കാന്തല്ലൂരേ... ആപ്പിള്‍ വിളയുന്ന തെക്കന്‍ കാശ്മീരേ, ഓടിക്കോ... മൂന്നാര്‍ മുടിച്ചവര്‍ കുറ്റിയും പറിച്ച് വരുന്നുണ്ട്!

നട്ടുച്ചയ്ക്കു പോലും നൂലുപോലെ പെയ്തിറങ്ങുന്ന മഞ്ഞും രാത്രിയായാല്‍ മൈനസിലേയ്ക്കിറങ്ങുന്ന തണുപ്പുമുള്ള കാന്തല്ലൂര്‍. തെക്കന്‍ കാശ്മീരെന്നറിയപ്പെടുന്ന കേരള ഗ്രാമം. മൂന്നാറിലെ കയ്യേറ്റക്കാര്‍ കൂട്ടത്തോടെ ഇവിടേയ്‌ക്കെത്തുകയാണ്. കാന്തല്ലൂരിലെ റിസോര്‍ട്ട് മാഫിയകളെ പിന്തുടര്‍ന്ന് നാരദ ന്യൂസ് സഞ്ചരിക്കുന്നു

കാന്തല്ലൂരേ... ആപ്പിള്‍ വിളയുന്ന തെക്കന്‍ കാശ്മീരേ, ഓടിക്കോ... മൂന്നാര്‍ മുടിച്ചവര്‍ കുറ്റിയും പറിച്ച് വരുന്നുണ്ട്!

ആപ്പിളും ഓറഞ്ചും സ്‌ട്രോബറിയുമെല്ലാം കയ്യെത്തുംദൂരത്ത് വിളഞ്ഞുനില്‍ക്കുന്ന സ്വപ്‌നഭൂമിയായ കാന്തല്ലൂര്‍... കെട്ടിടങ്ങളും വാഹനങ്ങളും മാലിന്യങ്ങളും നാശോന്മുഖമാക്കിയ മൂന്നാറിനു ശേഷം തെക്കിന്റെ കാശ്മീര്‍ എന്ന പദവിക്ക് അര്‍ഹതനേടിയ കേരളഗ്രാമം. സഞ്ചാരികളുടെ സ്വപ്‌നഭൂമി. നട്ടുച്ചയ്ക്കുപോലും നൂലുപോലെ പെയ്തിറങ്ങുന്ന മഞ്ഞും രാത്രിയില്‍ മൈനസ് ഡിഗ്രിവരെയെത്തുന്ന തണുപ്പും, ശൈത്യകാല പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്ന ആയിരക്കണക്കിനേക്കര്‍ കൃഷിയിടങ്ങള്‍. നിഷ്‌കളങ്കമായ കര്‍ഷകജീവിതങ്ങള്‍......


ഇതൊക്കെയായിരുന്നു ഈ അടുത്തകാലം മുമ്പുവരെ കാന്തല്ലൂരിന്റെ മുഖം. സ്വര്‍ഗതുല്യമായി വിശേഷിപ്പിക്കപ്പെട്ട ആ ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ? കൈയെത്തും ദൂരത്ത് ആപ്പിള്‍ വിളഞ്ഞിരുന്ന കാന്തല്ലൂരില്‍ നിന്ന് ആപ്പിളുകള്‍ പടിയിറങ്ങിത്തുടങ്ങിയെന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ക്കറിയാം. ഇപ്പോള്‍ കാന്തല്ലൂരിലുള്ളത് വിരലിലെണ്ണാവുന്ന ആപ്പിള്‍ച്ചെടികള്‍ മാത്രമാണ്. ഇവയില്‍ കായ്ക്കുന്നവ വിരളവും. വളര്‍ച്ചയുടെ തോത് ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരുന്നു.


കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കാന്തല്ലൂരിന്റെ കാലാവസ്ഥയില്‍ ഭീമമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. പകല്‍സമയത്ത് താപനില 35 ഡിഗ്രിവരെയെത്തുന്ന ദിവസങ്ങളുണ്ടായി. മുമ്പ് കോടമഞ്ഞും മഴയുമൊഴിഞ്ഞ ഒരു ദിവസം ഇന്നാട്ടുകാരുടെ സങ്കല്‍പ്പത്തില്‍പ്പോലും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. ശീതകാല പച്ചക്കറികളുടെ ഉത്പാദനവും വിപണനവുമായിരുന്നു കാന്തല്ലൂരുകാരുടെ ജീവിതോപാധി. എന്നാല്‍ വിലയിടിവും രോഗബാധയും ഹോര്‍ട്ടികോര്‍പ്പുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പച്ചക്കറി സംഭരിക്കാതിരുന്നതും തുടര്‍ന്നതോടെ പച്ചക്കറി കര്‍ഷകരുടെ നടുവൊടിഞ്ഞു. നൂറുകണക്കിനു കര്‍ഷകരെ തേടി ബാങ്കുകളുടെ ജപ്തിനോട്ടീസുകളെത്തി. ഇതോടെ കൈവശമുണ്ടായിരുന്ന ഭൂമി ഇവര്‍ വില്‍ക്കാന്‍ തുടങ്ങി. ഇത് ചെന്നെത്തിയതാകട്ടെ ഭൂമാഫിയകളുടെ കൈകളിലേക്കും. മോഹവില പറഞ്ഞ് ഭൂമി സ്വന്തമാക്കിയവര്‍ പച്ചക്കറിത്തോട്ടങ്ങളില്‍ റിസോര്‍ട്ട് കൃഷി ആരംഭിച്ചു.


ഇതോടെയാണ് പരിസ്ഥിതിനാശത്തിന് ആക്കം കൂടുന്നത്. മോഹവിലയ്ക്ക് ഭൂമിവിറ്റ പല കര്‍ഷകരും കിട്ടിയകാശുകൊണ്ട് അവശേഷിക്കുന്ന കൃഷിയിടങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ചിലര്‍ ജീപ്പുകള്‍ വാങ്ങി, ട്രക്കിംഗിനെത്തുന്ന ടൂറിസ്റ്റുകളെ കാത്തുനില്‍ക്കുന്നു. പരമ്പരാഗത കര്‍ഷകരൊഴികെ പുതു തലമുറയിലെ ആരുംതന്നെ കാര്‍ഷികവൃത്തിക്ക് മുതിരുന്നില്ലെന്നത് കേരളത്തിലെ പ്രബല കാര്‍ഷിക ഗ്രാമത്തില്‍ നിന്നെത്തുന്ന ദുഖകരമായ വാര്‍ത്തയാണ്.പിടിച്ചുനില്‍ക്കാനാകാത്ത മറ്റുചില കര്‍ഷകരാകട്ടെ വന്‍കിട റിസോര്‍ട്ടുകളിലെ ജീവനക്കാരായി വേഷപ്പകര്‍ച്ച നേടി.

റിസോര്‍ട്ടുകളുടെ വരവും പ്രകൃതിയുടെ നാശവും

കൃഷിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കാതായതോടെയാണ് കാന്തല്ലൂരില്‍ റിസോര്‍ട്ടുകള്‍ക്ക് ഭൂമി ലഭ്യമായിത്തുടങ്ങിയത്. മൂന്നാറിന്റെ കാറ്റ് തീര്‍ന്നുതുടങ്ങിയെന്ന് മനസിലാക്കിയ ടൂറിസം വ്യവസായികള്‍ കാന്തല്ലൂരിനെ ശരിക്ക് ഉപയോഗിച്ചു.


നാട്ടുകാരിലെ ചില പരിസ്ഥിതി സ്‌നേഹികള്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് ഇടയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് കാറ്റില്‍ പറത്തി നിര്‍മ്മാണം ഇപ്പോഴും തുടരുകയാണിവിടെ. അത്യപൂര്‍വ ജൈവവൈവിധ്യമുള്ള കേരളത്തിലെ ഏറ്റവും വലിയ ചോലവനമായ മന്നവന്‍ ചോലയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് കാന്തല്ലൂര്‍. നിര്‍ദിഷ്ട കുറിഞ്ഞിമ സാങ്ച്വറിയോടും ആനമുടി നാഷണല്‍ പാര്‍ക്കിനോടും തൊട്ടുചേര്‍ന്നുകിടക്കുന്ന ഭൂപ്രദേശം. ഇവിടെയാണ് അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതെന്നത് ഏറെ ഗൗരവതരമാണ്.


കുന്നിടിച്ചും പാറപൊട്ടിച്ചും അരുവികളുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയുമുള്ള നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണ്. 230 റിസോര്‍ട്ടുകളാണ് 5 വര്‍ഷത്തിനിടെ കെട്ടിപ്പൊക്കിയിട്ടുള്ളത്. മന്നവന്‍ചോലയോട് ചേര്‍ന്നുള്ള ഒറ്റ കുന്നില്‍ത്തന്നെ അറുപതിലേറെ കെട്ടിടങ്ങള്‍ ഒരേസമയം നിര്‍മ്മിക്കുന്ന കാഴ്ചയും ഞങ്ങള്‍ക്ക് കാണാനായി.


ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായതും കൃഷിയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതുമാണ് കാന്തല്ലൂരിന്റെ കാലാവസ്ഥയെ ഇപ്പോള്‍ തകിടം മറിക്കുന്നത്. ഗ്രാന്റിസ് മരങ്ങളുടെ സാന്നിധ്യവും ഇതിന് മറ്റൊരു കാരണമാണ്.

നടപടിയില്ലെങ്കില്‍ കാന്തല്ലൂരുണ്ടാകില്ല

കൃഷിഭൂമിയായും സര്‍ക്കാര്‍ ഭൂമിയായും രേഖകളിലുള്ള ഈ പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് നഗ്നമായ നിയമലംഘനമായിട്ടും ഉദ്യോഗസ്ഥര്‍ ഇതിനെതിരേ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.


മികച്ച വരുമാനം ലഭിച്ചിരുന്നതിനാല്‍ തദ്ദേശീയരില്‍ നല്ലൊരുപങ്കും റിസോര്‍ട്ടുകളെ ആദ്യഘട്ടത്തില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും ഇപ്പോള്‍ പലരെയും ആശങ്കപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. സംരക്ഷിത വനമേഖലകളുടെ സമീപമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശമായി കണ്ട് വനംവകുപ്പിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാവുന്നതാണ്.

എന്നാല്‍ ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ അന്തിമറിപ്പോര്‍ട്ട് വരാത്തതിനാല്‍ ഇപ്പോള്‍ നടപടിയെടുക്കാന്‍ സാധിക്കില്ല. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ കാന്തല്ലൂരിലെ കയ്യേറ്റങ്ങള്‍ക്കെതിരേ ഒരു ഘട്ടത്തില്‍ നടപടിക്കൊരുങ്ങിയിരുന്നെങ്കിലും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളോടെ ഇതും അവസാനിച്ചു. ഇതുപോലെയാണ് ടൂറിസത്തിന്റെ പോക്കെങ്കില്‍ കാന്തല്ലൂരിന്റെ ഗ്രാമഭംഗിയും കുളിര്‍മ്മയും അധികനാളുണ്ടാകില്ലെന്നുറപ്പാണ്.