ജനവാസകേന്ദ്രത്തിലെ വീട് കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയാക്കി; പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവില്‍

തലേന്നുവരെ ആള്‍ത്താമസമുണ്ടായിരുന്ന വീടാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍ മദ്യവില്‍പ്പനയ്ക്കുള്ള ഔട്ട്‌ലെറ്റാക്കിയത്. വില്‍പ്പനക്കായി എത്തിച്ച മദ്യം വീട്ടില്‍നിന്ന് നീക്കം ചെയ്യണമെന്നും തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സമരം തുടരുകയാണ് നാട്ടുകാര്‍.

ജനവാസകേന്ദ്രത്തിലെ വീട് കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയാക്കി; പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവില്‍

മദ്യവില്‍പ്പനയ്ക്കുള്ള ഔട്ട്ലെറ്റ് തുടങ്ങാന്‍ സ്ഥലമന്വേഷിച്ച കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ക്ക് കിട്ടിയത് ജനവാസ കേന്ദ്രത്തിലെ വീട്. വിദേശത്തുള്ള വീട്ടുടമ വില്‍പ്പനയ്ക്കു പച്ചക്കൊടി കാട്ടിയതോടെ വീട് മദ്യവില്‍പ്പനശാലയായി രൂപാന്തരപ്പെട്ടു. തലേന്നുവരെ ആള്‍ത്താമസമുണ്ടായിരുന്ന വീട്ടില്‍ നേരം ഇരുട്ടിവെളുത്തപ്പോള്‍ മദ്യം വില്‍ക്കുന്നതുകണ്ട് നാട്ടുകാര്‍ ആദ്യമൊന്നു ഞെട്ടി. പുതിയ മദ്യവില്‍പ്പനശാലയാണെന്നറിഞ്ഞതോടെ പ്രതിഷേധമാരംഭിച്ചു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ കച്ചവടം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.


വില്‍പ്പനയ്ക്കായി എത്തിച്ച മദ്യം വീട്ടില്‍നിന്നു നീക്കം ചെയ്യണമെന്നും തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു സമരം തുടരുകയാണു നാട്ടുകാര്‍. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പേരൂര്‍ക്കടയിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് അടച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞ 27 നാണു കുടപ്പനക്കുന്നു സിവില്‍സ്റ്റേഷനു സമീപത്തെ ജനവാസകേന്ദ്രത്തിലെ ഒരു വീട്ടിലേക്ക് ഔട്ട്‌ലെറ്റ് മാറ്റിയത്. രാവിലെ 10 മണിമുതല്‍ മദ്യവില്‍പ്പനയും ആരംഭിച്ചു.

വിദേശത്തുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടില്‍ തലേന്നുവരെ ആള്‍ത്താമസമുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ഉടമയുടെ നിര്‍ദേശപ്രകാരം ഇവര്‍ വീടൊഴിഞ്ഞു. തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് ഔട്ട്‌ലെറ്റാക്കുകയായിരുന്നു.


പാര്‍ക്കിംഗ് ഏരിയയുടെ ഒരുവശത്ത് മറയുണ്ടാക്കി ക്യൂ നില്‍ക്കാനുള്ള സംവിധാനം ഒരുക്കി. വീട്ടിലെ ഒരു മുറിയില്‍ വച്ചായിരുന്നു മദ്യവില്‍പ്പന. വില്‍പ്പന തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ത്തന്നെ മേഖല, മദ്യപരുടെ സാഗരമായി മാറി. പ്രധാനപാതയിലേക്കും ക്യൂ നീണ്ടതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. കൊടുംവളവിന് സമീപത്തായതിനാല്‍ അപകടങ്ങളുമുണ്ടായി. ഇതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി വില്‍പ്പന തടയുകയായിരുന്നു.

മദ്യവില്‍പ്പന നടത്തുന്നത് നിരവധി സാമൂഹ്യപ്രശ്‌നങ്ങളും അപകടങ്ങളുമുണ്ടാക്കുമെന്ന് സമീപവാസികള്‍ പറയുന്നു. തൊട്ടടുത്ത വീടുകളിലെ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് ജീവിതം ദുസഹമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് ഔട്ട്‌ലെറ്റ് ആരംഭിച്ചത്. മദ്യം സൂക്ഷിക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ അനുമതി മറയാക്കി വില്‍പ്പന നടത്തുകയായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 2000 സ്‌ക്വയര്‍ഫീറ്റുള്ള വീട് ആഡംബര കെട്ടിടത്തിന്റെ പരിധിയില്‍ വരുന്നതാണ്. കമേഴ്‌സ്യല്‍ ബില്‍ഡിംഗ് ആക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത കെട്ടിടത്തില്‍ മദ്യവില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് എങ്ങനെ സാധിച്ചുവെന്നു നാട്ടുകാര്‍ ചോദിക്കുന്നു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് രാവിലെ മുതല്‍ വൈകിട്ട് വരെ സമരം തുടരുന്നത്. മദ്യം പൂര്‍ണമായും മാറ്റി തങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണിവര്‍. അതേസമയം ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കിയിരുന്ന ഔട്ട്‌ലെറ്റ് ഇനി എവിടേക്ക് മാറ്റുമെന്നറിയാതെ കുഴയുകയാണ് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍.

Read More >>