'ഏത് നാട്ടിലെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്?ഒരു വര്‍ഷം കൊണ്ട് ഒന്നും നേടിയില്ല'; പിണറായി സര്‍ക്കാരിനെ അടിമുടി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

കൊട്ടിഘോഷിക്കുന്നതുപോലെ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാരിനായില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ തുടര്‍ച്ചയാണ് ഇടതുസര്‍ക്കാര്‍ നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഏത് നാട്ടിലെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്?ഒരു വര്‍ഷം കൊണ്ട് ഒന്നും നേടിയില്ല; പിണറായി സര്‍ക്കാരിനെ അടിമുടി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ഒന്നാംവാര്‍ഷികമാഘോഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊട്ടിഘോഷിക്കുന്നതുപോലെ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ സര്‍ക്കാരിനായില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ തുടര്‍ച്ചയാണ് ഇടതുസര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുത്തരവാദിത്തമില്ലാത്ത സര്‍ക്കാരിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഒരുവര്‍ഷത്തെ ഭരണംകൊണ്ട് സര്‍ക്കാര്‍ ഒന്നും നേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് നാട്ടിലെ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സ്റ്റാറ്റസ്‌കോ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇനി ഇടതുമുന്നണി 2027 ല്‍ മാത്രമേ അധികാരത്തില്‍ വരൂ എന്ന് മുഖ്യമന്ത്രിതന്നെ സമ്മതിക്കുന്നു. വികസനമുണ്ടായി എന്ന് പറയുന്ന മേഖലകളിലൊന്നും യഥാര്‍ത്ഥത്തില്‍ വികസനമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വികസനമുണ്ടായി എന്ന് പറയുന്ന കയര്‍മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. കയറുല്‍പ്പനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ കയര്‍ഫെഡ് വാങ്ങുന്നില്ല. ആധുനികവല്‍ക്കരണത്തിനെതിരേ സമരം നടത്തിയവര്‍ അധികാരത്തിലിരിക്കുമ്പോള്‍ കയര്‍ മേഖല സ്തംഭിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കശുവണ്ടി മേഖല ഉയര്‍ത്തെഴുന്നേറ്റു എന്നു പറയുന്നത് വാസ്തവവിരുദ്ധമാണ്. എഴുനൂറില്‍പ്പരം സ്വകാര്യ കമ്പനികളും സര്‍ക്കാരിനുകീഴിലെ 40 ഫാക്ടറികളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കാപ്പക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും ഫാക്ടറികള്‍ കുറച്ചുദിവസത്തേക്ക് പ്രവര്‍ത്തിച്ചു എന്നേയുള്ളൂവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിക്കേസിലെ പ്രതിക്ക് കാബിനറ്റ് പദവി നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 32 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ 3 ലക്ഷം പേരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ച് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണ് ചെയ്തത്. പശ്ചാത്തലവികസനം എന്നൊന്ന് ഈ നാട്ടിലുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആവര്‍ത്തിച്ചു പറയുന്ന കിഫ്ബി ഉണ്ടയില്ലാ വെടിയാണ്. ഇത് പൊള്ളത്തരമാണ്. ജിഎസ്ടിയില്‍ നിന്ന് കിട്ടുമെന്ന് കരുതിയത് ഇല്ലാതായി എന്നാണ് ധനമന്ത്രി പറയുന്നത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി കിഫ്ബി അവസാനിക്കുന്നുവെന്നും ഇത് നടപ്പാകാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ചെന്നിത്തല പറഞ്ഞു.

തലസ്ഥാനം ഡെങ്കിപനിയുടെ പിടിയിലായത് നല്ല രീതിയില്‍ ശുചീകരണം നടക്കുന്നില്ലെന്നതിന് തെളിവാണ്. ഫലപ്രദമായ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. നാടും നഗരവും പനികൊണ്ട് വിറയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റേഷന്‍ കാര്‍ഡിന് വിലകൂട്ടി, വിതരണം നടന്നുമില്ല. റേഷന്‍ വിതരണം പൂര്‍ണമായി അവതാളത്തിലായി. അരി, പഞ്ചസാര, ഗോതമ്പ്, മൈദ തുടങ്ങിയവ ലഭ്യമല്ല. എഫ്‌സിഐ ഗോഡൗണുകളിലെ അരിപോലും വിതരണം ചെയ്യാനായിട്ടില്ല. കാര്യക്ഷമത ഇല്ലായ്മയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.