മോഹൻലാലിനെ ഇറക്കി ആദിവാസി മേഖലയിൽ ചുവടുറപ്പിക്കാൻ ആർഎസ്എസ്; വിശ്വശാന്തി ട്രസ്റ്റിനു പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളെന്നും സൂചന

നടൻ മോഹൻലാലിനെ രക്ഷാധികാരിയാക്കി കഴിഞ്ഞ ദിവസം പുനഃസംഘാടനം ചെയ്ത വിശ്വശാന്തി ട്രസ്റ്റ് ആദിവാസി മേഖലയിലേയ്ക്കു കടക്കാനുള്ള ആർഎസ്എസ്സിന്റെ പുതിയ തന്ത്രമാണ്. നടൻ ദിലീപിനെ വച്ച് നടത്താൻ മുമ്പു പദ്ധതിയിട്ടിരുന്ന സംരംഭമാണ് മോഹൻലാലിലൂടെ നടപ്പാക്കാൻ ആർഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.

മോഹൻലാലിനെ ഇറക്കി ആദിവാസി മേഖലയിൽ ചുവടുറപ്പിക്കാൻ ആർഎസ്എസ്; വിശ്വശാന്തി ട്രസ്റ്റിനു പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളെന്നും സൂചന

നടൻ മോഹൻലാലിനെ രക്ഷാധികാരിയാക്കി പുനഃസംഘടിപ്പിക്കപ്പെട്ട 'വിശ്വശാന്തി ട്രസ്റ്റ്', കേരളത്തിലെ ആദിവാസി മേഖലയിലേയ്ക്കു ചുവടുറപ്പിക്കാനുള്ള ആർഎസ്എസ്സിന്റെ പുതിയ തന്ത്രം. ദേശീയതലത്തിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘപരിവാർ പ്രസ്ഥാനമായ വനവാസി കല്യാൺ ആശ്രമത്തിന് കേരളത്തിൽ വേണ്ടത്ര ചുവടുറപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭവുമായി ആർഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. ചികിത്സാ സഹായം എന്ന നിലയിൽ ആദിവാസികൾക്കു നേരിട്ടു പണം നൽകാനുള്ള പദ്ധതിയാണിതെന്ന് സംരംഭത്തിന്റെ ഡയറക്ടർമാരിലൊരാൾ നാരദ ന്യൂസിനോടു പറഞ്ഞു. മലയാള സിനിമയിലെ പല പ്രമുഖരുമായും അടുത്ത ബന്ധമുള്ള, ആർഎസ്എസ്സിന്റെ പ്രാന്ത സംഘചാലകും ചാർട്ടേഡ് അക്കൗണ്ടന്റുമായ പിഇബി മേനോന്റെ സാമ്പത്തിക താത്പര്യങ്ങളും, ഇത്തരമൊരു സാമ്പത്തിക സേവന ട്രസ്റ്റ് ഉണ്ടാക്കിയതിനു പിന്നിലുള്ളതായും സൂചനയുണ്ട്.

കേരളത്തിലെ ദളിതർക്കിടയിലേക്കും മറ്റു പിന്നാക്കക്കാർക്കിടയിലേക്കും കടന്നുചെല്ലാനായിട്ടുള്ള ആർഎസ്എസ്സിന് അത്രമാത്രം സ്വാധീനമുണ്ടാക്കാനാവാത്ത മേഖലയാണ് ആദിവാസികളുടേത്. ദളിതരടക്കമുള്ളവരുടെ ഹിന്ദുവത്കരണം ഏതാണ്ട് പൂർത്തിയായിട്ടുള്ള കേരളത്തിൽ, ഇന്നും തനതു സ്വഭാവത്തിൽ പ്രവർത്തിക്കുകയും ബ്രാഹ്മണ്യ ധാരയുമായി പൂർണമായി ചേരാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കൂടിയാണ് ആദിവാസികൾ എന്നതും സംഘപരിവാറിന്റെ ട്രസ്റ്റ് രൂപീകരണത്തിനു പിന്നിലെ കാരണമാണ്.

വിശ്വഹിന്ദു പരിഷത്തിനു ബദലായി കേരളത്തിൽ ഹിന്ദു ഐക്യവേദിയുണ്ടാക്കിയ അതേ തന്ത്രമാണ് വിശ്വശാന്തി ട്രസ്റ്റിന്റെ കാര്യത്തിലും ആർഎസ്എസ് നടപ്പാക്കുന്നത്. വനവാസി കല്യാൺ ആശ്രമത്തിനു സമാന്തരമായി പ്രവർത്തിക്കുന്ന ഒരു 'സ്വതന്ത്ര സംവിധാനം'! അതിനായാണ് കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള 'ഹിന്ദു'വായ മോഹൻലാലിനെ തന്നെ രംഗത്തിറക്കി ആർഎസ്എസ് ചുവടു വയ്ക്കാനൊരുങ്ങുന്നത്. ട്രസ്റ്റ് സ്ഥാപകനുമായി അടുത്ത സൗഹൃദമുള്ള നടൻ ദിലീപിനെ വച്ച് ചെയ്യാനിരുന്ന സംരംഭമാണ് ഇപ്പോൾ മോഹൻലാലിലൂടെ നടപ്പാക്കുന്നത് എന്നു സൂചനയുണ്ട്. സംഘപരിവാറുമായി രഹസ്യമായി ബന്ധം പുലർത്തുകയും ട്രസ്റ്റിന്റെ രൂപീകരണം നടന്ന ആലുവയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതുമായ ദിലീപ്, നടിയെ ആക്രമിച്ച കേസിൽ പെട്ടതോടെയാണ് അന്ന് ഈ സംരംഭം നടക്കാതെ പോയത് എന്ന് ആലുവയിലെ ആർഎസ്എസ്സുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇത് സംഘപരിവാർ പ്രസ്ഥാനമല്ലെന്നാണ് ട്രസ്റ്റിന്റെ സ്ഥാപകനായ പിഇബി മേനോന്റെ അവകാശവാദം. എന്നാൽ, നാരദ ന്യൂസ് സംസാരിച്ച ആർഎസ്എസ് നേതാക്കളെല്ലാവരും ഇത് ആർഎസ്എസ്സിന്റെ തന്നെ സംരംഭം എന്ന നിലയിലാണ് സംസാരിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയോടും പ്രധാനമന്ത്രി മോദിയോടും മോഹൻലാൽ കാണിക്കുന്ന അനുഭാവം കേരളത്തിൽ ചർച്ചയായിരുന്നു. നോട്ടു നിരോധനത്തെ അനുകൂലിച്ചും, ബാങ്കുകൾക്കു മുന്നിലുള്ള ക്യൂവിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്ന മോഹൻലാൽ വിവാങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആർഎസ്എസ്സിന്റെ നേരിട്ടുള്ള ഒരു സംരംഭത്തിലേയ്ക്ക് കാലെടുത്തുവച്ച് മോഹൻലാൽ അതു കൂടുതൽ പ്രകടിപ്പിക്കുകയും ചെയ്തു. മലയാള സിനിമയിലെ തിരുവനന്തപുരം നായർ ലോബിയിലെ പ്രമുഖരായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവർ സംഘപരിവാർ ക്യാമ്പിലെത്തിയതിനു പിന്നാലെയാണ് ഇരുവരുടെയും അടുത്ത സുഹൃത്തായ മോഹൻലാലിന്റെയും ചെറുതെങ്കിലും സുപ്രധാനമായ ചുവടുവയ്പ്. ആർഎസ്എസ്സിന്റെ മാധ്യമ സംരംഭമായ ജനം ടിവിയിലൂടെയും സംഘപരിവാർ പ്രസ്ഥാനമായ സേവാഭാരതിയിലൂടെയും ഇപ്പോൾ തന്നെ ആർഎസ്എസ്സുമായി ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയായ പ്രിയദർശനു പിന്നാലെ സംഘപരിവാർ ക്യാമ്പിലേക്കുള്ള മോഹൻലാലിന്റെ പ്രവേശനത്തിന്റെ തുടക്കമാണോ ട്രസ്റ്റിന്റെ രക്ഷാധികാരി സ്ഥാനം എന്നു സംശയം ഉയരുന്നുണ്ട്.

ട്രസ്റ്റിന്റെ രൂപീകരണത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളതായും സൂചനയുണ്ട്. സിനിമാ മേഖലയിലടക്കമുള്ള പല പ്രമുഖരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ട്രസ്റ്റിന്റെ സ്ഥാപകനും കേരളത്തിലെ പ്രധാനപ്പെട്ട ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനത്തിന്റെ മേധാവിയും ഒരു ധനകാര്യ സ്ഥാപനമായ കെബിപി ഫിൻകെയറിന്റെ അഡ്വൈസറുമായ പിഇബി മേനോൻ. കേരളത്തിലെ ആർഎസ്എസ്സിന്റെ സംസ്ഥാന അധ്യക്ഷനു തുല്യമായ പദവി (പ്രാന്ത സംഘചാലക്) വഹിക്കുന്നയാളുമാണ്. ആദിവാസികൾക്കിടയിൽ ധന സഹായം വിതരണം ചെയ്യാനെന്ന പേരിൽ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ചുമതലയും പിഇബി മേനോനു തന്നെയാണ്.

Read More >>