പ്രണയിനിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു ശിക്ഷ മരണം; ബിരുദവിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയെയാണ് കഴിഞ്ഞദിവസം റെയില്‍വേ പാളത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയിനിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു ശിക്ഷ മരണം; ബിരുദവിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

പ്രണയിനിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റംചെയ്ത വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയെയാണ് കഴിഞ്ഞദിവസം റെയില്‍വേ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 31 നാണ് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ 19 വയസുകാരനായ കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടത്. എന്നാല്‍ ട്രെയിന്‍ തട്ടിയ പാടുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്ന് മൃതദേഹം കണ്ട സഹപാഠികള്‍ നാരദാന്യൂസിനോട് പറഞ്ഞു.

ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചതിന്റെ ശിക്ഷയോ?

വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കൃഷ്ണനുണ്ണി, അതേ ക്ലാസില്‍ത്തന്നെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മാര്‍ച്ച് 30 ന് ബന്ധുവിന്റെ മരണ വീട്ടില്‍ പോകാനായി ഇരുവരും വൈകിട്ട് അഞ്ചരയോടെ ഒന്നിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വഴയില ജംഗ്ഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് ഇവരെ തടയുകയും കൃഷ്ണനുണ്ണിയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭീഷണിപ്പെടുത്തുകയും അപഹസിക്കുകയും ചെയ്തു. കയ്യേറ്റം ചെയ്ത ശേഷം മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുകാരും കച്ചവടക്കാരും പറഞ്ഞു. അരമണിക്കൂറോളം നേരം ഇതു തുടര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് കൃഷ്ണനുണ്ണിയെ മോചിപ്പിച്ചത്.

ഈ സമയം പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണനുണ്ണിയുടെ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും മകളുടെ കൂടെ ഇനിയും ഒന്നിച്ചു കണ്ടാല്‍ പ്രശ്‌നം വഷളാകുമെന്നും പറഞ്ഞു. പൊലീസിനെയും വിവരമറിയിച്ചു. പിറ്റേന്ന് കൃഷ്ണനുണ്ണിയെയും കൂട്ടി സ്റ്റേഷനിലെത്താന്‍ വീട്ടുകാരോട് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുശേഷം കൃഷ്ണനുണ്ണിയെ കാണുന്നത് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കിനു സമീപമാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരറിയാതെ കൃഷ്ണനുണ്ണിക്ക് ഒന്നും സംഭവിക്കില്ലെന്ന നിഗമനത്തിലാണ് വീട്ടുകാരും സഹപാഠികളും.

കൃഷ്ണനുണ്ണി ആത്മഹത്യ ചെയ്യില്ല...

' അവന്‍ ആത്മഹത്യ ചെയ്യില്ല, അവനെ ജീവനുതുല്യം സ്‌നേഹിക്കുന്ന വീട്ടുകാരുണ്ട്, കൂട്ടുകാരുണ്ട്... എല്ലാത്തിലുമുപരിയായി അവന് വേണ്ടിമാത്രം ജീവിക്കുന്ന പ്രണയിനിയുണ്ട്.. അതുകൊണ്ട്, അതുകൊണ്ടുമാത്രം അവന്‍ ആത്മഹത്യ ചെയ്യില്ല '…

മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ ഞങ്ങളോട് കൃഷ്ണനുണ്ണിയുടെ അടുത്ത സുഹൃത്തുക്കളും സഹപാഠികളും ഇത് പറഞ്ഞത് ഒരേ സ്വരത്തിലായിരുന്നു. അത്രയും തീവ്രമായ പ്രണയമായിരുന്നു അവരുടേത്. ഒരിക്കല്‍ കൃഷ്ണനുണ്ണി ബന്ധമുപേക്ഷിക്കാമെന്ന് തമാശക്ക് പറഞ്ഞപ്പോള്‍ കൈഞരമ്പ് മുറിച്ച് ആ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അവളെ സ്വന്തമാക്കാന്‍ വേണ്ടി എന്തും സഹിക്കാന്‍ കൃഷ്ണനുണ്ണി തയ്യാറായിരുന്നുവെന്നും കൂട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അപായപ്പെടുത്തിയതാകാമെന്ന സംശയം ഇവര്‍ക്കുണ്ട്. ഇക്കാര്യം ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയായും നല്‍കിയിട്ടുണ്ട്.

ദുരൂഹതകളൊഴിയാതെ

ട്രെയിന്‍ തട്ടിയതിന്റെ പാടുകളൊന്നും കൃഷ്ണനുണ്ണിയുടെ മൃതശരീരത്തിലുണ്ടായിരുന്നില്ലെന്ന് മൃതദേഹം കണ്ട കൂട്ടുകാര്‍ ആണയിടുന്നു. എന്നാല്‍ മര്‍ദിച്ചുവെന്ന് തോന്നുംവിധം കഴുത്തിലും മറ്റുമായി നിരവധി പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്ത് 9 ഇഞ്ച് നീളത്തില്‍ ആഴത്തിലുള്ള മുറിവാണ് കൊലപാതകമാണോയെന്ന സംശയം ബലപ്പെടുത്തുന്നത്.

ഇരുമ്പുകൊണ്ടോ മറ്റോ ഉള്ള ശക്തമായ അടികൊണ്ടെന്ന് തോന്നിക്കും വിധമാണ് മുറിവ് കണ്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൃഷ്ണനുണ്ണിയെ കാണാതായ നിമിഷം മുതല്‍ പെണ്‍കുട്ടിയെയും പിതാവിനെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. കൃഷ്ണനുണ്ണി തന്റെ കസ്റ്റഡിയിലാണെന്ന് പറഞ്ഞതും കൂട്ടിവായിക്കുമ്പോള്‍ ദുരൂഹതകളേറെയെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് കോടീശ്വരനായ വിദേശമലയാളിയാണ്. ഉദ്യോഗസ്ഥരെയുള്‍പ്പെടെ സ്വാധീനിക്കാന്‍ ഇയാള്‍ക്ക് ശേഷിയുള്ളതിനാല്‍ അന്വേഷണം തന്നെ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും കൃഷ്ണനുണ്ണിയുടെ സുഹൃത്തുക്കള്‍ക്കുണ്ട്. ഇയാളുടെ സ്വാധീനത്തിന് വഴങ്ങി കോളേജ് അധികൃതരും വിഷയത്തില്‍ കൃത്യമായ മൊഴിനല്‍കാന്‍ ഇടയില്ലെന്നും ഇവര്‍ സംശയിക്കുന്നു. അതേസമയം മരണത്തില്‍ ദുരൂഹതകളേറെയുണ്ട് കേസുമായി ബന്ധപ്പെട്ട പോലീസുകാര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്. അതേസമയം സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൃഷ്ണനുണ്ണിയുടെ സഹപാഠികള്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇവര്‍ ക്യാംപയിന്‍ സജീവമാക്കുന്നുണ്ട്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കൃഷ്ണനുണ്ണിയുടെ സുഹൃത്തുക്കളും നാട്ടുകാരും.