22 ജീവനെടുത്ത് പെരുമഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു

22 ജീവനെടുത്ത് പെരുമഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുന്നു. മരിച്ചവരുടെ എണ്ണം 22 ആയി. ഇന്ന് 12 പേരാണു മരിച്ചത്. മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെടുത്തു. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.

റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും നിലവിൽ വെള്ളത്തിനടിയിലാണ്. ടെർമിനൽ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. റൺവേയിൽ വെള്ളം കയറിയ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവർത്തനം നിർത്തിയത്. അർധരാത്രിയോടെ പ്രവർത്തനം പുനസ്ഥാപിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും റൺവേയിൽ കയറിയ വെള്ളം ഒഴുക്കി കളയാൻ കഴിയാതെ വന്നതോടെ ഇന്നു രാവിലെ ഒമ്പതു മണി വരെ വിമാനത്താവളം അടയ്ക്കാൻ തീരുമാനിച്ചു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച വരെ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സമീപത്തെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 23,000 പേര്‍ ക്യാംപുകളില്‍ കഴിയുന്നു. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാംപിലുള്ളത്. എൻഡിആർഎഫിന്റെ നാലുസംഘം കേരളത്തിലേക്ക് തിരിച്ചു. ഭോപ്പാലില്‍നിന്ന് സേനയുടെ നാലുസംഘം എത്തും. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. കോഴിക്കോട് മുക്കത്ത് കനത്ത മഴയിൽ തോട്ടുമുക്കം,കാരശേരി,ചെറുവാടി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടിവരെ തുറക്കും. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്

Read More >>