'കാര്യങ്ങൾ ശരിയാക്കാൻ കാണേണ്ടരീതിയിൽ കാണണമെന്ന് ഒരാൾ പറഞ്ഞു'; എസ്‌കെ ഹോസ്പിറ്റലിലെ മുൻജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മ

'പേര് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഹോസ്പിറ്റലിൽ എല്ലാവർക്കും ഡ്യൂട്ടിയൊക്കെ നൽകുന്ന ഒരു ആളിനെയാണ് അഞ്ജു സമീപിച്ചത്. അയാൾക്കൊപ്പം അവിടെ ജോലി ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു - കൂടെയുണ്ടായിരുന്നു'. വെരിഫിക്കേഷനായി വിവരങ്ങൾ നൽകാമെന്നും എന്നാൽ കാണേണ്ട രീതിയിൽ കാണണമെന്നും അത് എങ്ങനെയാണെന്ന് കൂടെയുണ്ടായിരുന്ന മറ്റേ ആളിനോട് ചോദിച്ചാൽ പറഞ്ഞു തരുമെന്നും അയാൾ പറഞ്ഞതായി മകൾ തന്നോട് വിശദീകരിച്ചതായി എസ്‌കെ ഹോസ്പിറ്റലിൽ ദുരൂഹമായി മരിച്ച അഞ്ജുവിന്റെ അമ്മ അംബികാദേവി പറയുന്നു.

കാര്യങ്ങൾ ശരിയാക്കാൻ കാണേണ്ടരീതിയിൽ കാണണമെന്ന് ഒരാൾ പറഞ്ഞു; എസ്‌കെ ഹോസ്പിറ്റലിലെ മുൻജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മ

''എല്ലാകാര്യങ്ങളും ശരിയാവും കാണേണ്ടരീതിയിൽ കണ്ടാൽ മതി. കൂടെയുള്ള ആളോട് ചോദിച്ചാൽ മതി, അയാൾ പറഞ്ഞു തരും എന്ത് ചെയ്തു തരണമെന്ന്''

എസ്‌കെ ഹോസ്പിറ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മുൻജീവനക്കാരി അഞ്ചു എസ്‌കെ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന വ്യക്തി അഞ്ചുവിനോട് ഇങ്ങനെ പറഞ്ഞുവെന്നു അമ്മ അംബികാദേവി നാരദാ ന്യൂസിനോടു പറഞ്ഞു. വിദേശത്തു ജോലി ശരിയായ സാഹചര്യത്തിൽ മുൻജോലിപരിചയം സംബന്ധിച്ച വെരിഫിക്കേഷനായി അവർ എസ്‌കെ ഹോസ്പിറ്റലിൽ ബന്ധപ്പെടും എന്നറിയിച്ചിരുന്നു. അപ്പോൾ കൃത്യമായ മറുപടി നൽകണമെന്ന് ആവശ്യപ്പെടാനായാണ് അവൾ ആശുപത്രിയിലേക്ക് പോയത്.


'പേര് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഹോസ്പിറ്റലിൽ എല്ലാവർക്കും ഡ്യൂട്ടിയൊക്കെ നൽകുന്ന ഒരു ആളിനെയാണ് അഞ്ജു സമീപിച്ചത്. അയാൾക്കൊപ്പം അവിടെ ജോലി ചെയ്യുന്ന ഒരാളാണെന്ന് തോന്നുന്നു - കൂടെയുണ്ടായിരുന്നു'.

വെരിഫിക്കേഷനായി വിവരങ്ങൾ നൽകാമെന്നും എന്നാൽ കാണേണ്ട രീതിയിൽ കാണണമെന്നും അത് എങ്ങനെയാണെന്നു കൂടെയുണ്ടായിരുന്ന മറ്റേ ആളിനോടു ചോദിച്ചാൽ പറഞ്ഞു തരുമെന്നും അയാൾ പറഞ്ഞതായി മകൾ തന്നോടു വിശദീകരിച്ചതായി അമ്മ അംബികാദേവി നാരദാ ന്യൂസിനോട് പറഞ്ഞു.

എന്താണു കാര്യമെന്ന് അവൾക്കു മനസ്സിലായില്ല. പണമാണോ മറ്റെന്തെങ്കിലുമാണോ അവർ ഉദ്ദേശിച്ചതെന്നും അറിയില്ല. അന്ന് അവൾ ചിരിച്ചുകൊണ്ടാണു മടങ്ങിയത്. പിന്നീടു പോയപ്പോഴാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായതെന്നും എന്താണു മകൾക്കു സംഭവിച്ചതെന്നു തനിക്കറിയണമെന്നും അംബികാദേവി പറഞ്ഞു.


'അഞ്ജു ആത്മഹത്യ ചെയ്യില്ല - അവൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു'

അഞ്ജു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അമ്മ അരയ്ക്കു കീഴ്‌പ്പോട്ട് തളർന്നു കിടക്കുകയാണ്. പരസഹായമില്ലാതെ ഒരിഞ്ചുപോലും നീങ്ങാനാവില്ല. അച്ഛൻ ശശിധരൻ നായർക്കും കാര്യമായി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല. സഹോദരൻ ശിവകുമാറിന് പത്രവിതരണമാണ് ജോലി. അമ്മയുടെ അവസ്ഥമൂലം എപ്പോഴും വീട്ടിൽ നിന്നേ പറ്റൂ. കുടുംബത്തിന്റെ ഉത്തരവാദിത്തം ചെറുപ്പം മുതലേ ഏറ്റെടുത്ത കുട്ടിയാണ് അഞ്ജു. അവൾക്ക് കുടുംബത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു.


അഞ്ജുവും കുടുംബവും ആദ്യം താമസിച്ചിരുന്നത് ഒറ്റമുറി മൺവീടിലായിരുന്നു. പിന്നീട് അഞ്ജുവാണ് അതിനോട് ചേർന്ന് ചെറിയൊരു കോൺക്രീറ്റ് വീട് പണിയുന്നത്. അതിന്റെ പണി പൂർത്തിയായിട്ടില്ല. ഏറെ കടം വീട്ടാനുണ്ട്. വിദേശത്തെ ജോലിയിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് വീടുപണി പൂർത്തിയാക്കണം എന്നതടക്കം ഒരുപാട് സ്വപ്‌നങ്ങൾ അവർക്കുണ്ടായിരുന്നു. അവൾ ആത്മഹത്യ ചെയ്യില്ല - അമ്മാവൻ ഗോപാലകൃഷ്ണൻ നാരദാ ന്യൂസിനോട് പറഞ്ഞു.

അടിമുടി ദുരൂഹത

അഞ്ജു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണു വീണത് എന്നാണ് ആശുപത്രിയുടെ വിശദീകരണം. പാർക്കിങ് ഏരിയയിൽ വീണുകിടന്ന അഞ്ജുവിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടതത്രേ. ഏറെ തിരക്കുള്ള ആശുപത്രിയിൽ പാർക്കിങ് ഏരിയയിൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉള്ളപ്പോൾ ഇത്രയും നേരം വീണുകിടന്നിട്ടും ആരും കണ്ടില്ലെന്നു പറയുന്നത് സംശയാസ്പദമാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.


അഞ്ജു കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് പോകേണ്ടിയിരുന്ന കാര്യമില്ലെന്നും ആശുപത്രി അധികൃതരുടെ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ വാദം. ഉച്ചയ്ക്കു രണ്ടുമണിയോടെ നടന്ന സംഭവം പൊലീസിൽ അറിയിച്ചത് നാലുമണിയോടെ ആണെന്ന് നേരത്തെ പൂജപ്പുര എസ്‌ഐ രാകേഷ് മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ അഞ്ജുവിന്റെ കഴുത്തൊടിയുകയും കൈകാലുകളിലെ എല്ലുകൾ ഒടിയുകയും വാരിയെല്ലുകൾ തകരുകയും ചെയ്തിരുന്നു. എന്നാൽ തലയ്ക്ക്, പുറമേ കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. അഞ്ജുവിന്റെ ശരീരത്തിനു സമീപത്തുനിന്നും കണ്ടെടുത്ത മൊബൈൽ ഫോണിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി അഞ്ജുവിന്റെ കുടുംബം പൂജപ്പുര പൊലീസ് സ്റ്റേഷൻ, കമ്മീഷണർ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം.