വടകരയില്‍ ആര്‍എംപി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് കെ കെ രമ

അക്രമത്തില്‍ ഓഫീസിലെ ടിവിയും ഫര്‍ണീച്ചറുകളും തകര്‍ന്നു. ടിപി ചന്ദ്രശേഖരന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് മേഖലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും ബാനറുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.

വടകരയില്‍ ആര്‍എംപി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് കെ കെ രമ

വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. കണ്ണൂക്കരയിലെ ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തില്‍ ഓഫീസിലെ ടിവിയും ഫര്‍ണീച്ചറുകളും തകര്‍ന്നു. ടിപി ചന്ദ്രശേഖരന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് മേഖലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും ബാനറുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആര്‍എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയില്‍ രണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കുന്നുമ്മക്കര ക്ഷേത്രത്തിന് സമീപം പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമത്തില്‍ രണ്ടുകാലുകള്‍ക്കും സാരമായി പരുക്കേറ്റ വിഷ്ണു കുക്കു ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് വിഷ്ണു പറഞ്ഞിരുന്നു. ഒഞ്ചിയത്ത് സിപിഐഎം തങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. മെയ് 4 നാണ് ടിപി ചന്ദ്രശേഖരന്‍ അഞ്ചാം രക്തസാക്ഷി ദിനാചരണം നടക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മേഖലയില്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Story by