'പടപൊരുതണം, വെട്ടി തലകള്‍ വീഴ്ത്തണം'; കണ്ണൂരില്‍ പട്ടാളത്തെയിറക്കണമെന്നാവശ്യപ്പെടുന്ന ബിജെപിയെ തിരിഞ്ഞുകൊത്തി ആര്‍എസ്എസിന്റെ പ്രചാരണ വീഡിയോ

കൊലപാതകത്തെയും നിഷ്ഠൂരമായ അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന വരികളും ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന സംഘപരിവാറുകാരുടെ വീഡിയോഗാനമാണിത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുന്നതും മാരകായുധങ്ങളുമേന്തി തെരുവില്‍ പ്രകടനം നടത്തുന്നതുമായ ദൃശ്യങ്ങളും ഇതിലുണ്ട്.

പടപൊരുതണം, വെട്ടി തലകള്‍ വീഴ്ത്തണം; കണ്ണൂരില്‍ പട്ടാളത്തെയിറക്കണമെന്നാവശ്യപ്പെടുന്ന ബിജെപിയെ തിരിഞ്ഞുകൊത്തി ആര്‍എസ്എസിന്റെ പ്രചാരണ വീഡിയോ

ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ അഫ്‌സ്പ പ്രയോഗിക്കണമെന്നു വാദിച്ച ബിജെപിയെ തിരിഞ്ഞുകൊത്തുന്ന യൂട്യൂബ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആര്‍എസ്എസ് പ്രചാരണത്തിനായി കഴിഞ്ഞ മാര്‍ച്ചില്‍ സോഷ്യല്‍മീഡിയയിലും സംഘപരിവാര്‍ ഗ്രൂപ്പിലും പ്രചരിപ്പിക്കപ്പെട്ട വീഡിയോയാണ് കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.

കൊലപാതകത്തെയും നിഷ്ഠൂരമായ അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന വരികളും ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന സംഘപരിവാറുകാരുടെ വീഡിയോഗാനമാണിത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുന്നതും മാരകായുധങ്ങളുമേന്തി തെരുവില്‍ പ്രകടനം നടത്തുന്നതുമായ ദൃശ്യങ്ങളും ഇതിലുണ്ട്.

'പടപൊരുതണം, കടലിളകണം
വെട്ടിത്തലകള്‍ വീഴ്ത്തണം
ചുടുചോരകൊണ്ട് നമ്മള്‍ ഇനി നടനമാടണം'

എന്ന് തുടങ്ങുന്ന ഗാനത്തിലുടനീളം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വരികളാണ്.

രാവണനെ ദൈവമായും നായകനായും വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനും ഏതിനും രക്തം കൊടുക്കാന്‍ പട കൂടെയുണ്ടെന്ന വരികള്‍ക്ക് ആര്‍എസ്എസ് പഥസഞ്ചലനത്തിന്റെ ദൃശ്യങ്ങളാണ് അകമ്പടിയേകുന്നത്. മോഹന്‍ ഭാഗവതിന്റെ ദൃശ്യങ്ങളും കാണാം.

ഗാനത്തിനുശേഷം ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഏറെ പ്രകോപനപരമായ ഈ ഗാനം നിര്‍മ്മിക്കുകയും ആഘോഷമാക്കുകയും ചെയ്ത ആര്‍എസ്എസുകാരാണോ കണ്ണൂരിലെ പട്ടാളഭരണത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ശ്യാം ചെമ്പകശേരി എഡിറ്റ് ചെയ്ത് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ വീഡിയോ ആര്‍എസ്എസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും യൂട്യൂബിലും നിറഞ്ഞോടിയിരുന്നു.