പിണറായിയെ വെല്ലുവിളിക്കാന്‍ ആര്‍എസ്എസ് ഇല്ല; പാലക്കാട്ടെ സർക്കാർ സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തില്ല

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് മൂത്താന്‍തറയിലുള്ള എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം വിവാദമായിരുന്നു. വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ ഈ റിപ്പബ്ലിക് ദിനത്തിലും അതേ സ്‌കൂളില്‍ മോഹന്‍ ഭാഗവത് വീണ്ടും ദേശീയപതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു.

പിണറായിയെ വെല്ലുവിളിക്കാന്‍ ആര്‍എസ്എസ് ഇല്ല; പാലക്കാട്ടെ സർക്കാർ സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തില്ല

സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഇല്ല. പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് മോഹന്‍ ഭാഗവത് പിന്‍മാറി. പകരം കല്ലേക്കാടുള്ള വ്യാസവിദ്യാപീഠ് എന്ന സ്വകാര്യ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തും. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ സ്‌കൂളിന് ബാധകമല്ലാത്തതിനാല്‍ ഈ സ്‌കൂളില്‍ ആര് പതാക ഉയര്‍ത്തിയാലും സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ല.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് മൂത്താന്‍തറയിലുള്ള എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം വിവാദമായിരുന്നു. വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ ഈ റിപ്പബ്ലിക് ദിനത്തിലും അതേ സ്‌കൂളില്‍ മോഹന്‍ ഭാഗവത് വീണ്ടും ദേശീയപതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു. പതാക ഉയര്‍ത്താന്‍ സ്വകാര്യ സ്‌കൂള്‍ തെരഞ്ഞെടുത്തതോടെ സര്‍ക്കാറും ആര്‍എസ്എസും വീണ്ടും ഏറ്റുമുട്ടേണ്ട സാഹചര്യം ഒഴിവായി. ആര്‍എസ്എസിന്റെ മൂന്നുദിവസത്തെ സംസ്ഥാന നേതൃ ക്യാമ്പില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് പാലക്കാട് എത്തുന്നത്. നേരത്തെ മൂത്താന്‍തറയിൽ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കര്‍ണ്ണകി എജ്യുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലാണ് ക്യാംപ് നടത്താനും പതാക ഉയര്‍ത്താനും തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ആര്‍എസ്എസ് നേതൃക്യാംപില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് ഈ സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒരു സംഘടന നേതാവ് മാത്രമായ ആര്‍എസ്എസ് അധ്യക്ഷന്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞുകൊണ്ട് അന്നത്തെ പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി ഉത്തരവിറക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ പതാക ഉയര്‍ത്തുന്ന മോഹന്‍ ഭാഗവത്


പതാക ഉയര്‍ത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇറക്കിയ ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചെങ്കിലും പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൊലിസ് തടഞ്ഞിരുന്നില്ല. പിന്നീട് സ്‌കൂള്‍ മാനേജരുടെയും പ്രധാനാധ്യാപകന്റെയും പേരില്‍ കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞെങ്കിലും കേസെടുത്തില്ല. തനിക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ദേശീയ പതാക ഉയര്‍ത്താമെന്നും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും പാലക്കാട്ടെ സ്‌കൂളില്‍ വീണ്ടും ദേശീയപതാക ഉയര്‍ത്തുമെന്നും കഴിഞ്ഞ തവണ വിവാദം ഉണ്ടായപ്പോള്‍ തന്നെ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. മോഹന്‍ ഭാഗവത് സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്‌കൂളില്‍ പതാക ഉയര്‍ത്തി പോവുകയും തടയുമെന്ന് പറഞ്ഞിട്ട് തടയാതിരിക്കുകയും പിന്നീട് പേരിന് പോലും ആര്‍ക്കെതിരേയും കേസെടുക്കാതിരുന്നതും ചെയ്തത് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.