സുഹൃത്തിന്റെ ചതി: കുവൈറ്റിൽ തടവിലാക്കപ്പെട്ട റാഷിദ് തിരികെയെത്തി; വരവേറ്റത് ബാപ്പയുടെ ഖബറിടം

ലഹരിമരുന്നാണെന്നറിയാതെ റാഷിദ് പായ്ക്കറ്റ് ഭദ്രമായി ലഗേജിൽ വയ്ക്കുകയായിരുന്നു.

സുഹൃത്തിന്റെ ചതി: കുവൈറ്റിൽ തടവിലാക്കപ്പെട്ട റാഷിദ് തിരികെയെത്തി; വരവേറ്റത് ബാപ്പയുടെ ഖബറിടം

സുഹൃത്തിന്റെ ചതിയിൽ കുടുങ്ങി കുവൈത്ത് ജയിലിലായ മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദ് ജയിൽമോചിതനായി നാട്ടിലെത്തി. പുണ്യറമസാനിൽ പ്രിയപ്പെട്ടവരുടെ അടുക്കലേക്കു തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിനിടയിലും തന്റെ മോചനത്തിനായി കണ്ണീരോടെ കാത്തിരുന്ന പിതാവിന്റെ വേർപാട് റാഷിദിനു വിങ്ങലായി. കുവൈത്ത് അബ്ബാസിയയിൽ ഇന്റർനെറ്റ് കഫെ ജീവനക്കാരനായ റാഷിദ് 2014 ജൂൺ 25നു രാത്രി അവധി കഴിഞ്ഞു മടങ്ങുമ്പോഴാണു ലഗേജിൽ ലഹരിമരുന്നുമായി കുവൈത്ത് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.

റാഷിദിനോടു കുവൈത്തിലുള്ള സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് തന്റെ പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പായ്ക്കറ്റ് വാങ്ങിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കു മാട്ടൂലിൽ പോയി പായ്ക്കറ്റ് വാങ്ങാൻ സമയമുണ്ടാകില്ലെന്നു റാഷിദ് പറഞ്ഞതിനെ തുടർന്ന് ഒരു അപരിചിതൻ കാഞ്ഞങ്ങാട്ട് വന്നു പായ്ക്കറ്റ് റാഷിദിനെ ഏൽപിച്ചു. ലഹരിമരുന്നാണെന്നറിയാതെ റാഷിദ് പായ്ക്കറ്റ് ഭദ്രമായി ലഗേജിൽ വയ്ക്കുകയായിരുന്നു.

ലഹരിമരുന്നു കൈവശം വച്ചതിനു കോടതി റാഷിദിനു 10ലക്ഷം രൂപ പിഴയും അഞ്ചുവർഷം തടവും വിധിച്ചു. അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. റാഷിദിന്റെ മോചനത്തിനായി വീട്ടുകാരും നാട്ടുകാരും കുവൈത്തിലെ സുഹൃത്തുക്കളും കഠിനശ്രമത്തിലായിരുന്നു. ജനകീയ സമിതി രൂപീകരിക്കുകയും കേസ് നടത്താൻ അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കുവൈത്ത് രാജാവ് റാഷിദിന്റെ ശിക്ഷ കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്തിൽ നിന്നു മുംബൈക്കു റാഷിദിനെ വിമാനം കയറ്റി വിട്ടത്.

അവിടെ നിന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തി. റാഷിദിന്റെ പിതാവ് അബൂബക്കർ 2016 മാർച്ചിലാണ് മരിച്ചത്. കണ്ണീരോടെ കാത്തിരിക്കുകയായിരുന്ന ഉമ്മ കുഞ്ഞായിസക്കും സഹോദരി റാഷിദയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ദുഃഖത്തിലും ആനന്ദത്തിലും കുതിർന്നൊരു പെരുന്നാളാണ് ഇക്കുറി റാഷിദിന്.

Read More >>