ആര്‍എസ്എസ് കൊല്ലാന്‍ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുന്‍ പ്രചാരക് സിപിഐഎമ്മില്‍ ചേര്‍ന്നു

ആര്‍എസ്എസിന് പങ്കുള്ള കൊലപാതക കേസുകളുടെ വിവരങ്ങള്‍ പൊലീസിനും പി ജയരാജനും കൈമാറിയെന്നാരോപിച്ച് ആര്‍എസ്എസ് നേതാക്കള്‍ തന്നെ തടവിലാക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് നേരത്തെ വിഷ്ണു മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു

ആര്‍എസ്എസ് കൊല്ലാന്‍ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുന്‍ പ്രചാരക് സിപിഐഎമ്മില്‍ ചേര്‍ന്നു

ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ മുന്‍ പ്രചാരക് സിപിഐഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം കരകുളത്തെ വിഷ്ണുവും കുടുംബവുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കരകുളത്ത് നടന്ന പൊതുപരിപാടിയില്‍വച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വിഷ്ണുവിനെ ചുവന്ന ഹാരമണിയിച്ച് സ്വീകരിച്ചു.

ആര്‍എസ്എസിന് പങ്കുള്ള കൊലപാതക കേസുകളുടെ വിവരങ്ങള്‍ പൊലീസിനും പി ജയരാജനും കൈമാറിയെന്നാരോപിച്ച് ആര്‍എസ്എസ് നേതാക്കള്‍ തന്നെ തടവിലാക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് നേരത്തെ വിഷ്ണു മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന് ശേഷമാണ് വിഷ്ണുവും കുടുംബവും സിപിഐഎമ്മിലേക്കെത്തുന്നത്. കരകുളത്ത് നടന്ന മാനവസ്‌നേഹ ജ്വാലയില്‍ വിഷ്ണുവിന് പുറമേ കുടുംബവും സിപിഐഎമ്മുമായി യോജിച്ച് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം മണ്ഡല്‍ ശാരീരിക പ്രമുഖ്, മുഖ്യശിക്ഷക്, ഗഡ പ്രമുഖ്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമെത്തിയതായി സിപിഐഎം നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് ആര്‍എസ്എസിനെതിരേ ഗുരുതര ആരോപണങ്ങളുമായി വിഷ്ണു ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് സുദര്‍ശന്‍, ഹിന്ദുഐക്യവേദി സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തനിക്കെതിരായ അക്രമമെന്നും ഡിസംബര്‍ 15 മുതല്‍ ജനുവരി 22 വരെ തടങ്കലിലാക്കി വധിക്കാന്‍ ശ്രമിച്ചുവെന്നും വിഷ്ണു പറഞ്ഞിരുന്നു. ധന്‍രാജ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് കണ്ണനെ പൊലീസിന് ഒറ്റു കൊടുത്തു, ഫസല്‍ വധക്കേസിലെ രഹസ്യങ്ങള്‍ സിപിഐഎം നേതാക്കള്‍ക്ക് ചോര്‍ത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു പീഡനമെന്നായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. പി ജയരാജന്റെ പീഡനത്തെ തുടര്‍ന്നാണ് മരിക്കുന്നതെന്ന ആത്മഹത്യാകുറിപ്പ് തന്നെക്കൊണ്ട് ബലമായി എഴുതിവാങ്ങി കൊല്ലാന്‍ ശ്രമിച്ചുവെന്നും വിഷ്ണു വെളിപ്പെടുത്തിയിരുന്നു.