കണ്ണൂരില്‍ ആർഎസ്എസ് പ്രചാരകിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ധന്‍രാജ് വധക്കേസ് പ്രതി; കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് മരിച്ച ബിജു. പാലക്കോട് പാലത്തിനു മുകളില്‍ വെച്ചാണ് ബിജുവിന് വെട്ടേറ്റത്.

കണ്ണൂരില്‍ ആർഎസ്എസ് പ്രചാരകിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ധന്‍രാജ് വധക്കേസ് പ്രതി; കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍ പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രചാരകിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ജില്ലാ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. കക്കംപാറ സ്വദേശിയും ആര്‍എസ്എസ് കാര്യവാഹകുമായ ബിജുവാണ് കൊല്ലപ്പെട്ടത്. പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് മരിച്ച ബിജു.പാലക്കോട് പാലത്തിനു മുകളില്‍ വെച്ചാണ് ബിജുവിന് വെട്ടേറ്റത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

ധനരാജ് വധക്കേസില്‍ അറസ്റ്റിലായിരുന്ന ബിജു, ജാമ്യം ലഭിച്ച് കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെ വാഹനത്തിലെത്തിയ അജ്ഞാതസംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഒരാഴ്ച മുമ്പുവരെ ബിജുവിന് പോലീസ് സംരക്ഷണമുണ്ടായിരുന്നു. ഇത് പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണം. കൊലപാതകത്തിനുപിന്നില്‍ സിപിഐഎം നേതാക്കളുടെ ഗൂഡാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു.

2016 ജൂലൈ 11 നാണ് സിപിഐഎം പ്രവര്‍ത്തകനായ സി വി ധനരാജ് കൊല്ലപ്പെട്ടത്. രാത്രി പത്തുമണിയോടെ വീട്ടുമുറ്റത്ത് വച്ച് ധനരാജിനെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ധനരാജ് കൊല്ലപ്പെട്ട അന്നുതന്നെ ഓട്ടോഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി കെ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>