'ഒരൊറ്റ മുസ്‍ലിമും ഇവിടെയുണ്ടാകില്ല, എല്ലാ പള്ളിയും പൊളിക്കും'; ഹർത്താലിനിടെ വർ​ഗീയ കലാപഭീഷണിയുമായി സംഘപരിവാർ

പൊലീസും മാധ്യമങ്ങളും വ്യാപാരികളും ​ഗേറ്റിനു പുറത്തുനിൽക്കുമ്പോഴാണ് സംഘപരിവാർ പരസ്യമായി കലാപ ആഹ്വാനം നടത്തിയത്.

ഒരൊറ്റ മുസ്‍ലിമും ഇവിടെയുണ്ടാകില്ല, എല്ലാ പള്ളിയും പൊളിക്കും; ഹർത്താലിനിടെ വർ​ഗീയ കലാപഭീഷണിയുമായി സംഘപരിവാർ

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി പിന്തുണയോടെ നടത്തിയ ഹർത്താലിന്റെ മറവിൽ വർ​ഗീയ കലാപ ഭീഷണിയുമായി സംഘപരിവാർ. കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തകർത്തും വ്യാപാരികളെ ആക്രമിച്ചും അഴിഞ്ഞാടിയ സംഘപരിവാർ പ്രവർത്തകർ മുസ്ലിങ്ങൾക്കു നേരെയാണ് കലാപഭീഷണി മുഴക്കിയത്. പൊലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു ഇവരുടെ അഴിഞ്ഞാട്ടവും ഭീഷണിയും.

കലാപ ഭീഷണിയുടെ ദൃശ്യങ്ങൾ മീഡിയാ വണ്ണാണ് പുറത്തുവിട്ടത്. കോഴിക്കോട് മിഠായിത്തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര പരിസരത്തു നിന്നും ഹർത്താലിനിടെ പൊലീസ് മാരകായുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഈ ക്ഷേത്രപരിസരം കേന്ദ്രീകരിച്ചാണ് സംഘപരിവാർ പ്രവർത്തകർ പ്രത്യേക മതവിഭാഗത്തിനെതിരെ കലാപഭീഷണി മുഴക്കിയത്. 'ഒരൊറ്റ മുസ്‍ലിമും ഇവിടെയുണ്ടാകില്ല... എല്ലാ പള്ളിയും പൊളിക്കും എന്നിങ്ങനെയുള്ള കലാപാഹ്വാനങ്ങളാണ് ഇവര്‍ നടത്തിയത്. പൊലീസും മാധ്യമങ്ങളും വ്യാപാരികളും ​ഗേറ്റിനു പുറത്തുനിൽക്കുമ്പോഴാണ് സംഘപരിവാർ പരസ്യമായി കലാപ ആഹ്വാനം നടത്തിയത്.

മിഠായിത്തെരുവിലെ കോയെൻകോ ബസാറിലേക്ക് പ്രകടനവുമായി എത്തിയ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ നിരവധി കടകൾ അടിച്ചുതകർത്തു. തുടർന്ന് പൊലീസ് ലാത്തിവീശിയതോടെ അവിടെ നിന്നും മാരിയമ്മൻ ക്ഷേത്രത്തിന്റെ ഭാ​ഗത്തേക്കു മാറുകയായിരുന്നു. തുടർന്ന് ക്ഷേത്ര കോംപൗണ്ടിലേക്ക് കടന്ന ഇവർ അവിടെ നിന്നു പൊലീസിനു നേരെയും വ്യാപാരികൾക്കു നേരെയും കല്ലെറിഞ്ഞു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. ക്ഷേത്രത്തിനകത്തേക്കു കടക്കാനും പൊലീസിനെ ഇവർ അനുവദിച്ചില്ല. ​ഗേറ്റ് പൂട്ടിയ ശേഷമാണ് ഇത്തരത്തിലുള്ള കലാപ ആഹ്വാനവും വിദ്വേഷ പരാമർശങ്ങളും ഇവർ നടത്തിയത്. കലാപ ഭീഷണി മുഴക്കിയ പലരും മുഖം മൂടിയിരുന്നു.

ഹര്‍ത്താൽ മാനിക്കാതെ കടകള്‍ തുറന്ന മിഠായിത്തെരുവിലെ വ്യാപാരികള്‍ക്കെതിരെ പ്രതിഷേധവുമായാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെത്തിയത്. കടകള്‍ തല്ലിത്തകര്‍ത്ത സംഘപരിവാർ അക്രമികള്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം തമ്പടിക്കുകയായിരുന്നു. ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നാലു വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമീപത്തു തന്നെയാണ് വിഎച്ച്പി, ബജ്രംഗ്ദല്‍ ജില്ലാ കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ഹർത്താൽ ദിനത്തിൽ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ നടത്തിയത്.