ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും എസ് രാജേന്ദ്രൻ എംഎൽഎ: സബ് കളക്ടർ ജനത്തെ വിഡ്ഡികളാക്കുന്നു; റവന്യു മന്ത്രി പക്വതയോടെ കാര്യങ്ങൾ ചെയ്യണം

സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന നടപടികളാണ് സബ് കളക്ടറുടെ ഭാ​ഗത്തുനിന്നുണ്ടാവുന്നത്. അദ്ദേഹത്തിന്റെ അഭിനയം നിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ശിവറാമിനെതിരെ പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയതിൽ ഗൂഢാലോചനയുണ്ട്. സിപിഐഎം കൈയേറ്റക്കാര്‍ക്ക് ഒപ്പമല്ല, കുടിയേറ്റക്കാര്‍ക്കൊപ്പമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും എസ് രാജേന്ദ്രൻ എംഎൽഎ: സബ് കളക്ടർ ജനത്തെ വിഡ്ഡികളാക്കുന്നു; റവന്യു മന്ത്രി പക്വതയോടെ കാര്യങ്ങൾ ചെയ്യണം

മൂന്നാറിൽ കൈയേറ്റക്കാർക്കെതിരെ കർശന നടപടികളുമായി നീങ്ങുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും എസ് രാജേന്ദ്രൻ എംഎൽഎ. ശ്രീറാം വെങ്കട്ടരാമൻ ജനത്തെ വിഡ്ഡികളാക്കുകയാണെന്നും അദ്ദേഹത്തിന്റെ ദേവികുളത്തെ അഭിനയം വിലപ്പോവില്ലെന്നും എംഎൽഎ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാൻ പൊലീസിനു പകരം മാധ്യമങ്ങളേയും കൊണ്ടാണ് അദ്ദേഹം പോയത്. ഇനി ഷെഡ് വയ്ക്കാൻ പ്രേരണ നൽകിയത് സബ് കളക്ടർ തന്നെയാണോ എന്ന് സംശയമുണ്ടെന്ന വാദവും എസ് രാജേന്ദ്രൻ ഉന്നയിച്ചു.

സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന നടപടികളാണ് സബ് കളക്ടറുടെ ഭാ​ഗത്തുനിന്നുണ്ടാവുന്നത്. അദ്ദേഹത്തിന്റെ അഭിനയം നിർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ശിവറാമിനെതിരെ പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയതിൽ ഗൂഢാലോചനയുണ്ട്. സിപിഐഎം കൈയേറ്റക്കാര്‍ക്ക് ഒപ്പമല്ല, കുടിയേറ്റക്കാര്‍ക്കൊപ്പമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സിപിഐഎം പ്രാദേശിക നേതാക്കളുടെ എതിർപ്പ് മറികടന്ന് കൈയേറ്റം ഒഴിപ്പിച്ച സബ് കളക്ടറെ അഭിനന്ദിച്ച റവന്യു മന്ത്രിയേയും എസ് രാജേന്ദ്രൻ വിമർശിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. സബ് കളക്ടര്‍ പണം നല്‍കിയാണോ വീഡിയോഗ്രാഫര്‍മാരെ വിളിച്ചുവരുത്തിയതെന്നു സംശയിക്കുന്നു. ഇതിനൊക്കെ കളക്ടറെ അഭിനന്ദിച്ചാല്‍ മന്ത്രിക്കു വേറെ പണിയില്ലാത്തതു കൊണ്ടാകുമെന്ന് ആളുകള്‍ ധരിക്കുമെന്നും മൂന്നാറില്‍ നിന്നും ഒരുപാട് ദൂരെയായതു കൊണ്ടാകാം അദ്ദേഹത്തിനു കാര്യങ്ങള്‍ അറിയാത്തതെന്നും എസ് രാജേന്ദ്രൻ പരിഹസിച്ചു.

ഇന്നലെ ദേവികുളം ടൗണിനു സമീപത്തെ കച്ചേരി സെറ്റില്‍മെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികൾക്കിടെയാണ് റവന്യു ഉദ്യോ​ഗസ്ഥരെ സിപിഐഎം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ളവർ തടയുകയും മര്‍ദിക്കുകയും ചെയ്തത്. ഇതറ‌ിഞ്ഞ് സ്ഥലത്തെത്തിയ സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെയും ഇവർ തട്ടിക്കയറി. ഇതോടെ, റവന്യു ഉദ്യോ​ഗസ്ഥരെ മർദിക്കുകയും നടപടികൾക്കു തടസ്സംവരുത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്യാൻ സബ് കളക്ടർ നിർദേശം നൽകിയിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സബ് കളക്ടർ ഐജിക്ക് കത്തു നൽകിയിട്ടുണ്ട്.

സിപിഐഎം നേതാക്കളുടെ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ച റവന്യു മന്ത്രി റവന്യു ഉദ്യോ​ഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, ഇന്നു രാവിലെയാണ് സബ് കളക്ടറെ വിളിച്ച് മന്ത്രി അഭിനന്ദനവും പിന്തുണയും അറിയിച്ചത്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും റവന്യൂമന്ത്രി ശ്രീറാമിനെ അറിയിച്ചു. സിപിഐക്കും മാധ്യമങ്ങൾക്കുമെതിരെ മന്ത്രി എം എം മണിയുടെ വിമർശനത്തിനു തൊട്ടുപിന്നാലെ ആയിരുന്നു ഇത്.

മൂന്നാറിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതു മുതൽതന്നെ സബ് കളക്ടറും എസ് രാജേന്ദ്രൻ എംഎൽയും ഇരു ചേരിയിലാണ്. സബ് കളക്ടർക്കു പിന്തുണയുമായി വിഎസും റവന്യു മന്ത്രിയും കൂടെയുള്ളപ്പോൾ എസ് രാജേന്ദ്രനൊപ്പം എം എം മണിയാണ് വിമർശനവുമായി രം​ഗത്തുള്ളത്.