ക്രൈം ബ്രാഞ്ച് ചമഞ്ഞ് കൂടത്തായി കേസ് 'അന്വേഷിച്ച്' മാധ്യമപ്രവർത്തകർ; മുന്നറിയിപ്പുമായി പൊലീസ്

വ്യാജ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള ചോദ്യം ചെയ്യലുകള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ബ്യുറോ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ചമഞ്ഞ് കൂടത്തായി കേസ് അന്വേഷിച്ച് മാധ്യമപ്രവർത്തകർ; മുന്നറിയിപ്പുമായി പൊലീസ്

കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സമഗ്രമായി കേസന്വേഷണം നടന്നുകൊണ്ടിരിക്കെ ക്രൈം ബ്രാഞ്ച് ഉദ്ദ്യോഗസ്ഥരായി ചമഞ്ഞ്‌ മാധ്യമ പ്രവര്‍ത്തകര്‍ ആളുകളെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. കേസുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിംഗ് രീതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടയാണ് കേസന്വേഷണത്തെ ഇത് ഗുരുതരമായി ബാധിക്കുന്നെന്ന വെളിപ്പെടുത്തലുമായി പൊലീസ് തന്നെ മുന്നോട്ടു വന്നിരിക്കുന്നത്.

പോലീസ് രഹസ്യമായി അന്വേഷണം നടത്തി വലിയ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് മുതലാണ് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് സ്വന്തം നിലയിൽ അന്വേഷണം നടത്തി സെൻസേഷണൽ വാർത്തകൾ പുറത്ത് വിടുന്നതായി മാധ്യമങ്ങളുടെ രീതി. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ കുറ്റസമ്മതവും അറസ്റ്റും സംബദ്ധിച്ചടക്കം പുറത്തുവന്ന പല വാർത്തകളും അടിസ്ഥാനമില്ലാത്തതാണെന്ന് പിന്നീട് വ്യക്തമായി.

വ്യാജ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള ചോദ്യം ചെയ്യലുകള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ബ്യുറോ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രമുഖ റിപ്പോർട്ടർമാരായതിനാൽ തന്നെ ആദ്യ ഘട്ടം എന്ന നിലയിൽ മുന്നറിയിപ്പ് നൽകാനാണ് പൊലീസിൻറെ നീക്കം. ഇതേ തുടര്‍ന്നാണ് പൊലീസ് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമ വിരുദ്ധമായ അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത് കേസന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല പരാതികളും ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്ന് പിന്മാറാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Read More >>