'കാര്യങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവും നടപടികള്‍ സുതാര്യവുമാണ്'; കൊട്ടിയൂര്‍ കേസില്‍ ന്യായീകരണക്കുറിപ്പുമായി ഫാ. തോമസ് തേരകം

സിഡബ്ല്യുസി അംഗമായിരുന്ന ഡോ. ബെറ്റി ജോസഫിനു മുന്നില്‍ ഹാജരാക്കിയ കുട്ടിയുമായി ബന്ധപ്പെട്ട സറണ്ടര്‍ രേഖകളില്‍ അമ്മയുടെ പ്രായം 18 വയസ്സ് എന്നാണു രേഖപ്പെടുത്തിയിരുന്നത് എന്നും പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് താന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും ഫാദര്‍ തേരകം കുറിപ്പില്‍ വ്യക്തമാക്കുന്നു. കൊട്ടിയൂരില്‍ പള്ളിവികാരി ഫാദര്‍ റോബിന്‍ വടക്കുംചേരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ പീഡന വിവരം മറച്ചുവെക്കുകയും നിയമവിരുദ്ധമായി നവജാത ശിശുവിനെ അനാഥാലയത്തിലേക്കയക്കുകയും ചെയ്തതിനാണ് ഫാദര്‍ തോമസ് ജേക്കബ് തേരകത്തെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.

താന്‍ നിയമപരവും സുതാര്യവുമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്ന വാദവുമായി കൊട്ടിയൂര്‍ പീഡനത്തിലെ കൂട്ടുപ്രതിയും മുന്‍ വയനാട് സിഡബ്ല്യുസി ചെയര്‍മാനുമായ ഫാദര്‍ തോമസ് ജേക്കബ് തേരകത്തിന്റെ കുറിപ്പ്. 'കൊട്ടിയൂര്‍ സംഭവുമായി ബന്ധപ്പെട്ട് എനിക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ വേദനിക്കുന്നവരും എനിക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നവരുമായ ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ അറിയാന്‍' എന്ന ആമുഖത്തോടെ ആരംഭിക്കുന്ന കുറിപ്പില്‍ മാധ്യമങ്ങള്‍ തന്നെ ശത്രുതാപരമായ മനോഭാവത്തോടെ ആക്രമിക്കുകയും ചാനല്‍ വിചാരണകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് തേരകം പറയുന്നു.

സിഡബ്ല്യുസി അംഗമായിരുന്ന ഡോ. ബെറ്റി ജോസഫിനു മുന്നില്‍ ഹാജരാക്കിയ കുട്ടിയുമായി ബന്ധപ്പെട്ട സറണ്ടര്‍ രേഖകളില്‍ അമ്മയുടെ പ്രായം 18 വയസ്സ് എന്നാണു രേഖപ്പെടുത്തിയിരുന്നത് എന്നും പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് താന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞതെന്നും ഫാദര്‍ തേരകം കുറിപ്പില്‍ വ്യക്തമാക്കുന്നു.

തന്നെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. താന്‍ ഒളിവിലാണെന്നു ടിവി ചാനലുകളില്‍ വാര്‍ത്ത വരുമ്പോള്‍ തന്റെ ഇടവക ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നുവെന്നും ഫാദര്‍ തേരകം വിശദീകരിക്കുന്നു. പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഉടന്‍ നിയമവിദഗ്ധരുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൈക്കോടതിയുടെ ഉത്തരവില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ നിയമാനുസൃതമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഫാദര്‍ തേരകം അവകാശപ്പെടുന്നു.

'ഈ വിഷയത്തില്‍ എന്റെ കരങ്ങള്‍ ശുദ്ധവും മനസാക്ഷി നിര്‍മ്മലവും നടപടികള്‍ സുതാര്യവുമായതിനാല്‍ തന്നെ ഇക്കാര്യങ്ങളൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. എന്നാല്‍ എന്നെ വേദനിപ്പിക്കുന്നത് തിരുസഭയ്ക്കും സഭാധികാരികള്‍ക്കും വിശ്വാസ സമൂഹത്തിനും എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ മാനസിക ആഘാതവും തീവ്രമായ വേദനയുമാണ്. അവരോട് എനിക്ക് ഒന്നേ പറയാനുളളൂ. 'ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല; അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു'. സഭയുടെ വിശുദ്ധീകരണത്തിനും നമ്മുടെയെല്ലാം ആത്മീയ വളര്‍ച്ചയ്ക്കും ദൈവം നല്‍കിയ കൃപയുടെ നിമിഷമായി ഇതു മാറട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'- എന്നു പറഞ്ഞാണു ഫാദര്‍ തേരകത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കൊട്ടിയൂരില്‍ പള്ളിവികാരി ഫാദര്‍ റോബിന്‍ വടക്കുംചേരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ പീഡന വിവരം മറച്ചുവെക്കുകയും നിയമവിരുദ്ധമായി നവജാത ശിശുവിനെ അനാഥാലയത്തിലേക്കയക്കുകയും ചെയ്തതിനാണ് ഫാദര്‍ തോമസ് ജേക്കബ് തേരകത്തെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞതിനു ശേഷം കോടതി നിര്‍ദേശാനുസരണം അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങി ജാമ്യം നേടുകയായിരുന്നു.


loading...