയെടുത്തതിനു ശേഷം ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും മേധാവിത്തം സ്ഥാപിച്ചതോടൊപ്പം സാമ്പത്തിക സംവരണത്തിനുവേണ്ടി ഭരണഘടന അട്ടിമറിക്കാനുള്ള നിഗൂഢമായ താല്പര്യം കൂടി വര്‍ഗീയ വാദികള്‍ക്കുണ്ട്.

ജനാധിപത്യ കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരമായാണ് 'തന്ത്രി പടിയിറങ്ങുക; ശബരിമല ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുക' എന്ന ആവശ്യം ആദിവാസി- ദളിത് പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു തുടങ്ങി എതിനാല്‍ സുപ്രീംകോടതി വിധിമാനിച്ച് തന്ത്രസമുച്ചവുമായി തന്ത്രി സ്വയം ഇറങ്ങിപ്പോകേണ്ടതാണ്. എന്നാല്‍ അതിന് തയ്യാറല്ല എന്നു മാത്രമല്ല; ശുദ്ധികലശത്തിന്റെ പേരില്‍ അയിത്താചരണം നടത്തി സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമണത്തിന്റെ പിന്‍ബലത്തില്‍ ശുദ്ധികലശമെന്ന തുറന്ന നിയമലംഘനം നടത്തി ശബരിമലയില്‍ കടിച്ചുതൂങ്ങുന്ന തന്ത്രിക്കെതിരെ അയിത്താചരണത്തിന്റെ പേരില്‍ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കോടതിയലക്ഷ്യ നടപടി കൂടാതെ ഭരണഘടനയുടെ 17-ാം വകുപ്പ് അനുസരിച്ച് കുറ്റകരമാക്കിയ അയിത്താചരണത്തിന്റെ പേരില്‍ തന്ത്രി കുറ്റവാളിയാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ജാതി- ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന പ്രാകൃത നിയമമായ തന്ത്രസമുച്ചയം പൊതു ഇടങ്ങളില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുന്നതോടൊപ്പം, വിവേചനത്തിന്റെ തത്വശാസ്ത്രമായ ബ്രാഹ്മണ്യത്തിനും അത് നിലനിര്‍ത്തുന്ന അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.

ബ്രാഹ്മണ്യവിരുദ്ധ- ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി 14ന് കോട്ടയത്ത് സംസ്ഥാനതല കൺവെന്‍ഷന്‍ സംഘടിപ്പിക്കും. ദേശീയ തലത്തിലുള്ള സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി തന്ത്രസമുച്ചയം പ്രതീകാത്മകമായി കത്തിക്കും. കൂടാതെ ബിന്ദുവിനും കനകദുര്‍​ഗയ്ക്കും സ്ത്രീപ്രവേശനത്തിന് ശ്രമിച്ചവര്‍ക്കും ദളിത് ആദിവാസി പ്രവര്‍ത്തകര്‍ക്കുമെതിരെ ഹിന്ദു വര്‍​ഗീയവാദികള്‍ നടത്തുന്ന അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രസ്ഥാനം സൃഷ്ടിക്കും. വില്ലുവണ്ടി യാത്രയ്ക്ക് കോഴിക്കോട് നേതൃത്വം നല്‍കിയ ഒ പി രവീന്ദ്രനും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന അതിക്രമത്തിനെതിരെ കോഴിക്കോട്, പ്രതിഷേധ കൺവെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികളായ സണ്ണി എം കപിക്കാട്, എം ഗീതാനന്ദന്‍, എം ഡി തോമസ്, സി ജെ തങ്കച്ചന്‍ എന്നിവർ അറിയിച്ചു.