രവീന്ദ്രൻ പട്ടയം മുതൽ മെത്രാൻ കായൽ പോക്കുവരവു വരെ... പ്രതിക്കൂട്ടിലാണ് സിപിഐയുടെ റവന്യൂ ഭരണം

വിവാദമായ രവീന്ദ്രൻ പട്ടയ വിതരണം നടക്കുമ്പോൾ സിപിഐ നേതാവ് കെ ഇ ഇസ്മായിലായിരുന്നു റവന്യൂ മന്ത്രി. രണ്ടുപേരുടെ പേരിൽ മാത്രം മുന്നൂറ്റി എഴുപതോളം ഏക്കർ മെത്രാൻ കായൽ പോക്കുവരവു നടന്നപ്പോൾ വകുപ്പു ഭരിച്ചത് കെ പി രാജേന്ദ്രൻ. കള്ളക്കളി വെളിപ്പെട്ടിട്ടും നിയമവിരുദ്ധമായ പോക്കുവരവു റദ്ദാക്കാനോ ഭൂമി സർക്കാരിലേയ്ക്കു കണ്ടുകെട്ടാനോ യാതൊരു നടപടിയുമെടുക്കാൻ ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും താൽപര്യമില്ല.

രവീന്ദ്രൻ പട്ടയം മുതൽ മെത്രാൻ കായൽ പോക്കുവരവു വരെ... പ്രതിക്കൂട്ടിലാണ്  സിപിഐയുടെ റവന്യൂ ഭരണം

മൂന്നാറിലെ രവീന്ദ്രൻ പട്ടയം മുതൽ കോട്ടയത്തെ മെത്രാൻ കായൽ പോക്കുവരവു വരെയുള്ളള ഭൂമി കൈയേറ്റ സമസ്യകളിൽ പ്രതിസ്ഥാനത്തു നിൽക്കുകയാണ് കേരളത്തിൽ ഏറ്റവുമധികംകാലം റവന്യൂ ഭരണം കൈയാളിയ സിപിഐ. വൻകിട കൈയേറ്റക്കാരുടെ ഏതു സ്വാധീനത്തിനും സിപിഐ മന്ത്രിയുടെ കീഴിൽ റവന്യൂ വകുപ്പു കീഴ്പ്പെടുമെന്ന യാഥാർത്ഥ്യമാണ് ഈ വിവാദങ്ങളുടെ ബാക്കിപത്രം.

വിവാദമായ രവീന്ദ്രൻ പട്ടയ വിതരണം നടക്കുമ്പോൾ സിപിഐ നേതാവ് കെ ഇ ഇസ്മായിലായിരുന്നു റവന്യൂ മന്ത്രി. രണ്ടുപേരുടെ പേരിൽ മാത്രം മുന്നൂറ്റി എഴുപതോളം ഏക്കർ മെത്രാൻ കായൽ പോക്കുവരവു നടന്നപ്പോൾ വകുപ്പു ഭരിച്ചത് കെ പി രാജേന്ദ്രൻ. കള്ളക്കളി വെളിപ്പെട്ടിട്ടും നിയമവിരുദ്ധമായ പോക്കുവരവു റദ്ദാക്കാനോ ഭൂമി സർക്കാരിലേയ്ക്കു കണ്ടുകെട്ടാനോ യാതൊരു നടപടിയുമെടുക്കാൻ ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും താൽപര്യമില്ല.

കേരളത്തിലെ വൻകിട ഭൂമി കൈയേറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സിപിഐയ്ക്ക് ഒഴിഞ്ഞു മാറാൻ ഒരു പഴുതുമില്ല. ആദ്യകേരള മന്ത്രിസഭയുടെ അറുപതാം വാർഷികം ആഘോഷിക്കുമ്പോൾ കാലത്തിന്റെ പ്രതിക്കൂട്ടിലാണ് സിപിഐയുടെ റവന്യൂ ഭരണം.

1999ലാണ് നിയമവിരുദ്ധമായ രവീന്ദ്രൻ പട്ടയങ്ങൾ കെഡിഎച്ച് വില്ലേജിൽ വിതരണം ചെയ്തത്. റവന്യൂ മന്ത്രി കെ ഇ ഇസ്മായിൽ. 1971ലെ കണ്ണൻദേവൻ ഹിൽസ് തിരിച്ചെടുക്കൽ നിയമപ്രകാരം കെഡിഎഡിച്ച് വില്ലേജിൽ പട്ടയം കൊടുക്കാനുള്ള അധികാരം കളക്ടർക്കു മാത്രമാണ്. അതു ലംഘിച്ച് അന്നത്തെ അഡീഷണൽ തഹസീൽദാരായ എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്നറിയപ്പെടുന്നത്.

ദേവികുളം താലൂക്കിൽ 530 പട്ടയങ്ങളാണ് രവീന്ദ്രൻ വിതരണം ചെയ്തത്. കെഡിഎച്ചിൽ മാത്രം 127ഉം. ആകെ നാലായിരത്തി ഇരുനൂറോളം ഹെക്ടർ ഭൂമി രവീന്ദ്രൻ പട്ടയങ്ങളിലൂടെ വിതരണം ചെയ്യപ്പെട്ടു. ഇതിനു പുറമെ ആയിരക്കണക്കിനു വ്യാജപട്ടയങ്ങൾ രവീന്ദ്രന്റെ കള്ളയൊപ്പിട്ട് ദേവികുളം താലൂക്കിൽ വിതരണം ചെയ്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ യഥാർത്ഥ ഒപ്പേത്, വ്യാജ ഒപ്പേത് എന്ന സംശയവും ന്യായം.

മെത്രാൻ കായൽ ഭൂമി നിയമവിരുദ്ധമായി പോക്കുവരവു ചെയ്യപ്പെട്ടതും സിപിഐ റവന്യൂ വകുപ്പു ഭരിച്ച കാലത്താണ്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ അട്ടിമറിച്ചാണ് രണ്ടുപേർക്കായി ഇത്രയധികം ഭൂമിയുടെ പോക്കുവരവു നടന്നത്. തണ്ണീര്‍മുക്കം തെക്കുവില്ലേജില്‍ കെബി അജേഷ് എന്നയാളിന്റെ പേരില്‍മാത്രം പോക്കുവരവു ചെയ്യപ്പെട്ടത് 145 ഏക്കര്‍ സ്ഥലമാണ്. തണ്ണീർമുക്കം സ്വദേശി കെ ജെ കുഞ്ഞച്ചന്റെ പേരിൽ 125 ഏക്കറും. മുപ്പത്തിയേഴോളം കടലാസു കമ്പനികളുടെ വിലാസം ഉപയോഗിച്ചാണ് ഈ ഭൂമി രണ്ടുപേർക്കു പോക്കു വരവു ചെയ്തത്.

2009ൽ കോട്ടയം കളക്ടറായിരുന്ന മിനി ആന്റണിയാണ് കുമരകം വില്ലേജിലെ മെത്രാൻ കായൽ പ്രദേശം പോക്കുവരവു ചെയ്യാനുളള അനുമതി നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസർ പോക്കുവരവു പൂർത്തിയാക്കി. അങ്ങനെയാണ് 400 ഏക്കർ സ്ഥലം റാക്കിൻഡോ എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. പോക്കുവരവു നടക്കുമ്പോൾ ഈ കമ്പനികളെക്കുറിച്ചോ ഡയറക്ടർ ബോർഡ് അംഗങ്ങളെക്കുറിച്ചോ അന്വേഷിക്കാൻ റവന്യൂ വകുപ്പു മെനക്കെട്ടില്ല.

ഈ വിവരങ്ങളെല്ലാം പുറത്തുവന്നിട്ടും യാതൊരു നടപടിയുമെടുക്കാൻ റവന്യൂ വകുപ്പു മടിക്കുമ്പോഴാണ് സിപിഐയുടെ റവന്യൂ ഭരണം സംശയത്തിലാവുന്നത്. പത്രസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും നടത്തുന്ന വമ്പൻ പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ക്രിയാത്മക വകുപ്പു നടപടികൾക്കു തുടക്കം കുറിക്കാൻ മന്ത്രിമാർക്കോ പാർടിയ്ക്കോ താൽപര്യമില്ലെന്നു വ്യക്തമാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങളിൽ ഒന്നുപോലും ഇതേവരെ അസാധുവാക്കിയിട്ടില്ല എന്നറിയുമ്പോഴാണ് കള്ളക്കളിയുടെ രാഷ്ട്രീയ പ്രധാന്യം വ്യക്തമാകുന്നത്.

1964ൽ ഇന്നത്തെ സിപിഐ രൂപീകൃതമായതു മുതൽ രണ്ടു മന്ത്രിസഭകൾക്ക് പാർടി നേതൃത്വം നൽകിയിട്ടുണ്ട്. 1969 മുതൽ അച്യുതമേനോൻ സർക്കാരിനും 1978ലെ പികെവി സർക്കാരിനും. 1969ൽ സിപിഐ നേതാവ് കെ ടി ജേക്കബായിരുന്നു റവന്യൂ മന്ത്രി. അച്യുതമേനോൻ, പികെവി സർക്കാരുകളിൽ ബേബി ജോണും. 1980, 87 നായനാർ മന്ത്രിസഭകളിൽ സിപിഐ നേതാവ് പി എസ് ശ്രീനിവാസനായിരുന്നു റവന്യൂ വകുപ്പു കൈകാര്യം ചെയ്തത്. 1996ലെ നായനാർ സർക്കാരിൽ കെ ഇ ഇസ്മായിലും. 2006ലെ വിഎസ് സർക്കാരിൽ വകുപ്പു കെ പി രാജേന്ദ്രൻ കൈകാര്യം ചെയ്തു. നിലവിൽ ഇ ചന്ദ്രശേഖരനാണ് കസേരയിൽ.

ഇന്നത്തെ സിപിഐയ്ക്ക് റവന്യൂ ഭരണത്തിൽ പതിനേഴു - പതിനെട്ടു വർഷത്തെ ഉത്തരവാദിത്തമുണ്ട്. 1969 മുതൽ കണക്കിലെടുത്താൽ കേരളത്തിൽ മറ്റൊരു പാർടിയ്ക്കും റവന്യൂ വകുപ്പിൽ ഇത്രയും ഭരണപരിചയം അവകാശപ്പെടാനില്ല. അതുകൊണ്ട്, കൈയേറ്റക്കാർക്ക് അനൂകൂലമായി റവന്യൂ വകുപ്പിൽ രേഖപ്പെടുത്തപ്പെട്ട താളം തെറ്റലുകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആ പാർടിയ്ക്ക് ഒഴിഞ്ഞു മാറാനും കഴിയില്ല.