ടീം കുമ്മനത്തിന്റെ തന്ത്രത്തിൽ വീണത് കർദ്ദിനാൾ ആലഞ്ചേരി മാത്രം: അമിത് ഷായുടെ കേരള സന്ദ‌ർശനം പാളും; മാണിക്കു വേണ്ടി ആർഎസ്എസിന്റെ കൈമുത്തുന്നതിൽ സഭയിൽ ഭിന്നത

ക്രിസ്ത്യൻ വിഭാ​ഗത്തെ കൂടെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ബിഷപ്പുമാരെ നേരിട്ട് വിളിച്ച് കൂടിക്കാഴ്ചയ്ക്ക് അഭ്യ‌ർത്ഥിച്ചെങ്കിലും മലങ്കര, ലത്തീൻ സഭാദ്ധ്യക്ഷന്മാർ പങ്കെടുക്കുന്നില്ല. ഇന്ത്യയിലേയും കേരളത്തിലേയും കത്തോലിക്കാ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻമാരാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് തയ്യാറായ സീറോ മലബാർ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ജോ‌ർജ് ആലഞ്ചേരിയ്ക്കെതിരെ സഭയ്ക്കുള്ളിൽ ബിഷപ്പുമാരടക്കം രം​ഗത്ത്

ടീം കുമ്മനത്തിന്റെ തന്ത്രത്തിൽ വീണത് 
കർദ്ദിനാൾ ആലഞ്ചേരി മാത്രം: അമിത് ഷായുടെ കേരള സന്ദ‌ർശനം പാളും; മാണിക്കു വേണ്ടി ആർഎസ്എസിന്റെ കൈമുത്തുന്നതിൽ സഭയിൽ ഭിന്നത

ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാ​ഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായുള്ള ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം പൊളിയുന്നു. കൂടിക്കാഴ്ചയിൽ മലങ്കര സഭാദ്ധ്യക്ഷൻ ക‌ദ്ദിനാൾ ബസേലിയൂസ് മാർ ക്ലിമ്മിസ്, ലത്തീൻ സഭാ മേജ‌ർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ സൂസൈപാക്യം എന്നിവർ പങ്കെടുക്കില്ല. സീറോ മലബാർ സഭാദ്ധ്യക്ഷൻ ക‌ർദ്ദിനാൾ ജോ‌ജ് ആലഞ്ചേരി മാത്രമാണ് കൂടിക്കാഴ്ചയ്ക്കു തയ്യാറായത്.

സൂസൈപാക്യം സംസ്ഥാനത്തെ മുഴുവൻ ബിഷപ്പുമാരേയും പ്രതിനീധീകരിക്കുന്ന സാന്നിധ്യമാണ്. ക്ലിമ്മിസ് കാത്തലിക് ബിഷപ്പ് കോൺ​ഗ്രസ് ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നത് സഭയുടെ കൃത്യമായ സൂചനയാണ്. ആലഞ്ചേരി കലൂർ റിന്യുവൽ സെന്ററിൽ വെച്ചാണ് അമിത് ഷായെ കാണുന്നത്. ബിഷപ്പ് ഹൗസിലേയ്ക്ക് ക്ഷണിക്കാൻ കൂട്ടാക്കിയിട്ടില്ല. ആലഞ്ചേരിയുടെ മൃദുസമീപനത്തിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ എതി‌ർപ്പുകൾ ശക്തമാകുന്നുണ്ട്.

മാണിയെ കൂടെക്കൂട്ടാൻ ക്രൈസ്തവ വോട്ട് മാത്രം ലക്ഷ്യമിട്ട് വരുന്ന അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് സഭയിൽ ഭൂരിഭാ​ഗത്തിന്റേയും നിലപാട്. മുമ്പും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക‌ദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്ന പോലെയത്ര നിസാരമായ അർത്ഥമല്ല ബിജെപി ദേശീയ പ്രസിഡന്റായ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് കത്തോലിക്കാ സഭയിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒരു വൈദികൻ നാരദാന്യൂസിനോട് പറഞ്ഞു. ഇത് വിശ്വാസികളിൽ സംശയങ്ങൾക്കിട വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ സന്ദർശനം വൻ വിജയമാക്കുന്നതിനു കുമ്മനം രാജശേഖരൻ നേരിട്ടാണ് ബിഷപ്പ് ഹൗസുകളിലെത്തിയാണ് ക്ഷണിച്ചത്. എന്നാൽ ലത്തീൻ, മലങ്കര സഭാദ്ധ്യക്ഷന്മാർ പിന്മാറിയതോടെ ബിജെപിയുടെ തന്ത്രം പൊളിയുകയാണ്. ക്രൈസ്തവ സഭകളെ കൂടെ നി‌ർത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

അടുക്കാനാകാത്ത രാഷ്ട്രീയ കക്ഷിയാണ് ബിജെപിയെന്ന പ്രതീതി വിശ്വാസികളിലില്ലാതാക്കുകയാണ് തുടർച്ചയായുള്ള കൂടിക്കാഴ്ചകളുടെ ലക്ഷ്യം. പിന്നാലെ കെ എം മാണിയെ പാളയത്തിലെത്തിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ സീറോ മലബാ‌‌ർ ഒഴികെയുള്ള കത്തോലിക്കാ സഭകൾ മാറിനിന്നതോടെ കേരളത്തിൽ ന്യൂനപക്ഷ പിന്തുണ ആർജിക്കുന്നതിനു കേന്ദ്രനേതൃത്വം നടത്തിയ ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ബിജെപി നേതാവായ ജോ‌ർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചത് അമിത്ഷായുടെ സന്ദർശനം മുന്നിൽ കണ്ടാണ്. അമിത് ഷായുമായുള്ള വിഐപി കൂടിക്കാഴ്ചയ്ക്ക് മത-സമുദായ നേതാക്കളേയും വ്യവസായ പ്രമുഖരേയും ഇതര രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. അപ്രതീക്ഷിത അതിഥികളെ അണിനിരത്താനുള്ള പദ്ധതികളൊരുക്കിയെങ്കിലും ഞെട്ടലുളവാക്കാൻ പാകത്തിനുള്ള ആളുകളെ പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കൾ നാരദാന്യൂസിനോട് പറഞ്ഞത്.

Read More >>