ഹർത്താലിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോബേറ്: ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ സംഘ‌പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പൊലീസ് സ്റ്റേഷനു നേരെ ബോംബേറ് ഉണ്ടായത്.

ഹർത്താലിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോബേറ്: ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

ഹർത്താൽ ദിനത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ബോബെറിഞ്ഞ സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിനൊപ്പം ബോംബ് എറിയാനുണ്ടായിരുന്ന രാജേഷാണ് അറസ്റ്റിലായത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ സംഘ‌പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പൊലീസ് സ്റ്റേഷനു നേരെ ബോംബേറ് ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ നേര്‍ക്കാണ് ബോംബെറിഞ്ഞത്. ഇതോടെ പൊലീസുകാർ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

തുടർന്ന് അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ആര്‍എസ്എസ് ജില്ലാ പ്രചാരക് നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിയാൻ നേതൃത്വം നൽകിയതെ‌ന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാൾ ഒളിവിലാണ്.

ഒളിവില്‍ കഴിയുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യപ്രതിയായ പ്രവീണിനെ പിടികൂടുന്നതു വരെ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അശോകന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഹർത്താൽ ദിനത്തിൽ സംസ്ഥാന വ്യാപകമാകെ വൻ ആക്രമണങ്ങളാണ് ആർഎസ്എസ്-വിഎച്ച്പി-ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകർ നടത്തിയത്. നിരവധി കടകളും വാഹനങ്ങളും തല്ലിത്തകർത്ത അക്രമികൾ മാധ്യമപ്രവർത്തകരേയും പൊലീസുകാരേയും ആക്രമിക്കുകയും കലാപ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.