ശബരിമല:"പെണ്ണുങ്ങൾക്ക് കാണണം എന്ന ആഗ്രഹമൊന്നും ഉണ്ടാവില്ലേ"; കണ്ണൂർ മുത്തശ്ശി വൈറൽ

ഇപ്പൊ തോന്നുന്ന്, കയ്യുന്ന കാലത്ത് പോയിരുന്നെങ്കി അനക്കും(എനിക്കും) ഭഗവാനെ കണ്ട് തൊഴായിരുന്ന്- ശബരിമല വിഷയത്തിൽ കണ്ണൂരിലെ ഒരു വയോധികയുടെ വീഡിയോ

ശബരിമല:പെണ്ണുങ്ങൾക്ക് കാണണം എന്ന ആഗ്രഹമൊന്നും ഉണ്ടാവില്ലേ; കണ്ണൂർ മുത്തശ്ശി വൈറൽ

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വ്യത്യസ്തമായ ഒരു പ്രതികരണം. കണ്ണൂരിലെ പ്രാദേശിക ഭാഷയിൽ സംസാരിക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് വിഷയം. പെണ്ണുങ്ങൾ മലയ്ക്ക് പോകണം എന്നും പോകാൻ തോന്നുന്ന കാലത്ത് പോയി ഭഗവാനെ കാണണം എന്നുമാണ് അമ്മൂമ്മയുടെ അഭിപ്രായം. പെണ്ണായി ജനിച്ചാൽ ഇതൊന്നും കണ്ടുകൂടാ എന്നുണ്ടോ എന്നുള്ള ശക്തമായ അഭിപ്രായവും മറ്റാരോ എടുത്ത വീഡിയോയിൽ അമ്മൂമ്മ പങ്കുവയ്ക്കുന്നുണ്ട്.

"പെണ്ണുങ്ങൾ പോകണം, പോകണം. അവർ കണ്ടോട്ടെ. പെണ്ണുങ്ങൾക്ക് കാണേണ്ട ആഗ്രഹമൊന്നും ഉണ്ടാവൂല്ല? പെണ്ണ് ന്ന് പറഞ്ഞ് ജനിച്ചാ ഇതൊന്നും കണ്ടൂടാ, വയസാകുന്ന വരെ (ഇരിക്കണോ?). ചാവൂലേ അതിന്റെ ഇടയ്ക്ക്? പിന്നെ എപ്പൊ കാണണ്ടത്?" എന്നാണ് വയോധിക ചോദിക്കുന്നത്. ശരീരരത്തിന് പറ്റുന്ന ഒരു പ്രായത്തിൽ തന്നെ പെണ്ണുങ്ങൾ ശബരിമലയ്ക്ക് പോകണം എന്നും പ്രായമായാൽ അതിന് പറ്റിക്കൊള്ളണം എന്നില്ലെന്നും പറയുന്ന അമ്മൂമ്മ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് തന്നെയാണ് ഉടനീളം സംസാരിക്കുന്നത്.

വീഡിയോയിൽ മറുവാദം ഉന്നയിക്കുന്ന ഒരു യുവതീശബ്ദത്തിന് ചുട്ട മറുപടിയും കൊടുക്കുന്നുണ്ട് മുത്തശ്ശി. 'എല്ലാ അമ്പലവും കണ്ടിട്ട് ചാവാൻ പറ്റുമോ?' എന്ന ചോദ്യത്തിന് "എല്ലാ അമ്പലവും എന്നു പറഞ്ഞാ കാണേണ്ട അമ്പലമൊക്കെ കാണണം. കാണാൻ ആഗ്രഹം ഉള്ളിടത്തൊക്കെ (പോയി) കാണണം. ആവുമെങ്കിൽ ഞാൻ പോയി കാണട്ടെ? ആവില്ലല്ല? പിന്നെ പറഞ്ഞിട്ടെന്താ. ആവുമെങ്കി ഞാൻ പോവൂല്ലേ?" എന്നാണ് അമ്മൂമ്മ മറുപടി പറയുന്നത്.


വയസായവർക്ക് മര്യാദയ്ക്ക് കയറാനൊന്നും കഴിയില്ല. പ്രായമായി വയ്യാതാകുമ്പോഴാണ് പോകുന്നത്. ആവുന്ന കാലത്ത് പോയിരുന്നെങ്കിൽ എനിക്കു കാണാമായിരുന്നു എന്ന തോന്നൽ അപ്പോൾ ഉണ്ടാകും. കഴിയുന്ന കാലത്ത് പോയിരുന്നെങ്കിൽ ഭഗവാനെ കണ്ട് തൊഴാമായിരുന്നു എന്ന് എനിക്കും ഇപ്പോൾ തോന്നുന്നുണ്ടെന്നും നിങ്ങൾക്ക് പോകേണ്ട ഈ സമയത്ത് പോകാൻ തോന്നുന്നുണ്ടെങ്കിൽ പോകണം എന്നും വീഡീയോ പിടിക്കുന്ന യുവതിയോട് കൈ ചൂണ്ടി അമ്മൂമ്മ വീഡിയോയിൽ പറയുന്നുണ്ട്.

"അപ്പൊ ആവുന്ന കാലത്ത് പോയി കാണണം. അതാണ് വേണ്ടത്. ഞാനൊക്കെ പോയിട്ട്, വയസായവർക്ക് കയറാൻ കഴിയില്ല, കഴിയുമോ? കുത്തിപ്പറങ്ങി ആണ് ഒരാള് പോണത്, അതും ആവതില്ലാതെ. അയ്യോ, അനക്ക്(എനിക്ക്) കയ്യുന്ന(കഴിയുന്ന) കാലത്ത് പോയിരുന്നെങ്കി എനിക്ക് കാണായിരുന്ന് എന്ന ആഗ്രഹമുണ്ടാവൂല്ലേ? ഇപ്പൊ അനക്ക്(എനിക്ക്) അത് തോന്ന്‌ന്ന്- കയ്യുന്ന കാലത്ത് പോയിരുന്നെങ്കിൽ ഭഗവാനെ കണ്ട് തൊഴാരുന്ന്. നിങ്ങക്ക് ഇപ്പൊ പോകണ്ട ഒരു സമയത്ത് തോന്നുന്നെങ്കിൽ പോണം കാണണം."- മുത്തശ്ശി ശക്തമായിത്തന്നെ തന്റെ നിലപാട് പറയുന്നു.

Read More >>