ശരി സർക്കാരേ സമ്മതിച്ചു, ഇനി വരട്ടെ മറ്റേപ്പട്ടിക; 2016 ഒക്ടോബറിൽ തയ്യാറാക്കിയത്...

യുഡിഎഫ് പട്ടികയിൽ ഉൾപ്പെട്ടിരുന്ന എത്രപേർ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയിലും ഇടം പിടിച്ചുവെന്നും അതിനു ആധാരമാക്കിയ മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു എന്നുമാണ് ഇനി വിശദീകരിക്കേണ്ടത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തും ജയിൽ വകുപ്പ് പട്ടിക തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചുവെന്ന് 2017 ഫെബ്രുവരി 21ന് ജയിൽ ഡിജിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശരി സർക്കാരേ സമ്മതിച്ചു, ഇനി വരട്ടെ മറ്റേപ്പട്ടിക; 2016 ഒക്ടോബറിൽ തയ്യാറാക്കിയത്...

കൊടുംകുറ്റവാളികൾക്കു ശിക്ഷാ ഇളവു നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാക്കിയ പട്ടിക പുറത്തു വന്നതോടെ പ്രതിപക്ഷം പ്രതിക്കൂട്ടിലായെങ്കിലും പിണറായി സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങൾ ബാക്കി. ശിക്ഷാ കാലാവധിയിൽ ഇളവു നൽകാൻ യുഡിഎഫ് തയ്യാറാക്കിയ പട്ടികയിൽ കൊടി സുനിയും കിർമാനി മനോജും ടി കെ രജീഷും അടക്കമുള്ള ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു പുറമെ ബിജു രാധാകൃഷ്ണനും സന്തോഷ് മാധവനുമുൾപ്പെടെയുള്ളവർ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മറുപടി പറയേണ്ടി വരും.

2016 ഫെബ്രുവരിയിലാണ് സർക്കാർ പട്ടിക നൽകിയത്. ഓരോ കേസും വെവ്വേറെ പരിശോധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയായിരുന്നു.

എന്നാൽ യുഡിഎഫ് പട്ടികയിൽ ഉൾപ്പെട്ടിരുന്ന എത്രപേർ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പട്ടികയിലും ഇടം പിടിച്ചുവെന്നും അതിനു ആധാരമാക്കിയ മാനദണ്ഡങ്ങൾ എന്തൊക്കെയായിരുന്നു എന്നുമാണ് ഇനി വിശദീകരിക്കേണ്ടത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്തും ജയിൽ വകുപ്പ് പട്ടിക തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചുവെന്ന് 2017 ഫെബ്രുവരി 21ന് ജയിൽ ഡിജിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും ലഭിച്ച അർഹരായ തടവുകാരുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റു പ്രകാരം 2262 തടവുകാരുടെ വിവരങ്ങൾ അടങ്ങിയ പ്രൊപ്പോസൽ 17-10-2016 തീയതിയിൽ സർക്കാരിനു സമർപ്പിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ പട്ടിക വെട്ടിച്ചുരുക്കിയാണ് 1850 പേരുടെ പട്ടിക എൽഡിഎഫ് സർക്കാർ തയ്യാറാക്കിയത് എന്ന വാദമാണ് ഇവിടെ തകരുന്നത്. പിണറായി സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പു സമർപ്പിച്ച 2262 പേരുടെ പട്ടികയിൽ നിന്നാണ് 1850 പേരടങ്ങിയ അന്തിമ ലിസ്റ്റ് മൂന്നംഗ കമ്മിറ്റി തയ്യാറാക്കിയത്. ഇതോടെ പല ചോദ്യങ്ങൾക്കും സർക്കാരിന്റെ മറുപടി അനിവാര്യമാകും.

യുഡിഎഫ് സർക്കാർ തയ്യാറാക്കിയ 2300 പേരുടെ പട്ടികയിലുൾപ്പെട്ട എത്രപേർ പിണറായിയുടെ കാലത്ത് ജയിൽ വകുപ്പു തയ്യാറാക്കിയ 2262 പേരടങ്ങിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്ന ചോദ്യം ശക്തമാകും. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ, സന്തോഷ് മാധവൻ തുടങ്ങിയ സ്ത്രീ പീഡകർ, മുഹമ്മദ് നിസാം, ഷെറിൻ, ഡിവൈഎസ്പി ഷാജി തുടങ്ങിയ കൊലയാളികൾ എന്നിവരൊക്കെ പിണറായിയുടെ കാലത്ത് ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടികയിലും ഉൾപ്പെട്ടിരുന്നോ എന്നും വിശദീകരിക്കേണ്ടി വരും.

ഗവർണർ ആവശ്യപ്പെട്ട എന്തു പുനഃപ്പരിശോധനയാണ് ജയിൽ വകുപ്പു നടത്തിയത് എന്ന ചോദ്യവും ഉയരും. അതിനേക്കാൾ പ്രധാനമാണ് പിണറായി സർക്കാർ ഗവർണർക്കു നൽകിയ 1850 പേരുടെ പട്ടിക. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നോ രണ്ടോ പ്രതികളെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

ഉമ്മൻചാണ്ടിയുടെ കാലത്ത് തയ്യാറാക്കിയ പട്ടിക പുനപ്പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണിയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയുണ്ടാക്കിയത് എന്ന വാദത്തിന്റെ യുക്തിയും ജയിൽ ഡിജിപിയുടെ പത്രക്കുറിപ്പ് ഖണ്ഡിക്കുന്നു. 2016 ഒക്ടോബർ 17ന് ജയിൽ വകുപ്പു സമർപ്പിച്ച പട്ടികയാണ് ഈ കമ്മിറ്റി പരിശോധിച്ചത്.

കൊടി സുനി, കിർമാനി മനോജ്, നിസാം എന്നിവരുടെ പേരാണത്രേ 1850 പേരുടെ പട്ടികയിൽ ഒഴിവാക്കിയത്. ടി കെ രജീഷ്, എം സി അനൂപ്, കെ സി രാമചന്ദ്രൻ, കുഞ്ഞനന്തൻ തുടങ്ങിയ പ്രതികളുടെ പേരുകൾ പട്ടികയിലുണ്ടെന്നും കേൾക്കുന്നു. ഇക്കാര്യത്തിൽ സത്യാവസ്ഥ പുറത്തു വരണമെങ്കിൽ യഥാർത്ഥ പട്ടിക സർക്കാർ പുറത്തു വിടേണ്ടി വരും.

രണ്ടു പട്ടികകളാണ് ഇനി പുറത്തു വരാനുള്ളത്. 2016 ഒക്ടോബർ 17ന് ജയിൽ വകുപ്പ് സർക്കാരിനു സമർപ്പിച്ച 2262 പേരുടെ പട്ടിക. മറ്റൊന്ന് മൂന്നംഗ കമ്മിറ്റി അന്തിമരൂപം കൊടുത്ത 1850 പേരുടെ പട്ടിക. ഇവ പുറത്തു വിടാനുള്ള ചങ്കൂറ്റമാണ് സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്.