ഹാദിയയുടെ വീടിനു മുമ്പില്‍ ആര്‍എസ്എസിന്റെ അനധികൃത കാവല്‍; തമ്പടിക്കുന്നത് പൊലീസിന്റെ അറിവോടെ

വീട്ടില്‍ അയല്‍ക്കാര്‍ക്കു പോലും പ്രവേശനമില്ലാതിരിക്കെ, ബന്ധുക്കളെ പോലും കര്‍ശന പരിശോധനയ്ക്കു ശേഷവും വീട്ടുകാരുടെ അനുമതിയോടെയും മാത്രമേ അകത്തേക്കു കടത്തിവിടൂ എന്നിരിക്കെയാണ് വീടിനു മുന്നില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്കു നിലയുറപ്പിക്കാന്‍ പൊലീസ് അനുവാദം നല്‍കുന്നത്.

ഹാദിയയുടെ വീടിനു മുമ്പില്‍ ആര്‍എസ്എസിന്റെ അനധികൃത കാവല്‍; തമ്പടിക്കുന്നത് പൊലീസിന്റെ അറിവോടെ

വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പമയച്ച, ഇസ്ലാം മതം സ്വീകരിച്ച ചെയ്ത ഹാദിയയുടെ വൈക്കത്തെ വീടിനു മുമ്പില്‍ പൊലീസിനെ കൂടാതെ സ്ഥിര കാവലുമായി സംഘപരിവാര്‍. ദിവസേന പത്തോളം സംഘപരിവാറുകാരാണ് ഹാദിയയുടെ വൈക്കം ടിവി പുരം വട്ടയില്‍ വളവിലെ വീടിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത്.

വീട്ടില്‍ അയല്‍ക്കാര്‍ക്കു പോലും പ്രവേശനമില്ലാതിരിക്കെ, ബന്ധുക്കളെ പോലും കര്‍ശന പരിശോധനയ്ക്കു ശേഷവും വീട്ടുകാരുടെ അനുമതിയോടെയും മാത്രമേ അകത്തേക്കു കടത്തിവിടൂ എന്നിരിക്കെയാണ് വീടിനു മുന്നില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്കു നിലയുറപ്പിക്കാന്‍ പൊലീസ് അനുവാദം നല്‍കുന്നത്.

പൊലീസിന്റെ അറിവോടെയാണ് ഇവര്‍ ഇവിടെ നില്‍ക്കുന്നത്. വീട്ടില്‍ മാധ്യമപ്രവര്‍ത്തകരടക്കം ആരു വന്നാലും ഈ സംഘം ഇവിടെയെത്തും. ആരാണു വന്നതെന്നു പൊലീസിനോട് അന്വേഷിക്കും. പൊലീസ് ഇവരുടെ അടുത്തെത്തി ഇവിടെയെത്തുന്നവരെ പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്യും.

തനിക്ക് ആര്‍എസ്എസ് സംഘത്തിന്റെ ഭീഷണിയുള്ളതായി ഹാദിയ ആവര്‍ത്തിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം കത്തയക്കുകയും ചെയ്തിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് വീടിനു മുന്നില്‍ സ്ഥിരമായി നിലയുറപ്പിക്കുന്ന സംഘപരിവാര്‍ സംഘങ്ങള്‍. വീട്ടില്‍ സന്ദര്‍ശനത്തിനെത്തുന്നവരെ നിരീക്ഷിക്കുകയും മേല്‍ഘടകങ്ങള്‍ക്കു വിവരം കൈമാറുകയുമാണ് ഇവരുടെ രീതി.

ഹാദിയ വിഷയം വര്‍ഗീയ ധ്രുവീകരണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ സംഘപരിവാര സംഘടനകള്‍ ആദ്യം മുതലേ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ വൈക്കത്ത് പ്രകടനം നടത്തിയിരുന്നു.

ഒരു സമുദായത്തിനെതിരേ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തിലടക്കം മുഴങ്ങിക്കേട്ടത്. എന്നാല്‍, സംഘപരിവാരത്തിന്റെ നീക്കത്തെ തടയാനോ പ്രതിഷേധകര്‍ക്കെതിരേ കേസെടുക്കാനോ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. സംഘപരിവാര്‍ സംഘങ്ങളില്‍ നിന്നും എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ അത് ഹാദിയയെ മാത്രമല്ല, പൊലീസിനേയും ഗുരുതരമായി ബാധിക്കുമെന്നിരിക്കെയാണ് ഇവര്‍ക്ക് ഇവിടെ വിഹരിക്കാനുള്ള എല്ലാ അനുവാദവും ലഭിച്ചിരിക്കുന്നതെന്നതാണ് ഗൗരവതരമായ കാര്യം.

ഇതിനൊപ്പം, ഹാദിയയുടെ ബിജെപ്പിക്കാരനായ അമ്മാവന്‍ ഇടപെട്ടിട്ട് ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാലു മുസ്ലിം പൊലീസുകാരെ മാറ്റിയിരുന്നു. ഇക്കാര്യം നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈക്കം എസ്‌ഐ നൗഷാദ്, മൂന്ന് എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. മുസ്ലിം പൊലീസുകാര്‍ വീട്ടില്‍ കാവലിനു വേണ്ടെന്നായിരുന്നു അമ്മാവന്റെ നിലപാട്. ഇയാള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പ്രകാരമാണ് ഇവരെ ചുമതലയിലെത്തി രണ്ടു ദിവസത്തിനകം മാറ്റിയത്.