രണ്ടാമൂഴമല്ല മഹാഭാരതം: മോഹന്‍ലാലിനെ ഭീമനാകാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ്

മഹാഭാരതം വളരെ ബൃഹത്താണെന്നും 'രണ്ടാമൂഴം' ഈ പേരില്‍ ലോക പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് മഹാഭാരതം എന്ന ഇതിഹാസത്തെപ്പറ്റി തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നുമാണ് നവമാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെയുള്ള പൊതുവായ വിമര്‍ശനം.

രണ്ടാമൂഴമല്ല മഹാഭാരതം: മോഹന്‍ലാലിനെ ഭീമനാകാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ്

എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ അഭ്രപാളികളിലെത്തിക്കാനുള്ള ശ്രമത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ഭീമന്റെ വീക്ഷണ കോണിലൂടെ കാണുന്ന 'രണ്ടാമൂഴം' എന്ന നോവലല്ല യഥാര്‍ത്ഥ മഹാഭാരത കഥയെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. മഹാഭാരതം വളരെ ബൃഹത്താണെന്നും 'രണ്ടാമൂഴം' ഈ പേരില്‍ ലോക പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് മഹാഭാരതം എന്ന ഇതിഹാസത്തെപ്പറ്റി തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നുമാണ് നവമാധ്യമങ്ങളിലെ ഗ്രൂപ്പികളിലൂടെയുള്ള പൊതുവായ വിമര്‍ശനം.


കഴിഞ്ഞ ദിവസമാണ് 'രണ്ടാമൂഴം' 'മഹാഭാരതം' എന്ന പേരില്‍ ബ്രഹ്മാണ്ഡ ചിത്രമാകുന്നതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ബി ആര്‍ ഷെട്ടി നിര്‍മാതാവാകുന്ന ചിത്രത്തിന് 1000 കോടി രൂപയാണ് മുതല്‍ മുടക്ക്. നേരത്തെ 'രണ്ടാമൂഴം' നാടകമായപ്പോള്‍ അതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ തന്നെയാകും സിനിമയിലും നായകന്‍. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മേനോന്‍ സംവിധായകനായെത്തുന്ന സിനിമ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഇറക്കാനാണ് പദ്ധതി. ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.


മഹാഭാരതം എന്ന പേരില്‍ 'രണ്ടാമൂഴം' സിനിമ ആക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് തപസ്യ, വിദ്യാഭാരതി മുന്‍ അധ്യക്ഷനും ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ നാരദ ന്യൂസിനോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസിന് പോകാന്‍ സംഘടന ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നാണ് പ്രതിഷേധമുയരേണ്ടത്. എന്നാല്‍ അത്തരത്തിലുള്ള പ്രതിഷേധത്തിനുള്ള സാധ്യതകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരനെന്ന നിലയില്‍ എംടിയ്ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹാഭാരതം പോലൊരു കഥയെ ഇത്തരത്തില്‍ പരിചരിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മഹാഭാരതത്തെ 'രണ്ടാമൂഴം' എന്ന എംടിയുടെ ഭാവനയില്‍ വിരിഞ്ഞ നോവലിലൂടെ ലോക പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഈ ഇതിഹാസത്തെ തെറ്റായ രീതിയില്‍ മനസിലാക്കുന്നതിന് കാരണമാകുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ആരോപിക്കുന്നു. ആര്‍ എസ് എസ് അടക്കമുള്ള സംഘടനകള്‍ ഇതിനെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പോസ്റ്റുകള്‍ പറയുന്നത്. 'മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത രണ്ടാമൂഴത്തെ മഹാഭാരതമാക്കിയാല്‍ അത് ഭാരതത്തോടും വരും തലമുറയോടും ചെയ്യുന്ന അനീതിയായിരിക്കും' എന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്. ബൈബിളിലെ വില്ലന്‍ കഥാപാത്രമായ യൂദാസിനെ കേന്ദ്ര കഥാപാത്രമാക്കി നിരവധി കഥകള്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം കഥാപുസ്തകങ്ങള്‍ ബൈബിള്‍ എന്ന പേരില്‍ ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്നും ഇവര്‍ ചോദിക്കുന്നു. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നു തന്നെയാണ് ഭീമനെങ്കിലും മഹാഭാരതം ഭീമന്റെ കണ്ണുകളിലൂടെ കാണുന്ന എം ടിയുടെ നോവല്‍ മഹാഭാരതം എന്ന സിനിമയാക്കുന്നതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നാണ് സംഘപരിവാറിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.